റിയാദ്: സൗദിയില്‍ ഇത് പരിഷ്കരണങ്ങളുടെ കാലമാണ്. എണ്ണയെ ആശ്രയിച്ച് മാത്രം നീങ്ങിയാല്‍ രാജ്യം മുന്നോട്ട് നീങ്ങില്ലെന്ന തിരിച്ചറിവിലാണ് സൗദി ഭരണകൂടത്തിന്റെ നീക്കം. അന്താരാഷ്ട്ര കമ്ബനികളുടെ പ്രാദേശിക ആസ്ഥാനം ദുബായില്‍ നിന്ന് റിയാദിലേക്ക് മാറ്റാന്‍ സൗദി സമ്മര്‍ദ്ദ ചെലുത്തുന്നുവെന്നതാണ് ഒടുവിലത്തെ ചൂടുള്ള വാര്‍ത്ത. സ്വാഭാവികമായും അത്് യുഎഇയുമായി മത്സരത്തിന് വഴി തെളിക്കുമെന്ന് ഉറപ്പ്. നേരിട്ടുള്ള വെല്ലുവിളി തന്നെ. 2024 മുതല്‍ തങ്ങളുടെ പ്രാദേശിക ആസ്ഥാനം ഗള്‍ഫ് മേഖലയിലെ മറ്റുരാജ്യങ്ങളില്‍ തുടരുന്ന വിദേശ കമ്ബനികളുമായി കരാര്‍ ഒപ്പിടുന്നത് സൗദി സര്‍ക്കാരും അനുബന്ധ സ്ഥാപനങ്ങളും അവസാനിപ്പിക്കും.സൗദി പ്രസ് ഏജന്‍സിയുടെ കുറിപ്പിലാണ് ഈ അറിയിപ്പുള്ളത്. സമ്ബത്തിന്റെ ചോര്‍ച്ച ഒഴിവാക്കുക, തൊഴില്‍ സൃഷ്ടിയില്‍ കുതിപ്പുണ്ടാക്കുക, ഇതുരണ്ടുമാണ് സൗദിയുടെ ലക്ഷ്യം.
സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനാണ് ഈ ആശയത്തിന്റെ വക്താവ്. റിയാദ് നഗരത്തിന്റെ വ്യാപ്തി ഇരട്ടിയാക്കാനും ഒരു ആഗോള ഹബ്ബാക്കി മാറ്റാനും 800 ബില്യന്റെ പദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്. നേരത്തെയുണ്ടായിരുന്ന നടപടികള്‍ വിദേശ കമ്ബനികളെ റിയാദിലേക്ക് ചേക്കേറാന്‍ പ്രോത്സാഹിപ്പിക്കുന്നതായിരുന്നെങ്കില്, ഒടുവിലത്തെ പ്രഖ്യാപനം ചെറിയ ഭീഷണിയുടെ ഛായ ഉള്ളതാണ്. അന്താരാഷ്ട്ര കമ്ബനികള്‍ പ്രാദേശിക ആസ്ഥാനം ദുബായില്‍ നിന്ന് റിയാദിലേക്ക് മാറ്റിയില്ലെങ്കില്‍ ബില്യന്‍ കണക്കിന് ഡോളറുകളുടെ കച്ചവടം അവര്‍ക്ക് നഷ്ടമാകും.
അതേസമയം, ക്രിയാത്മകമായി ചിന്തിച്ചാല്‍, സൗദിയുമായി സഹകരിക്കാന്‍ താല്പര്യമുള്ള കമ്ബനികള്‍ക്ക് ഇതൊരു സമ്മാനമാണ്. തീരുമാനം എടുക്കാന്‍ അധികാരമുള്ള പ്രാദേശിക ആസ്ഥാനങ്ങള്‍ റിയാദില്‍ സ്ഥാപിക്കുന്നതോടെ സൗദി സര്‍ക്കാരിന്റെ മുഖ്യകരാറുകള് അവരെ തേടിയെത്തും.
രസകരമായ കാര്യം ദുബായി സൗദിയുടെ അടുത്ത സഖ്യകക്ഷിയാണ് എന്നുള്ളതാണ്. ദീര്‍ഘനാളായി ബാങ്കിങ് മുതല്‍ ചരക്ക് നീക്കം വരെ എന്തിനും ഏതിനും ഗള്‍ഫിന്റെ ബിസിനസ് ഹബ്ബായ ദുബായിയോട് പോരിനിറങ്ങിയിരിക്കുന്നു സൗദി സര്‍ക്കാര്‍. ധനകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് നിലവിലെ നിയന്ത്രണങ്ങള്‍ ബാധകമാവുക. സ്വകാര്യ മേഖലയിലെ കമ്ബനികള്‍ക്കോ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതുവാണിജ്യ കമ്ബനികള്‍ക്കോ പുതിയ നിയമം ബാധകമാവില്ല.
റിയാദിലെ വര്‍ദ്ധിതമായ അടിസ്ഥാന സൗകര്യങ്ങളും ആനുകൂല്യങ്ങളും ബിസിനസ് അവസരങ്ങളിലെ ലാഭവും ഒക്കെ കണക്കിലെടുക്കുമ്ബോള്‍ നൂറുകണക്കിന് കമ്ബനികള്‍ തങ്ങളുടെ പ്രാദേശിക ആസ്ഥാനം ദുബായില്‍ നിന്ന് മാറ്റുമെന്നാണ് സൗദി സര്‍ക്കാരിന്റെ പ്രതീക്ഷ. ഇതിനായി 2024 വരെ കമ്ബനികള്‍ കാത്തിരിക്കില്ലെന്നും അവര്‍ കണക്കുകൂട്ടുന്നു.
