ഇന്ത്യൻ സംഗീതത്തിന്റെ വാനമ്പാടി ലതാ മങ്കേഷ്കർ വിടവാങ്ങി

0 0
Read Time:5 Minute, 28 Second

ഇന്ത്യൻ സംഗീതത്തിന്റെ വാനമ്പാടി ലതാ മങ്കേഷ്കർ
വിടവാങ്ങി

മുംബൈ: ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കര്‍ അന്തരിച്ചു. കോവിഡ് ബാധയെ തുടര്‍ന്ന് ആഴ്ചകളായി മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ശനിയാഴ്ച ഉച്ചയോടെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. 

10 ദിവസത്തിനു ശേഷം കോവിഡ് ഐസിയുവില്‍ നിന്നു സാധാരണ ഐസിയുവിലേക്കു മാറ്റി. എന്നാല്‍ ഇന്ന് ആരോഗ്യനില വീണ്ടും വഷളാവുകയായിരുന്നെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

1942-ല്‍ തന്റെ 13-ാം വയസ്സിലാണ് ലത ഗാനരംഗത്തേക്ക് വരുന്നത്. വിവിധ ഭാഷകളിലായി ആയിരക്കണക്കിനു ഗാനങ്ങള്‍ ഇവര്‍ പാടിയിട്ടുണ്ട്. പത്മ അവാര്‍ഡുകളും ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.

1929 സെപ്റ്റംബര്‍ 28ന് മധ്യപ്രദേശിലാണ് ലതാ മങ്കേഷ്‌കറുടെ ജനനം. സംഗീതജ്ഞനും നാടകനടനുമായ ദീനാനാഥ് മങ്കേഷ്‌കറുടെയും ശിവന്തിയുടെയും 5 മക്കളില്‍ മൂത്തയാള്‍. ഗോവയിലെ മങ്കേഷിയില്‍ നിന്ന് ഇന്‍ഡോറിലേക്കു കുടിയേറിയ മഹാരാഷ്ട്രീയന്‍ കുടുംബം. ഹരിദ്കര്‍ എന്ന പേര് ജന്‍മനാടിന്റെ ഓര്‍മയ്ക്കായി മങ്കേഷ്‌കര്‍ എന്ന് ദീനാനാഥ് മാറ്റുകയായിരുന്നു.ലത, മീന, ആശ, ഉഷ, ഹൃദയനാഥ് എന്നീ 5 മക്കളെയും അച്ഛന്‍ തന്നെയാണ് സംഗീതം അഭ്യസിപ്പിച്ചത്.

മറാഠി സിനിമയില്‍ ലത പാടിത്തുടങ്ങുന്നത് 13ാം വയസ്സിലാണ്. പിന്നണി ഗാനരംഗത്ത് ചുവടുറപ്പിക്കും മുന്‍പ് ഏതാനും ഹിന്ദി, മറാഠി ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. രണ്ടിടത്തും ഭാഗ്യം പരീക്ഷിച്ചെങ്കിലും സംഗീതമാണ് തന്റെ വഴിയെന്നു പിന്നീട് തിരിച്ചറിയുകയായിരുന്നു. അച്ഛന്റെ മരണശേഷം, കുടുംബസുഹൃത്തായ വിനായക് ദാമോദറാണ് ലതയെ കലാരംഗത്തു കൈപിടിച്ചുയര്‍ത്തിയത്. 1942ല്‍ കിതി ഹസാല്‍ എന്ന മറാഠി ചിത്രത്തില്‍ നാച്ചുയാഗഡേ, കേലു സാരി എന്നതായിരുന്നു ആദ്യഗാനം. എന്നാല്‍, ചിത്രം പുറത്തിറങ്ങിയപ്പോള്‍ ആ പാട്ട് ഒഴിവാക്കപ്പെട്ടു. പിറ്റേവര്‍ഷം ഗജാഭാവു എന്ന ചിത്രത്തില്‍ ആദ്യമായി ഹിന്ദിയില്‍ പാടി. 1945ലാണ് ലതാ മങ്കേഷ്‌കര്‍ മുംബൈയിലേക്കു താമസം മാറ്റി.

വിനായകിന്റെ അപ്രതീക്ഷിത മരണം അടുത്ത ദുരന്തമായി. സംഗീത സംവിധായകന്‍ ഗുലാം ൈഹദറാണ് പിന്നീട് മാര്‍ഗദര്‍ശിയായി മാറിയത്. ഇതോടെ, വീണ്ടും ചെറിയ അവസരങ്ങള്‍. സ്വരം മോശമാണെന്ന പേരില്‍ അവസരങ്ങള്‍ പലവട്ടം നഷ്ടപ്പെട്ടു; ചരിത്രത്തിന്റെ തമാശകളിലൊന്നായിരിക്കണം അത്. പക്ഷേ ഹൈദറിന് ഉറപ്പുണ്ടായിരുന്നു, ഈ സ്വരം ഒരുദിനം ഇന്ത്യ കീഴടക്കുമെന്ന്. അദ്ദേഹം സംഗീതമൊരുക്കിയ മജ്ബൂര്‍ എന്ന സിനിമയിലെ ഗാനം തന്നെ വഴിത്തിരിവായി. ലതയുടെ സ്വരം ഇന്ത്യ താല്‍പര്യത്തോടെ കേള്‍ക്കാന്‍ തുടങ്ങിയത് അന്നുമുതലാണ്.

പ്രമുഖ ഇന്ത്യന്‍ ഭാഷകളിലെല്ലാം പാടിയിട്ടുള്ള ലത മങ്കേഷ്‌കര്‍ മലയാളത്തില്‍ ഒരേയൊരു ഗാനമാണ് ആലപിച്ചിട്ടുള്ളത്. നെല്ല് എന്ന ചിത്രത്തില്‍ വയലാര്‍ എഴുതി സലില്‍ ചൗധരി ഈണം പകര്‍ന്ന ‘കദളി കണ്‍കദളി ചെങ്കദളി പൂ വേണോ… ‘ എന്ന പാട്ടാണ്

അറുപതുകളില്‍ 5 മറാഠി സിനിമകളുടെ സംഗീത സംവിധാനം നിര്‍വഹിച്ച ലത ഒരിക്കല്‍ മികച്ച സംഗീത സംവിധാനത്തിനുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍ പുരസ്‌കാരവും നേടിയിട്ടുണ്ട്. ഹിന്ദിയിലും മറാഠിയിലുമായി നാലു ചിത്രങ്ങളും നിര്‍മിച്ചു. 1948നും 1974നും മധ്യേ ലത 25,000 ഗാനങ്ങള്‍ പാടിയതായും ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ ആലപിച്ചയാളാണെന്നും ഗിന്നസ് ബുക് ഓഫ് റെക്കോര്‍ഡ്‌സ് രേഖപ്പെടുത്തിയെങ്കിലും അതിലേറെ ഗാനങ്ങള്‍ മുഹമ്മദ് റഫി പാടിയിട്ടുണ്ടെന്ന വാദം പിന്നാലെ ഉയര്‍ന്നു. പിന്നീട് പല കണക്കുകളും ഉയര്‍ന്നുവന്നെങ്കിലും പാട്ടുകളുടെ എണ്ണത്തിന്റെ കണക്ക് താന്‍ സൂക്ഷിച്ചിട്ടില്ലെന്ന് ലതാ മങ്കേഷ്‌കര്‍ തന്നെ വിശദീകരിക്കുകയും ചെയ്തിരുന്നു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!