ദുബായ് : കോവിഡ് വാക്സിനേഷൻ വ്യാപകമാക്കിയും പ്രതിരോധ മാർഗങ്ങൾ ശക്തമാക്കിയും യുഎഇ സ്വീകരിച്ച നടപടികൾ ഫലം കണ്ടുതുടങ്ങി . പ്രത്യേകിച്ച് ദുബായിൽ വിവിധ മേഖലകളിലാണ് ഉണർവ് പ്രകടമായത് . കോവിഡിന് മുൻപുള്ള കാലത്തേക്ക് വളരെ വേഗം ദുബായ് മുന്നേറുന്നതിന്റെ കാഴ്ചകളാണ് എങ്ങും . ഓണം , ബലിപെരുന്നാൾ ദിനങ്ങളിൽ റീടെയ്ൽ വിപണിയിൽ ചലനം കണ്ടു തുടങ്ങിയിരുന്നു . സ്കൂളിൽ തുറന്നതും വിപണി സജീവമാക്കി . യുഎഇ കൂടുതൽ യാത്രാ ഇളവുകൾ പ്രഖ്യാപിച്ചതും എക്സ്പോ അടുത്തതും ഇതിന്റെ ഗതിവേഗം വർധിപ്പിക്കുകയാണ് . ഏറ്റവും സുരക്ഷിത ഇടമെന്ന നിലയിലേക്ക് ദുബായിയുടെ പ്രതിഛായ മാറിയതും കാര്യങ്ങൾ എളുപ്പമാക്കി .
ശുഭസൂചനകളുടെ കണക്കുകൾ കഴിഞ്ഞ വർഷത്തെക്കാൾ ഇക്കൊല്ലം കൂടുതൽ വിദേശികൾ ദുബായിൽ എത്തിയതായും കണക്കുകൾ വ്യക്തമാക്കുന്നു . ജനുവരി മുതൽ ജൂലൈ വരെ 2.85 ദശലക്ഷം പേർ നഗരത്തിലെത്തിയതായി ടൂറിസം ആൻഡ് കൊമേഴ്സ് മാർക്കറ്റിങ് അധികൃതർ ചൂണ്ടിക്കാട്ടുന്നു . ആഭ്യന്തര യാത്രകൾ വർധിച്ചതിനൊപ്പം വാരാന്ത്യങ്ങളിൽ രാത്രി ഹോട്ടലുകളിലും റിസോർട്ടുകളിലും മറ്റും തങ്ങുന്നവരുടെ എണ്ണവും കൂടി . ദുബായിൽ ആകെ 61 % ഹോട്ടൽ മുറികൾ ഇക്കാലയളവിൽ താമസക്കാർ ഉപയോഗിച്ചു . ഹോട്ടൽ വരുമാനത്തിലും വർധന ഇവിടെ ആകെ 718 ഹോട്ടലുകളിലായി 1,29,318 മുറികളാണുള്ളത് . കഴിഞ്ഞ വർഷം വാടകയിനങ്ങളിൽ ലഭിച്ച 10.74 ദശലക്ഷം ദിർഹത്തിന്റെ സ്ഥാനത്ത് ജൂലൈ വരെ 16.34 ദശലക്ഷം ലഭിച്ചു . ഇതെല്ലാം ശുഭ സൂചനകളാണെന്ന് ഈ മേഖലയിലുള്ളവർ വ്യക്തമാക്കുന്നു .
റിയൽ എസ്റ്റേറ്റ് രംഗത്തും വിലകൂടി ഒപ്പം റിയൽ എസ്റ്റേറ്റ് രംഗത്തും ദുബായിൽ ഉണർവുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു . അറേബ്യൻ റാഞ്ചസ് , ജുമൈറ ഐലൻഡ്സ് , ദുബായ് ഹിൽസ് എസ്റ്റേറ്റ് , ദ് ലേക്സ് എന്നിവിടങ്ങളിൽ വില്ലകളുടെ വിലയിൽ കാര്യമായ വർധനയുണ്ടായി . അറേബ്യൻ റാഞ്ചസിൽ 22 % വില വർധിച്ചു . വിൽപനയുടെ കാര്യത്തിലും 49 % വർധനയാണ് ഓഗസ്റ്റിലുണ്ടായത് .
പാം ജുമൈറ , ജുമൈറ ബീച്ച് റസിഡൻസ് , അൽ ഫുർജാൻ , അൽ ഖെയ്തൽ ഹൈറ്റ്സ് എന്നിവിടങ്ങളിലാണ് അപ്പാർട്മെന്റുകൾ കൂടുതലായി വിറ്റുപോയത് .