സി മുഹമ്മദ് ഫൈസി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ
തിരുവനന്തപുരം: സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി സി മുഹമ്മദ് ഫൈസിയെ വീണ്ടും തിരഞ്ഞെടുത്തു.
കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ചേര്‍ന്ന പുതിയ ഹജ്ജ് കമ്മിറ്റിയുടെ ആദ്യ യോഗമാണ് ചെയര്‍മാനെ തിരഞ്ഞെടുത്തത്. തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് പ്രിസൈഡിങ് ഓഫീസര്‍ ഗവണ്മെന്റ് അഡിഷണല്‍ സെക്രട്ടറി ഷൈന്‍ എ ഹഖ് നേതൃത്വം നല്‍കി. സി മുഹമ്മദ് ഫൈസി ചെയര്‍മാനായ കഴിഞ്ഞ കമ്മിറ്റിയുടെ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ ഹജ്ജ് കമ്മിറ്റി പുനസ്സംഘടിപ്പിച്ച് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
2018 ആഗസ്റ്റ് മുതല്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ പദവി വഹിക്കുന്ന സി മുഹമ്മദ് ഫൈസി കേരളത്തിലെ ധിഷണാശാലിയായ പണ്ഡിത പ്രബോധകരിലൊരാളാണ്. പ്രഭാഷകന്‍, ചിന്തകന്‍, എഴുത്തുകാരന്‍, സാമൂഹിക സമുദ്ധാരകന്‍ എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ സേവനങ്ങളാണ് അദ്ദേഹം നല്‍കിക്കൊണ്ടിരിക്കുന്നത്. മത മീമാംസയിലെ അഗാധ ജ്ഞാനത്തോടൊപ്പം മികവൊത്ത പ്രഭാഷണ ശൈലി, സ്ഫുടമായ രചനാ വൈഭവം, ചിട്ടയാര്‍ന്ന പ്രവര്‍ത്തനം തുടങ്ങി ഒട്ടേറെ വിശേഷണങ്ങള്‍ കൊണ്ട് സമകാലിക പണ്ഡിതര്‍ക്കിടയിലെ ശ്രദ്ധേയ സാന്നിധ്യമാണ്.2018 ആഗസ്റ്റ് മുതല്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ പദവി വഹിക്കുന്ന സി മുഹമ്മദ് ഫൈസി കേരളത്തിലെ ധിഷണാശാലിയായ പണ്ഡിത പ്രബോധകരിലൊരാളാണ്. പ്രഭാഷകന്‍, ചിന്തകന്‍, എഴുത്തുകാരന്‍, സാമൂഹിക സമുദ്ധാരകന്‍ എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ സേവനങ്ങളാണ് അദ്ദേഹം നല്‍കിക്കൊണ്ടിരിക്കുന്നത്. മത മീമാംസയിലെ അഗാത ജ്ഞാനത്തോടൊപ്പം മികവൊത്ത പ്രഭാഷണ ശൈലി, സ്ഫുടമായ രചനാ വൈഭവം, ചിട്ടയാര്‍ന്ന പ്രവര്‍ത്തനം തുടങ്ങി ഒട്ടേറെ വിശേഷണങ്ങള്‍ കൊണ്ട് സമകാലിക പണ്ഡിതര്‍ക്കിടയിലെ ശ്രദ്ധേയ സാന്നിധ്യമാണ്.
കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റ്, മര്‍കസു സഖാഫത്തി സുന്നിയ്യ ജനറല്‍ മാനേജര്‍, ഇസ്ലാമിക് എജ്യുക്കേഷണല്‍ ബോര്‍ഡ് ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് അംഗം, ജാമിഅ മര്‍കസ് സീനിയര്‍ പ്രൊഫസര്‍, ഐഡിയല്‍ അസോസിയേഷന്‍ ഫോര്‍ മൈനോരിറ്റി എജ്യുക്കേഷന്‍ ബോര്‍ഡ് അംഗം, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ (കൂടിയാലോചനാ സമിതി) അംഗം, സിറാജ് ദിനപത്രം പബ്ലിഷര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. കേരള സംസ്ഥാന വഖ്ഫ് ബോര്‍ഡ് മുന്‍ അംഗമാണ്.
ജാമിഅ നൂരിയ്യ, ഫൈസാബാദ്, മലപ്പുറം മൗലവി ഫാളില്‍ ഫൈസി, ഈജിപ്തിലെ കൈറോ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് പ്രോഗ്രാം ഫോര്‍ ലീഡര്‍ഷിപ്പ് ആന്‍ഡ് ഇസ്ലാമിക് പ്രൊപോഗേഷന്‍, ഉറുദു ഭാഷ, സാഹിത്യത്തില്‍ പി ജി ബിരുദം, അറബിക് ഭാഷ, സാഹിത്യത്തില്‍ ബിരുദം, അറബിക്, ഉറുദു ഭാഷകളില്‍ ഡിപ്ലോമ നേടിയിട്ടുണ്ട്. മലയാളം, അറബിക്, ഇംഗ്ലീഷ്, ഹിന്ദി, ഉറുദു ഭാഷകളില്‍ പരിജ്ഞാനം നേടി.
ഈജിപ്തിലെ കൈറോയില്‍ നടന്ന അല്‍ അസ്ഹര്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ്, ജോര്‍ദാനിലെ അമ്മാനില്‍ നടന്ന ഇന്റര്‍നാഷണല്‍ ഇസ്ലാമിക് കോണ്‍ഫറന്‍സ്, ദുബൈ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് പ്രോഗ്രാം, മലേഷ്യയില്‍ സംഘടിപ്പിക്കപ്പെട്ട ദി ജ്യുവല്‍സ് ഓഫ് മുസ്ലിം വേള്‍ഡ് അവാര്‍ഡ് സെറിമണി, ഇന്റര്‍നാഷണല്‍ മീലാദ് കോണ്‍ഫറന്‍സ്, ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ദേശീയ അന്തര്‍ദേശീയ പരിപാടികള്‍ തുടങ്ങിയവയില്‍ സംബന്ധിച്ചു. 2015ലെ റംസാന്‍ കാലത്ത് യു എ ഇ ഭരണാധികാരി ശൈഖ് ഖലീഫ ബിന്‍ സായിദിന്റെ പ്രത്യേക അതിഥിയായി. സഊദി അറേബ്യ, ഖത്തര്‍, യു എ ഇ, ഒമാന്‍, കുവൈത്ത്, ജോര്‍ദാന്‍, ഈജിപ്ത്, മലേഷ്യ, ബഹ്‌റൈന്‍, ചെച്‌നിയ, ഫലസ്തീന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.
മുഖ്യധാരാ പത്രങ്ങളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. ഖുര്‍ആന്‍, ഹദീസ്, ചരിത്രം, ഫിലോസഫി, ഇസ്ലാമിക ശരീഅത്ത്, വിദ്യാഭ്യാസം, സാമൂഹിക സേവനം തുടങ്ങി വ്യത്യസ്ത വിഷയങ്ങളിലായി നൂറിലധികം പ്രഭാഷണങ്ങള്‍ നിര്‍വഹിച്ചിട്ടുണ്ട്.