‘അന്വേഷണ ഉദ്യോഗസ്ഥരെ ലോറിയിടിച്ച് കൊല്ലാൻ ശ്രമം’, ദിലീപിനെതിരെ പുതിയ ജാമ്യമില്ലാ കേസ്
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെതിരെ പുതിയ കേസ് റജിസ്റ്റർ ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ശ്രമിച്ചുവെന്ന് വ്യക്തമാക്കി സംവിധായകൻ ബാലചന്ദ്രകുമാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ കേസ്. ക്രൈംബ്രാഞ്ചാണ് ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. അന്വേഷണസംഘത്തിലുള്ള ചിലരെയും പ്രതിപ്പട്ടികയിലുള്ള ചിലരെയും ദിലീപ് ലോറിയിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചുവെന്നാണ് സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്.
ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാമെന്ന് പൊലീസിന് നിയമോപദേശം കിട്ടിയിരുന്നു. ദിലീപിനെയും കേസിലെ മുഖ്യപ്രതി പൾസർ സുനി എന്ന് വിളിക്കപ്പെടുന്ന സുനിൽ കുമാറിനെയും വീണ്ടും അന്വേഷണസംഘം ചോദ്യം ചെയ്യാനൊരുങ്ങുകയാണ്. ജയിലിലുള്ള പ്രതികളെ ചോദ്യം ചെയ്യാന്‍ അനുമതി തേടി ഉടന്‍ കോടതിയില്‍ അപേക്ഷ നല്‍കും. കോടതി നിര്‍ദേശമനുസരിച്ചാകും അന്വേഷണം മുന്നോട്ട് കൊണ്ടുപോകുകയെന്ന് ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എസ്. ശ്രീജിത്ത് വ്യക്തമാക്കി.
ബാലചന്ദ്ര കുമാറിനെ രണ്ട് വട്ടം ചോദ്യം ചെയ്തതതിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യൽ. ബുധനാഴ്ച ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തും. ഇതിന് ശേഷമാകും ദിലീപിനെ ചോദ്യം ചെയ്യുക.