രാജസ്ഥാനിലെ ഒരു വിദൂരഗ്രാമത്തില്‍ പുരുഷന്മാര്‍ രണ്ടുതവണ വിവാഹം കഴിക്കുന്നു. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലാണ് ദേരാസര്‍ ഗ്രാമം. അവിടെ ഏകദേശം അറുന്നൂറോളം ആളുകള്‍ താമസിക്കുന്നുണ്ട്. ആ ഗ്രാമത്തില്‍ താമസിക്കുന്ന മിക്കവാറും എല്ലാ പുരുഷന്മാര്‍ക്കും രണ്ട് ഭാര്യമാരുണ്ട്. അതാണ് ആ ഗ്രാമത്തിന്റെ പ്രത്യേകത. മിക്കവാറും ഈ രണ്ട് ഭാര്യമാരും വളരെ സ്നേഹത്തോടെയാണ് കഴിയുന്നതും. ഇങ്ങനെ എല്ലാ പുരുഷന്മാരും രണ്ട് തവണ വിവാഹം കഴിക്കുന്നതിന് പിന്നിലെ കാരണമാകട്ടെ ഒരല്‍പം വിചിത്രം തന്നെയാണ്.
കുട്ടികളുണ്ടാകണമെങ്കില്‍ ഒരു പുരുഷന്‍ രണ്ടു തവണ വിവാഹം ചെയ്യണമെന്നാണത്രെ അവിടത്തുകാര്‍ വിശ്വസിക്കുന്നത്. പുരുഷന്മാര്‍ക്ക് ആദ്യ ഭാര്യയില്‍ കുട്ടികളുണ്ടാകില്ലെന്നും, രണ്ടാമത്തെ ഭാര്യയില്‍ മാത്രമാണ് കുഞ്ഞുങ്ങള്‍ ജനിക്കുകയെന്നുമാണ് ഗ്രാമവാസികള്‍ പറയുന്നത്.
ആദ്യത്തെ വിവാഹത്തിന് ശേഷം കുട്ടി ജനിക്കാത്ത നിരവധി വീടുകള്‍ ഈ ഗ്രാമത്തില്‍ ഉണ്ട് പോലും. അങ്ങനെ അവര്‍ വീണ്ടും വിവാഹം കഴിച്ചു, തുടര്‍ന്ന് രണ്ടാം ഭാര്യയില്‍ കുട്ടികള്‍ ജനിച്ചു. രണ്ടാമത്തെ വിവാഹത്തിന് ശേഷം മൂന്ന് കുട്ടികള്‍ ജനിച്ച ഒരാളുമുണ്ട് അവിടെ. ഇത്തരം സംഭവങ്ങള്‍ എടുത്തുകാട്ടിയാണ് പുരുഷന്മാര്‍ക്ക് രണ്ടാം ഭാര്യയില്‍ മാത്രമേ കുട്ടികളുണ്ടാകൂ എന്ന് ഗ്രാമീണര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ അവിടെ ഒരു പുരുഷന് രണ്ട് വിവാഹം നിര്‍ബന്ധമാണ്. കാലങ്ങളായി അവര്‍ ഇങ്ങനെ രണ്ട് വിവാഹം കഴിക്കുന്നത് തുടരുന്നുമുണ്ട്. അതില്‍ ആര്‍ക്കെങ്കിലും പരാതിയുമില്ല.
