വാർഷിക പദ്ധതി വിഹിതം ; ഫണ്ട് വിനിയോഗത്തിൽ ഏറ്റവും കുറവ് മംഗൽപാടി പഞ്ചായത്ത്
ബ്ലോക്ക് അടിസ്ഥാനത്തിൽ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്താണ് ഏറ്റവും പിന്നിൽ
കാസറഗോഡ്: വാർഷിക പദ്ധതികളുടെ കാലാവധി അവസാനിക്കാൻ നാലു മാസത്തിൽ താഴെ മാത്രം സമയം അവശേഷിക്കെ ഫണ്ട് വിനിയോഗത്തിൽ കാസറഗോഡ് ജില്ല വളരെ പിന്നിൽ.
ഇതുവരെ ആകെ ചെലവഴിച്ചത് 30% ൽ താഴെ തുക മാത്രമാണ്.
സംസ്ഥാനത്ത് മൂന്ന് ജില്ലകൾ മാത്രമാണ് പദ്ധതി വിനിയോഗത്തിൽ കാസർകോടിന് പിന്നിലുള്ളത്. സംസ്ഥാന ശരാശരിയേക്കാൾ താഴെയാണ് ജില്ല. അതിനാൽ അടുത്ത മൂന്ന് മാസത്തോളം വളരെ കാര്യക്ഷമമായി ഇടപെട്ടാൽ മാത്രമേ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയൂ.
കാസർകോട് ജില്ലയിലെ ഒരു ഗ്രാമ പഞ്ചായത്ത് പോലും പദ്ധതിയുടെ 50% ഫണ്ട് വിനിയോഗിച്ചില്ല. ബ്ലോക്ക് പഞ്ചായത്തുകളുടെയും സ്ഥിതിയും ഇതുതന്നെയാണ്. 20.99ശതമാനം മാത്രമാണ് ജില്ലാപഞ്ചായത്ത് ചെലവഴിച്ചത്.
ത്രിതല പഞ്ചായത്തുകളും നഗരസഭകളും ഉൾപ്പെടെ തദ്ദേശസ്ഥാപനങ്ങൾ മാർച്ച് 31നകം ചിലവഴിക്കാൻ അനുവദിച്ച തുക 255.8 കോടി രൂപയായിരുന്നു. ഇനി ശേഷിക്കുന്ന സമയത്തിനുള്ളിൽ 180.13 കോടി ചെലവഴിക്കണം. ഇതിനായി അത്ഭുതങ്ങൾ സംഭവിക്കേണ്ട വരും.
ഈ മാസം ഏഴിന് രാത്രി വരെയുള്ള കണക്കുകൾ പ്രകാരം ഒരു പഞ്ചായത്ത് പോലും പദ്ധതി വിഹിതത്തിന് 50% കടന്നിട്ടില്ല.48% വരെ ചിലവഴിച്ച പഞ്ചായത്തുകൾ കാസറഗോഡ് തന്നെ ഉണ്ടായിരിക്കെ 17.49 ശതമാനം ചെലവഴിച്ച മംഗൽപാടി ഗ്രാമ പഞ്ചായത്താണ് ഏറ്റവും പിറകിൽ. കഴിഞ്ഞ തവണയും മംഗൽപ്പാടി പഞ്ചായത്ത് പിറകിൽ തന്നെയായിരുന്നു. ബ്ലോക്ക് പഞ്ചായത്തുകളുടെ കൂട്ടത്തിൽ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ആണ് ഏറ്റവും പിറകിൽ. ചെലവഴിച്ചത് 12.6 7% മാത്രം.