മംഗളൂരു – കണ്ണൂർ മെമു സർവീസ് നാളെ മുതൽ; രാവിലെ 7.40നാണ് കണ്ണൂരിൽ നിന്നുള്ള ആദ്യ സർവീസ്
കണ്ണൂർ ∙ കാത്തിരിപ്പിനൊടുവിൽ മംഗളൂരുവിലേക്കുള്ള മെമു (മെയിൻ ലൈൻ ഇലക്ട്രിക്കൽ മൾട്ടിപ്പിൾ യൂണിറ്റ്) സർവീസ് നാളെ തുടങ്ങും. പഴയ മംഗളൂരു പാസഞ്ചറിനു പകരമാണ് മെമു ഓടിക്കുന്നത്. ഇതിനായി ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്ന് അത്യാധുനിക മെമു റേക്കുകൾ പാലക്കാട് എത്തിച്ചു.
ഇന്നു രാത്രിയോടെ കണ്ണൂരിൽ എത്തും. നാളെ രാവിലെ 7.40നാണ് കണ്ണൂരിൽ നിന്നുള്ള ആദ്യ സർവീസ്. നിലവിൽ കണ്ണൂർ –മംഗളൂരു ട്രെയിൻ സർവീസ് നടത്തുന്നതുപോലെ അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ ആയാണ് മെമുവും സർവീസ് നടത്തുക.
കണ്ണൂരിനും മംഗളൂരുവിനും ഇടയിൽ മെമു സർവീസ് തുടങ്ങുന്നത് കൂടുതൽ ട്രെയിനുകൾ മെമു റേക്കിലേക്കു മാറുന്നതിനു വഴിയൊരുക്കും. 3 ഫെയ്സ് മെമു റേക്കുകളുടെ അറ്റകുറ്റപ്പണിക്കുള്ള സൗകര്യം ഡിവിഷനിൽ പാലക്കാട് മാത്രമാണ് നിലവിലുള്ളത്.
അതുകൊണ്ടുതന്നെ ആഴ്ചയിൽ ഒരിക്കൽ റേക്കുകൾ പാലക്കാട്ടെ മെമു കാർ ഷെഡിൽ എത്തിച്ച് പരിശോധനകൾ നടത്തേണ്ടതുണ്ട്. പാലക്കാട്ടേക്കുള്ള ഈ ഓട്ടം മറ്റൊരു ട്രെയിൻ സർവീസായി മാറ്റാനാണ് റെയിൽവേ ആലോചിക്കുന്നത്.
രാവിലെ 5.45നു കണ്ണൂരിൽ നിന്നു പുറപ്പെട്ടിരുന്ന കോയമ്പത്തൂർ പാസഞ്ചറിന്റെ സമയത്ത് അൺറിസർവ്ഡ് സ്പെഷൽ എക്സ്പ്രസായി മെമു ഓടിച്ചാൽ റേക്കുകൾ പാലക്കാട്ട് എത്തിച്ച് അറ്റകുറ്റപ്പണികൾ നടത്താൻ സാധിക്കും.
ഇതിനായി മറ്റൊരു മെമു റേക്ക് കൂടി ഒരാഴ്ചയ്ക്കകം പാലക്കാട്ട് എത്തുമെന്നാണ് റെയിൽവേ പ്രതീക്ഷിക്കുന്നത്.നേരത്തേ പാസഞ്ചറുകൾ സർവീസ് നടത്തിയിരുന്ന സമയങ്ങളിലെല്ലാം ഭാവിയിൽ മെമു റേക്കുകൾ ഉപയോഗിച്ചായിരിക്കും സർവീസ് നടത്തുക.
മെമു റേക്കുകൾ എത്തുന്നതോടെ സർവീസുകളുടെ എണ്ണം ആവശ്യമെങ്കിൽ വർധിപ്പിക്കാനും സാധിക്കും. സാധാരണ ട്രെയിനുകളിൽ ഒരേ സമയം രണ്ടു ലോക്കോ പൈലറ്റുമാർ വേണമെന്നിരിക്കെ മെമുവിൽ ഒരു ലോക്കോ പൈലറ്റ് മാത്രം മതി.
മംഗളൂരുപോലുള്ള തിരക്കേറിയ സ്റ്റേഷനുകളിൽ ഷണ്ടിങ്ങിനായി ഒരു റെയിൽവേ ലൈൻ ഉപയോഗിക്കേണ്ടി വരുന്നതും ഒഴിവാക്കാം. ഓട്ടം തുടങ്ങിയാൽ പെട്ടന്നുതന്നെ വേഗം കൂട്ടാനും കുറയ്ക്കാനും നിർത്താനും സാധിക്കുമെന്നതും നേട്ടമാണ്.
റീജെനറേറ്റീവ് ബ്രേക്കിങ് സിസ്റ്റമായതിനാൽ ഊർജ ഉപയോഗവും പരിമിതമാണ്.കൂടുതൽപ്പേർക്ക് യാത്ര ചെയ്യാം,കൂടുതൽ സൗകര്യങ്ങൾസാധാരണ കോച്ചുകളിൽ 105 പേർക്ക് വീതമാണ് ഇരുന്നു യാത്ര ചെയ്യാൻ സാധിക്കുന്നത്.
12 കോച്ചുകളിലായി 1260 പേർക്ക് ഇരിക്കാം. പഴയ കോച്ചുകളിൽ വായുസഞ്ചാരം കുറവായതിനാൽ കൂടുതൽപ്പേർക്ക് നിന്നു യാത്ര ചെയ്യാൻ പ്രയാസമാണ്.
3 ഫേസ് മെമു കോച്ചുകളിൽ ആയിരത്തോളം പേർക്ക് ഇരുന്നും രണ്ടായിരത്തി അറുന്നൂറോളം പേർക്ക് നിന്നും യാത്ര ചെയ്യാൻ സാധിക്കും.
മൂവായിരത്തി അറുന്നൂറോളം പേർക്ക് സുഖമായി ഒരേ സമയം സഞ്ചരിക്കാമെന്നത് ട്രെയിൻ സർവീസുകൾ കുറവുള്ള കണ്ണൂർ–മംഗളൂരു പാതയിൽ വലിയ അനുഗ്രഹമാകും.
കൂടുതൽ സുരക്ഷ, കോച്ചുകളിൽ സിസി ടിവി സംവിധാനം, എൽഇഡി ലൈറ്റുകൾ, മെട്രോ ട്രെയിനുകളിൽ എന്നപോലെ സ്റ്റേഷനുകളുടെ വിവരങ്ങൾ എഴുതിക്കാണിക്കാനുള്ള ഡിജിറ്റൽ ഡിസ്പ്ലേ ബോർഡുകൾ, ചാരി ഇരുന്ന് യാത്ര ചെയ്യാനുള്ള സൗകര്യം എന്നിവ യാത്ര കൂടുതൽ സൗകര്യപ്രദമാക്കും
മംഗളൂരു – കണ്ണൂർ മെമു സർവീസ് നാളെ മുതൽ; രാവിലെ 7.40നാണ് കണ്ണൂരിൽ നിന്നുള്ള ആദ്യ സർവീസ്
Read Time:5 Minute, 3 Second