തിരുവനന്തപുരം ∙ വനിതാ മത്സ്യവിൽപന തൊഴിലാളികൾക്കു കെഎസ്ആര്‍ടിസിയുടെ സൗജന്യ ബസ് സര്‍വീസായ ‘സമുദ്ര’യ്ക്ക് സംസ്ഥാനത്തു തുടക്കമായി. മത്സ്യബന്ധന തുറമുഖങ്ങളില്‍നിന്നു തലസ്ഥാനത്തെ വിവിധ കച്ചവട കേന്ദ്രങ്ങളിലേക്കുള്ള ബസ് സര്‍വീസ് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്തു.മത്സ്യത്തൊഴിലാളികള്‍ സന്തോഷം പ്രകടിപ്പിച്ചു. മീനുമായി മാര്‍ക്കറ്റുകളിലേക്ക് എത്താന്‍ മത്സ്യതൊഴിലാളി സ്ത്രീകള്‍ക്ക് ഇനി അലയേണ്ടതില്ല. ഓട്ടോറിക്ഷകള്‍ക്ക് ഭീമമായ കൂലിയും കൊടുക്കേണ്ട. വിഴിഞ്ഞത്ത് നിന്നുള്ളപ്പെടെ നഗരങ്ങളിലെ കച്ചവട കേന്ദ്രങ്ങളിലേക്ക് എത്താന്‍ രാവിലെ ആറു മുതല്‍ രാത്രി പത്തു വരെയുള്ള സമയത്താണ് ബസുകള്‍.
മൂന്നു ബസുകളാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് ആരംഭിച്ചത്. ഒരു ബസില്‍ 24 പേര്‍ക്ക് യാത്ര ചെയ്യാം. മീൻകൊട്ടകള് പുറത്തുനിന്നു ലോഡ് ചെയ്യാനുള്ള സൗകര്യം ബസിനുണ്ട്. മീൻ സൂക്ഷിക്കാന്‍ പ്രത്യേകം സ്ഥലവുമുണ്ട്. ഫിഷറീസ് വകുപ്പിന് 72 ലക്ഷം രൂപ ചെലവ് വരുന്ന പദ്ധതിയുടെ ആശയം ഫിഷറീസ് മന്ത്രി സജി ചെറിയാന്റേതാണ്.

മീനുമായി അലയേണ്ട; മത്സ്യത്തൊഴിലാളികൾക്ക് ഇനി ‘സമുദ്ര’ ബസിൽ സൗജന്യ യാത്ര
Read Time:1 Minute, 38 Second