ഉപ്പള:
കേരളത്തിൽനിന്നുമുള്ള ആളുകൾക്ക് കർണാടക ദക്ഷിണ കന്നഡ ജില്ലയിലേക്ക് കടക്കാൻ 72 മണിക്കൂർകൾക്കകമുള്ള പിസിആർ ടെസ്റ്റ് നിർബ്ബന്ധമാക്കി കർണാടക സർക്കാരിന്റെ പ്രഖ്യാപനം വന്നതിന്ന് പിന്നാലെ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത് കാസറഗോഡ് ജില്ലയിലുള്ള ജനങ്ങളാണ്.
കാസറഗോഡ് മഞ്ചേശ്വരം ഭാഗത്തു നിന്ന് ദിനേന മംഗലാപുരത്തേക്ക് പോയി വരുന്ന വിദ്യാർത്ഥികളും,വ്യാപാരികളും, രോഗികളുമായി സാധാരണക്കാരായ ജനങ്ങൾ എന്ത് ചെയ്യണമെന്നറിയാതെ നെട്ടോട്ടമോടുകയാണ്. നിലവിൽ കാസറഗോഡ് ജില്ലയിൽ ഒരിടത്തും ദിവസം നൂറു പേരിൽ കൂടുതൽ ആളുകൾക്ക് കോവിഡ് ടെസ്റ്റ് നടത്താനുള്ള സൗകര്യം പോലും ഇല്ല. ഈ സാഹചര്യത്തിലാണ് ദിനേന മംഗലാപുരത്തേക്ക് പഠനാവശ്യാർത്ഥവും, ചികിത്സക്കും, ജോലിക്കും മറ്റു വ്യാഭാര അവശ്യങ്ങൾക്കും വേണ്ടി പോകുന്ന ആയിരക്കണക്കിന് വരുന്ന വലിയൊരു ജനക്കൂട്ടം ടെസ്റ്റ് നടത്താൻ എങ്ങോട്ട് പോകണം, എന്ത് ചെയ്യണം, ആരോട് പറയണം എന്ന് പോലും അറിയാതെ നെട്ടോട്ടമോടുന്നത്.
കർണാടക സർക്കാരിന്റെ ഭാഗത്തു നിന്നും പ്രഖ്യാപനം വന്നിട്ട് ദിവസങ്ങളായിട്ടും കാസറഗോഡ് നിന്നുള്ള ജനപ്രതിനിധികളോ നേതാക്കളോ ഈ വിഷയം അടിയന്തിരമായി സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്താനോ ഈ വിഷയത്തിൽ കർണാടക സർക്കാരുമായി ബന്ധപ്പെട്ടു ജനങ്ങളുടെ ഭീതിയകറ്റാനുള്ള സത്വര നടപടിക്കോ മുതിർന്നിട്ടില്ല എന്നത് ജനങ്ങൾക്കിടയിൽ വൻ പ്രതിഷേധത്തിന്ന് കാരണമായിട്ടുണ്ട്.
ഇനിയെങ്കിലും വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തി ഈ വിഷയത്തിൽ സെക്രട്ടറി തല ചർച്ച നടത്തി ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ കൈകാര്യം ചെയ്യാൻ ബന്ധപ്പെട്ട അധികാരികളും, ജനപ്രതിനിധികളും മുന്നോട്ട് വരണമെന്ന് മംഗൽപാടി ജനകീയ വേദി ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ എത്രയും പെട്ടെന്ന് മുഖ്യമന്ത്രി ഇടപെട്ട് ഇരു സംസ്ഥാനങ്ങളിലെയും സെക്രട്ടറി തല ചർച്ച നടത്തി ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് മംഗൽപാടി ജനകീയ വേദി കേരള മുഖ്യമന്ത്രിക്കും, ജില്ലാ കളക്ടർക്കും അയച്ച ഇ മെയിൽ നിവേദനത്തിൽ ആവശ്യപ്പെട്ടു.