എന്നാല്‍, ബിസിനസില്‍ ദുബായിയെ വെല്ലുവിളിക്കുക എളുപ്പമല്ലെന്നും ചില സാമ്ബത്തിക വിദഗ്ദ്ധര്‍ പറയുന്നു. സൗദിയേക്കാള്‍ നിരവധി ആനുകൂല്യങ്ങളാണ് അന്താരാഷ്ട്ര കമ്ബനികള്‍ക്ക് ദുബായി നല്കി വരുന്നത്. കഴിഞ്ഞ മാസം ഡെലോയിറ്റും, ബെക്ടലും, പെപ്സികോയും അടക്കം 24 അന്താരാഷ്ട്ര കമ്ബനികളുടെ ഗ്രൂപ്പ് ഒരുനിക്ഷേപ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത് തങ്ങള്‍ പ്രാദേശിക ആസ്ഥാനം റിയാദിലേക്ക് മാറ്റുന്നുവെന്നാണ്. ചില കമ്ബനികള്‍ക്ക് നേരത്തെ തന്നെ സൗദി ഓഫീസുകളുണ്ട്. അവര്‍ ആ ഓഫീസുകളെ പ്രാദേശിക ആസ്ഥാനമായി മാറ്റും. ദുബായില്‍ സാന്നിധ്യം തുടരുകയും ചെയ്യും.ദുബായിയെ വെല്ലുവിളിക്കാനുള്ള നീക്കമാണിതെന്ന ആരോപണം സൗദി അധികൃതര്‍ തള്ളുന്നു. ഒരുപ്രത്യേക രാജ്യത്തെയല്ല, മറിച്ച് കമ്ബനികളെയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നാണ് വിശദീകരണം.
ദുബായ് വെറുതെയിരിക്കുന്നില്ല
സൗദിയില്‍ മാറ്റത്തിന്റെ കാറ്റ് വീശുന്നത് യുഎഇ തിരിച്ചറിഞ്ഞുകഴിഞ്ഞു. വിദേശ കമ്ബനികള്‍ക്ക് കൂടുതല്‍ ആകര്‍ഷകമായ അവസരങ്ങള്‍ ഒരുക്കാനും പ്രവാസികള്‍ക്ക് വേരുകള്‍ ഉറപ്പിക്കാനും നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. അവിവാഹിതരായ ദമ്ബതികളുടെ സഹവാസം ക്രിമിനല്‍ കുറ്റമല്ലാതാക്കി മാറ്റി. പ്രവാസികള്‍ക്ക് വിവാഹിതരാകാനും, വേര്‍പിരിയാനും സ്വന്തം രാജ്യങ്ങളിലെ അനന്തരാവകാശ നിയമം വിനിയോഗിക്കാനും അനുമതി നല്കി. മദ്യം കഴിക്കാന്‍ ലൈസന്‍സ് വേണമെന്ന നിബന്ധന എടുത്തുകളഞ്ഞു.
ദുബായിയുടെ മുന്ധനകാര്യമേധാവി നാസര്‍ അല്‍ ഷെയ്ക്കിന്റെ ട്വിറ്റര്‍ പോസ്റ്റ് സൗദിയുടെ വെല്ലുവിളിയെ എങ്ങനെ കാണുന്നുവെന്നതിന്റെ സൂചനയാണ്. ‘ഗള്‍ഫ് പൊതുവിപണി എന്ന തത്ത്വത്തിന് വിരുദ്ധമാണ് സൗദിയുടെ നീക്കം. നിര്‍ബന്ധിത ആകര്‍ഷണം നിലനില്‍ക്കുന്നതല്ല എന്ന് ആഗോള സമ്ബ്രദായവും ചരിത്രവും തെളിയിച്ചിട്ടുണ്ട്. സാഹചര്യം മെച്ചപ്പെടുത്തുക എന്നതാണ് ഫലപ്രദമായ മാര്‍ഗ്ഗം’-അദ്ദേഹം കുറിച്ചു.
സൗദിയില്‍ സ്വകാര്യ മേഖലയ്ക്ക് ഇത് ബാധകമല്ലെന്ന് പറയുമ്ബോഴും മറ്റൊരു വശമുണ്ട്. സൗദിയിലെ സ്വകാര്യ കമ്ബനികള്‍ സര്‍ക്കാര്‍ കരാറുകളെയാണ് അധികമായി ആശ്രയിക്കുന്നത്. സൗദി സാമ്ബത്തിക ശാസ്ത്രജ്ഞനായ ഫഹദ് ബിന്‍ ജുമാ വ്യക്തമായി പറയുന്നു. സൗദിയുമായി ബിസിനസ് ചെയ്യണമെങ്കില്‍, വിദേശ കമ്ബനികള്‍ക്ക് റിയാദിലേക്ക് വരേണ്ടി വരും. ഏതായാലും ഈ വര്‍ഷം തന്നെ പുതിയ നിയമത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവരും

അന്താരാഷ്ട്ര കമ്പനികളുടെ പ്രാദേശിക ആസ്ഥാനം ദുബായില്‍ നിന്ന് റിയാദിലേക്ക് മാറ്റാന്‍ സൗദിയുടെ സമ്മര്‍ദ്ദം; യുഎഇയുമായി മത്സരത്തിന് വഴി തെളിക്കുമെന്ന് ഉറപ്പ്
Read Time:7 Minute, 55 Second