കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സി.എം ഇബ്രാഹീം പാർട്ടി വിട്ടു.
ലെജിസ്ലേറ്റീവ് കൗൺസിലിലെ പ്രതിപക്ഷനേതാവ് സ്ഥാനം നിഷേധിച്ചതിനെ തുടർന്നാണ് അദ്ദേഹം രാജിവെച്ചത്.
കോൺഗ്രസ് തന്നെ അവഗണിച്ചെന്നും ഭാവി തീരുമാനങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.’
‘കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി എന്റെ മേലുണ്ടായിരുന്ന ഭാരത്തിൽ നിന്ന് എന്നെ മോചിപ്പിച്ചതിൽ സന്തോഷമുണ്ട്. ഇപ്പോൾ എനിക്ക് സ്വയം തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. സംസ്ഥാനത്തെ തന്റെ അഭ്യുദയകാംക്ഷികളുമായി സംസാരിച്ച ശേഷം എത്രയും പെട്ടെന്ന് ഭാവി തീരുമാനങ്ങൾ പ്രഖ്യപിക്കും”-സി.എം ഇബ്രാഹീം വ്യക്തമാക്കി.
എസ്.ആർ പാട്ടീലിന്റെ കാലാവധി പൂർത്തിയായതിനെ തുടർന്ന് ബി.കെ ഹരിപ്രസാദിനെ കഴിഞ്ഞ ദിവസമാണ് കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ പ്രതിപക്ഷ നേതാവായി കോൺഗ്രസ് തിരഞ്ഞെടുത്തത്. ”ബി.കെ ഹരിപ്രസാദ് തന്നെക്കാൾ ജൂനിയറായ നേതാവാണ്. എനിക്കെങ്ങനെ അദ്ദേഹത്തിന് കീഴിൽ പ്രവർത്തിക്കാനാവും? ”-സി.എം ഇബ്രാഹീം ചോദിച്ചു.
1996ൽ ദേവഗൗഡ മന്ത്രിസഭയിൽ സിവിൽ ഏവിയേഷന്റെയും ടൂറിസത്തിന്റെയും ചുമതലയുള്ള മന്ത്രിയായിരുന്നു സി.എം ഇബ്രാഹീം. 2008 ലാണ് അദ്ദേഹം ജനതാദൾ വിട്ട് കോൺഗ്രസിൽ ചേർന്നത്.