ഇവിടെ മിക്ക കുടുംബങ്ങളും ഈ പാരമ്ബര്യം പിന്തുടരുന്നു. അതേ സമയം, ഈ ഗ്രാമത്തില്‍ ചില ആളുകള്‍ ഈ ആചാരം പിന്തുടരാന്‍ മടിച്ച് ഒരു ഭാര്യ മതി എന്ന തീരുമാനത്തില്‍ രണ്ടാമതും വിവാഹം കഴിക്കാതെ ജീവിക്കുന്നവരുമുണ്ട്. എന്നാല്‍ അത്തരക്കാര്‍ക്ക് കുട്ടികളില്ല എന്നത് ആശ്ചര്യം നിറഞ്ഞ ഒരു കാര്യമാണ്. ആര്‍ക്കും വിശദീകരിക്കാന്‍ കഴിയുന്നില്ലെങ്കിലും, ഇത്തരം സംഭവങ്ങള്‍ ഇപ്പോഴും ഗ്രാമത്തില്‍ നടക്കുന്നുണ്ട്. ഗ്രാമീണരുടെ അഭിപ്രായത്തില്‍, പലരും ആദ്യത്തെ വിവാഹത്തിനുശേഷം ഒരു കുട്ടിക്കായി വളരെക്കാലം കാത്തിരുന്നു. പക്ഷേ, കുഞ്ഞുങ്ങളുണ്ടായില്ല. ഒടുവില്‍ വീണ്ടും വിവാഹം ചെയ്യാന്‍ നിര്‍ബന്ധിതരായി എന്നാണ് പറയുന്നത്. അതിനാല്‍ രണ്ടാം തവണ വിവാഹം കഴിക്കുന്നത് ഈ ഗ്രാമത്തില്‍ ശുഭകരമായ ഒരു കാര്യമായിട്ടാണ് കണക്കാക്കപ്പെടുന്നതും.
രണ്ടുതവണ വിവാഹം കഴിക്കാന്‍ മറ്റൊരു വിചിത്രമായ കാരണം കൂടി ഇവിടുത്തുകാര്‍ പറയുന്നുണ്ട്. വീട്ടിലേക്കാവശ്യമായ വെള്ളം കൊണ്ടുവരാന്‍ സ്ത്രീകള്‍ക്ക് അവിടെ അഞ്ച് കിലോമീറ്ററിലധികം നടക്കണം. ഗര്‍ഭിണിയായ ശേഷം ഒരു സ്ത്രീക്ക് എന്തായാലും ഇത്രയധികം യാത്ര ചെയ്യാന്‍ കഴിയില്ലല്ലോ? അപ്പോള്‍ അതിനുള്ള പ്രതിവിധിയാണത്രെ പുരുഷന്മാര്‍ രണ്ട് വിവാഹം കഴിക്കുക എന്നത്. ഒരാള്‍ ഗര്‍ഭിണിയാകുമ്ബോള്‍ മറ്റെയാള്‍ വീട്ടുജോലികള്‍ ചെയ്യുകയും, വെള്ളം കൊണ്ടുവരാന്‍ ദീര്‍ഘനേരം നടക്കുകയും ചെയ്യുന്നു. ഇതില്‍ ഏറ്റവും രസകരമായ കാര്യം തന്റെ ഭര്‍ത്താവ് രണ്ടാമതും വിവാഹം ചെയ്യുന്നതില്‍ ഈ ഭാര്യമാര്‍ക്ക് പരാതിയോ, പരിഭവമോ ഇല്ലെന്നതാണ്. അവിടെ വീടുകളിലെല്ലാം ഈ രണ്ട് ഭാര്യമാരും നല്ല സ്വരച്ചേര്‍ച്ചയില്‍, സമാധാനപൂര്‍വം തന്നെയാണ് കഴിയുന്നത്.
എന്നാല്‍, അവിടെ ഇപ്പോഴും ഈ രീതി പിന്തുടരുന്നവരുണ്ട് എന്നത് ആശ്ചര്യകരം തന്നെയാണ്. ഭാര്യ ഗര്‍ഭിണിയാകുമ്ബോള്‍ വീട്ടില്‍ ജോലി ചെയ്യാന്‍ മറ്റൊരാള്‍ എന്ന നിലയില്‍ പോലുമാണ് പലപ്പോഴും ഈ രണ്ടാം വിവാഹം നടക്കുന്നത്. ഇങ്ങനെ ഒക്കെ ആണെങ്കിലും ആ ഗ്രാമം ഇതിനെ വളരെ സ്വാഭാവികമായ ഒന്നായി തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്.