കോഴിക്കോട്: കൊവിഡ് വാക്സിന്‍ എടുത്തശേഷം ടെറ്റനസ് വാക്സിനെടുത്തയാള്‍ മരിച്ചെന്ന വാട്‌സ്ആപ് സന്ദേശം വ്യാജമെന്ന് ആരോഗ്യ വിദഗ്ധര്‍. കൊവിഡ് വാക്‌സിനു ശേഷം ടി.ടി എടുക്കുന്നതുകൊണ്ട് കുഴപ്പങ്ങളൊന്നും ഇല്ലെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് മെഡിസിന്‍ വിഭാഗം ഡോ. ആര്‍. ശ്രീജിത്ത് വ്യക്തമാക്കി.
മൃതമായ അണുക്കളെ ഉപയോഗിച്ച് നിര്‍മിക്കുന്ന വാക്‌സിനുകള്‍ ഒരു തരത്തിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ലെന്നും മരണം കൊവിഡ് വാക്‌സിനു പിറകെ ടി.ടി എടുത്തതുകൊണ്ടാകില്ലെന്നും സ്വാഭാവികമായി സംഭവിച്ചതാകാമെന്നും ഡോക്ടര്‍ പറഞ്ഞു.
സ്വാഭാവികമായി 14 ദിവസത്തെ വ്യത്യാസത്തിലാണ് രണ്ട് വാക്‌സിന്‍ എടുക്കുന്നതെങ്കിലും മൃഗങ്ങളുടെ ആക്രമണമോ മറ്റോ ഉണ്ടായാല്‍ റാബിസ് ഉള്‍പ്പെടെയുള്ളവ അടിയന്തരമായി നല്‍കേണ്ടിവരും. ഇവയൊന്നും ജീവന് ഭീഷണിയാകുന്നില്ല. അതേസമയം, വാക്‌സിന്‍ യഥാസമയം എടുത്തില്ലെങ്കില്‍ അത് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.