ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജോലിക്ക് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കേണ്ടത് യോഗ്യതയുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കണമെന്ന് സുപ്രീംകോടതി. ഉയര്‍ന്ന മാര്‍ക്ക് നേടിയവരെ അവഗണിച്ച് യോഗ്യതയില്ലാത്തവരെ പൊതു തൊഴിലിടങ്ങളിലേക്ക് പരിഗണിക്കുന്നത് ഭരണഘടന വിരുദ്ധമാണെന്നും ജസ്റ്റിസുമാരായ എല്‍. നാഗേശ്വര റാവു, ഇന്ദിര ബാനര്‍ജി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
പൊലീസ് സബ് ഇന്‍സ്പെക്ടര്‍ തസ്തികയില്‍ പുതുക്കിയ റാങ്ക് ലിസ്റ്റ് പ്രകാരം 43 പേരെ നിയമിക്കാന്‍ ഝാര്‍ഖണ്ഡ് സര്‍ക്കാറിന് അനുമതി നല്കിയ റാഞ്ചി ഹൈകോടതി വിധി അംഗീകരിച്ചുകൊണ്ടാണ് ഡിവിഷന് ബെഞ്ചിെന്റ സുപ്രധാന നിരീക്ഷണം.
2008ലാണ് ഝാര്‍ഖണ്ഡ് ആഭ്യന്തര വകുപ്പ് പൊലീസ് സബ് ഇന്‍സ്പെക്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്. തുടര്‍ന്ന് അന്തിമഫലം പ്രസിദ്ധീകരിക്കുകയും 382 പേരെ തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, നിയമന നടപടികളില്‍ ക്രമക്കേട് നടന്നതായി ആരോപണം ഉയര്‍ന്നതോടെ പരിശോധിക്കാന്‍ സര്‍ക്കാര്‍ ഉന്നത തല സമിതിയെ നിയമിച്ചു. ഇതിനിടെ പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥികള്‍ റാഞ്ചി ഹൈകോടതിയില്‍ പരാതി സമര്‍പ്പിച്ചിരുന്നു.
ഹൈകോടതിയില്‍ ഹരജി പരിഗണിക്കുന്നതിനിടെ, യഥാര്‍ഥ സെലക്ഷന് ലിസ്റ്റിെന്റ അടിസ്ഥാനത്തില്‍ നടത്തിയ 42 ഉദ്യോഗാര്‍ഥികളുടെ നിയമനം സര്‍ക്കാര്‍ റദ്ദാക്കി. പകരം ക്രമക്കേടുകള്‍ പരിഹരിച്ച് ഉന്നത തല സമിതി നല്കിയ ശിപാര്‍ശപ്രകാരം പുതുക്കിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ഇതിെന്റ അടിസ്ഥാനത്തില്‍ 43 പേരെ നിയമിക്കുകയും ചെയ്തു. ഈ നടപടി ചോദ്യംചെയ്ത് ഒരു കൂട്ടം ഉദ്യോഗാര്‍ഥികള്‍ റാഞ്ചി ഹൈകോടതിയില്‍ ഹരജി നല്‍കിയെങ്കിലും നിയമനം കോടതി അംഗീകരിക്കുകയായിരുന്നു. ഇതിനെതിരെ ഒരു വിഭാഗം സമര്‍പ്പിച്ച ഹരജിയാണ് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് പരിശോധിച്ചത്.

യോഗ്യതയില്ലാത്തവരെ സർക്കാർ ജോലിയിലേക്ക് തെരഞ്ഞെടുക്കുന്നത് ഭരണഘടനാ വിരുദ്ധം; സുപ്രീംകോടതി
Read Time:3 Minute, 39 Second