കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടയില്‍ നിര്‍ണായക നീക്കവുമായി ബ്രിട്ടന്‍. രാജ്യത്തെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ചുകൊണ്ടാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യത്ത് പ്രതിദിനം 50,000 കൊവിഡ് രോഗികളുണ്ടെന്നിരിക്കെയാണ് മാസ്‌ക്, സാമൂഹിക അകലം എന്നിങ്ങനെയുള്ള സുരക്ഷാ മുന്‍കരുതലുകള്‍ ഒന്നും പാലിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. അതായത് തിങ്കളാഴ്ച മുതല്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമില്ല. എല്ലാ സ്ഥാപനങ്ങള്‍ക്കും തുറന്നുപ്രവര്‍ത്തിക്കാം. പൊതുപരിപാടികളെല്ലാം നിയന്ത്രണങ്ങളില്ലാതെ നടത്താനും സര്‍ക്കാര്‍ അനുമതി നല്‍കി. മാസ്‌ക് നിബന്ധന ഒഴിവാക്കിയതിനൊപ്പം വീട്ടിലിരുന്ന് ജോലിചെയ്യാന്‍ ഏര്‍പ്പെടുത്തിയ വര്‍ക്ക് ഫ്രം ഹോം വ്യവസ്ഥയും സര്‍ക്കാര്‍ ഇതോടൊപ്പം തന്നെ റദ്ദാക്കിയിട്ടുണ്ട്.ഞായറാഴ്ച അര്‍ധരാത്രി മുതല്‍ നഗരത്തിലെ നിശാ ക്ലബ്ബുകള്‍ തുറക്കാന്‍ അനുമതിയും നല്‍കി. ഇന്‍ഡോര്‍ കായിക സ്‌റ്റേഡിയങ്ങള്‍ ഉള്‍പ്പെടെയുള്ള വേദികളില്‍ മുഴുവന്‍ സീറ്റുകളില്‍ ആളുകളെ പ്രവേശിപ്പിക്കാവുന്നതാണ്. സിനിമാ തിയറ്ററുകള്‍ തുറക്കാനും അനുമതി നല്‍കിയിട്ടുണ്ട്. കൂടാതെ രാജ്യത്തെ മുതിര്‍ന്ന പൗരന്‍മാരില്‍ മൂന്നില്‍ രണ്ടുപേരും വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. ഇനിയും വാക്‌സിനെടുക്കാത്തവര്‍ എത്രയും വേഗത്തില്‍ തന്നെ കുത്തിവയ്‌പ്പെടുക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആവശ്യപ്പെടുകയുണ്ടായി. ഇപ്പോള്‍ തുറന്നുകൊടുത്തിട്ടില്ലെങ്കില്‍ പിന്നീട് എപ്പോഴാണ് എല്ലാം തുറന്നുകൊടുക്കാനാവുകയെന്ന് നമ്മള്‍ സ്വയം ചോദിക്കേണ്ടിവരും. നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കാനുള്ള കൃത്യമായ സമയമാണിത്. എങ്കിലും ജനങ്ങള്‍ ജാഗ്രത തുടരണമെന്നും ബോറിസ് ജോണ്‍സണ്‍ അഭ്യര്‍ഥിക്കുകയും ചെയ്തു.
നിലവില്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഇന്തോനേഷ്യയ്ക്കും ബ്രസീലിനും പിന്നില്‍ മൂന്നാം സ്ഥാനത്താണ് യുകെ ഉള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ യുകെയില്‍ 48,161 കൊവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. കൂടാതെ 25 മരണവും റിപോര്‍ട്ട് ചെയ്തു. ആകെ 54,33,939 പേര്‍ക്കാണ് വൈറസ് ബാധിച്ചിട്ടുള്ളത്. ഇതില്‍ 1,28,708 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 43,96,950 പേരുടെ രോഗം ഭേദമായി. ചികില്‍സയില്‍ കഴിയുന്ന 9,08,281 പേരില്‍ 79,608 രേഗികളുടെ നില ഗുരുതരമാണ് എന്നാണ് ലഭ്യമാകുന്ന വിവരം. അതേസമയം, കൊവിഡ് കേസുകളില്‍ വര്‍ധന തുടരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് എത്തുകയും ചെയ്തിട്ടുണ്ട്.
ഇത്തരത്തിലുള്ള സര്‍ക്കാര്‍ നടപടി രോഗവ്യാപനം വര്‍ധിച്ചേക്കാമെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധരും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. സര്‍ക്കാര്‍ അശ്രദ്ധമായാണ് പ്രവര്‍ത്തിക്കുന്നതൊന്നും മുന്‍കരുതല്‍ നടപടികളൊന്നും സ്വീകരിക്കാതെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച തീരുമാനത്തെ ശക്തമായി എതിര്‍ക്കുന്നതായും ലേബര്‍ പാര്‍ട്ടി ആരോഗ്യവിഭാഗം വക്താവ് ജൊനാഥന്‍ വ്യക്തമാക്കി.
അതേസമയം കൊവിഡിന്റെ ഡെല്‍റ്റ വകഭേദം നിയന്ത്രണാതീതമായതിനാല്‍ തന്നെ ബ്രിട്ടനില്‍ ഒരുദിവസം ഒരുലക്ഷം കേസുകളുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് ലണ്ടനിലെ ഇംപീരിയല്‍ കോളജ് പ്രഫസര്‍ നീല്‍ ഫെര്‍ഗൂസണ്‍ മുന്നറിയിപ്പ് നല്‍കി. ബ്രിട്ടനില്‍ മുമ്ബത്തേക്കാള്‍ കേസുകള്‍ കുറവാണെങ്കിലും പുതിയ വൈറസ് വകഭേദം വ്യാപിച്ചാല്‍ സ്ഥിതിഗതികള്‍ വീണ്ടും രൂക്ഷമാവാന്‍ സാധ്യതയുണ്ടെന്നും അപകടാവസ്ഥയിലേക്ക് പോവുമെന്നുമാണ് ആരോഗ്യവിദഗ്ധര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്.