ദുബായ്: വിദേശങ്ങളിൽ നിന്ന് ആദ്യ ഡോസ് പ്രതിരോധ വാക്സീൻ സ്വീകരിച്ചവർക്കു ദുബായ് ഹെൽത്ത് അതോറിറ്റി രണ്ടാമത്തെ ഡോസ് നൽകും . രണ്ടാമത്തെ ഡോസ് സ്വീകരിക്കാൻ തിരിച്ചു പോകില്ലെന്ന് ഉറപ്പ് നൽകുന്നവർക്കാണിത് . ആദ്യ ഡോസ് വാക്സീൻ സ്വീകരിച്ച സ്ഥലത്തു നിന്നു രണ്ടാമത്തെ ഡോസ് വാക്സീനും സ്വീകരിക്കുന്നതാണ് ഉചിതം എന്നാണ് ഹെൽത്ത് അതോറിറ്റി അധികൃതർ നൽകുന്ന ഉപദേശം . എന്നാൽ രണ്ടാമത്തെ ഡോസ് നിർബന്ധമെങ്കിൽ ദുബായിൽ വ്യവസ്ഥകളോടെ നൽകും . രണ്ടാം ഡോസ് സ്വീകരിക്കാൻ നാട്ടിലേയ്ക്ക് തിരിച്ചു പോകാൻ സാധിക്കാത്തവരെയാണു രണ്ടാം ഡോസ് നൽകി സഹായിക്കുക . ഏതു വാക്സീൻ സ്വീകരിക്കുമെന്നത് ഓരോരുത്തരുടെയും തിരഞ്ഞെടുപ്പാണ് . എല്ലാതരം വാക്സീനുകളും മികച്ച നിലവാരത്തിൽ യുഎഇയിൽ ലഭ്യമാണെന്നും അധികൃതർ വെളിപ്പെടുത്തി .
ആദ്യത്തേതും രണ്ടാമത്തേതുമായ വാക്സീൻ സ്വീകരിച്ചവർ രക്തം ദാനം ചെയ്യുന്നുണ്ടെങ്കിൽ അത് ഒരാഴ്ച കഴിഞ്ഞ ശേഷമായിരിക്കണം . ഗുരുതരമായ രോഗവുമായി ചികിത്സയിലുളളവർക്ക് ആശുപത്രിയിൽ വച്ചു തന്നെ പ്രതിരോധ മരുന്നു നൽകേണ്ടതില്ല . രോഗം ഭേദമായി നാലു മുതൽ എട്ടാഴ്ച വരെ വിശ്രമമെടുത്ത ശേഷം വാക്സീൻ സ്വീകരിച്ചാൽ മതിയാകും . കൂടുതൽ മരുന്നുകൾ ഉപയോഗിക്കുന്നവർ എല്ലാ ഔഷധ വിവരങ്ങളും ഡോക്ടർക്ക് കൈമാറിയ ശേഷമായിരിക്കണം വാക്സിൻ എടുക്കേണ്ടത് . ആദ്യ ഡോസ് വാക്സീൻ സ്വീകരിച്ചവർക്കു കോവിഡ് ബാധിച്ചാൽ 10 ദിവസം ക്വാറന്റീനിൽ പോകണം . ഇതിനു ശേഷം കാര്യമായ രോഗലക്ഷണങ്ങളും പ്രയാസങ്ങളും അലട്ടുന്നില്ലെങ്കിൽ 800 342 നമ്പറിൽ വിളിച്ചു രണ്ടാം ഘട്ട വാക്സീൻ എടുക്കാനുള്ള തിയതി പുതുക്കാം . എന്നാൽ രോഗം സുഖപ്പെട്ടിട്ടില്ലെങ്കിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു തുടർ ചികിത്സ തേടേണ്ടതാണെന്നും അധികൃതർ നിർദേശിച്ചു .
വിദേശങ്ങളിൽ നിന്ന് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ദുബായിൽ രണ്ടാമത്തെ ഡോസ് നൽകും
Read Time:2 Minute, 47 Second