റിയാദ്: ഇന്ത്യയും യുഎഇയും ഉള്‍പ്പടെ 20 രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ക്ക് സൗദി അറേബ്യയില്‍ പ്രവേശിക്കുന്നതിന് താത്കാലിക വിലക്ക് പ്രഖ്യാപിച്ചതോടെ പ്രവാസി ഇന്ത്യക്കാര്‍ കടുത്ത ആശങ്കയില്‍. ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കുള്ള വിമാന വിലക്ക് ഉടന്‍ നീങ്ങുമെന്ന പ്രതീക്ഷക്കിടെയാണ് യുഎഇ വഴിയുള്ള യാത്രയ്ക്കും നിരോധനം ഏര്‍പ്പെടുത്തിയത് .
നേരിട്ട് വിമാന സര്‍വീസ് ഇല്ലാത്തതിനാല്‍ ദുബൈയിലെത്തി 14 ദിവസം ക്വാറന്റീന് പൂര്‍ത്തിയാക്കിയാണ് ഇന്ത്യക്കാര്‍ സൗദിയിലേക്കെത്തിയിരുന്നത്.അതെ സമയം യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതോടെ നിലവില്‍ യുഎഇ വഴിയുള്ള ഇന്ത്യക്കാരുടെ യാത്രയും അനിശ്ചിതത്വത്തിലായി.
ഇനി വിലക്കില്ലാത്ത രാജ്യങ്ങളില്‍ 14 ദിവസം താമസിച്ചാല്‍ മാത്രമെ സൗദിയിലേക്ക് പ്രവേശിക്കാനാകൂ .
യുഎഇയിലെത്തി 14 ദിവസം ക്വാറന്റീന് പൂര്‍ത്തിയാക്കിയവര്‍ക്ക് ബുധനാഴ്ച രാത്രി ഒമ്ബത് മണിക്ക് മുമ്ബ് സൗദിയിലെത്തിയാല്‍ പ്രവേശനം ലഭിക്കും. അല്ലെങ്കില്‍ വിലക്ക് അവസാനിക്കുന്നത് വരെ ദുബായില്‍ കഴിയുകയോ തിരികെ ഇന്ത്യയിലേക്ക് മടങ്ങുകയോ വേണം.നയതന്ത്ര ഉദ്യോഗസ്ഥരും ആരോഗ്യ പ്രവര്‍ത്തകരും അടക്കം എല്ലാവര്ക്കും വിലക്ക് ബാധകമാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇന്ത്യ, യുഎഇ, അമേരിക്ക, ഇറ്റലി, പാകിസ്ഥാന്, ജര്‍മനി, അര്‍ജന്റീന, ഇന്തോനേഷ്യ, അയര്‍ലന്‍ഡ്, , ബ്രസീല്‍, പോര്‍ച്ചുഗല്‍, യു.കെ, തുര്‍ക്കി, ദക്ഷിണാഫ്രിക്ക, സ്വീഡന്, സ്വിറ്റ്സര്‍ലന്‍ഡ്, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ലെബനോന്, ഈജിപ്ത്, ജപ്പാന് എന്നീ രാജ്യങ്ങള്‍ക്കാണ് വിലക്കുള്ളത്. ബുധനാഴ്ച രാത്രി ഒന്‍പത് മണി മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും.