ദില്ലി: തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ റോഡ്, റെയില്‍ ഉള്‍പ്പടെയുള്ള അടിസ്ഥാനസൗകര്യവികസനമേഖലകളില്‍ വന്‍ വികസനപാക്കേജുകള്‍ വാഗ്ദാനം ചെയ്ത് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍. കേരളത്തിന്‍റെ ദേശീയപാതാ വികസനത്തിനും കൊച്ചി മെട്രോയുടെ രണ്ടാംഘട്ടത്തിന്‍റെ വികസനത്തിനും ഇത്തവണത്തെ ബജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ തുക വകയിരുത്തി.
കേരളത്തിന് പുറമേ, തമിഴ്നാട്, അസം, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്കാണ് റോഡ് വികസനത്തിനും മെട്രോ, റെയില്‍ വികസനത്തിനുമായി വലിയ പാക്കേജുകള്‍ അനുവദിച്ചിരിക്കുന്നത്. പശ്ചിമ ബംഗാളിന് വലിയ പാക്കേജുകള്‍ പ്രഖ്യാപിക്കുമ്ബോള്‍ സഭയ്ക്ക് അകത്ത് തന്നെ കയ്യടികളുയര്‍ന്നു.
ദേശീയതലത്തില്‍ 11,000 കിലോമീറ്ററിന്‍റെ ദേശീയപാതാ കോറിഡോറുകള്‍ വരുന്നു. അതില്‍പ്പെടുത്തിയാണ് കേരളത്തിലും 1,100 കിലോമീറ്റര്‍ റോഡ് വികസനം വരുന്നത്. ഇതിനായി വകയിരുത്തിയിരിക്കുന്നത് 65,000 കോടി രൂപയാണ്. കേരളത്തിലെ റോഡ് വികസനത്തിലെ 600 കിലോമീറ്റര്‍ കേരളത്തിലൂടെ കടന്നുപോകുന്ന മുംബൈ – കന്യാകുമാരി ഹൈവേയാണ്. കൊച്ചി ഫിഷിങ് ഹാര്‍ബര്‍ വാണിജ്യഹബ്ബാക്കും.
കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന്‍റെ വികസനത്തിന് 1957.05 കോടി രൂപയുടെ പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 11.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള രണ്ടാംഘട്ടത്തിന്‍റെ നിര്‍മാണത്തിനാണ് ഈ തുക വകയിരുത്തുക.
തമിഴ്നാടിനായി വന്‍ തുകയാണ് റോഡ് വികസനത്തിനായി നീക്കി വച്ചിരിക്കുന്നത്. 3500 കിലോമീറ്റര്‍ റോഡിനായി 1.03 ലക്ഷം കോടി രൂപ. ഇതില്‍ മധുര – കൊല്ലം കോറിഡോര്‍, ചിറ്റൂര്‍ – തച്ചൂര്‍ കോറിഡോര്‍ എന്നിവയുടെ നിര്‍മാണം അടുത്ത വര്‍ഷം തുടങ്ങുമെന്നും ധനമന്ത്രി പ്രഖ്യാപിക്കുന്നു. ചെന്നൈ മെട്രോയ്ക്കും വന്‍തുക വകയിരുത്തിയിട്ടുണ്ട്. 118.9 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ചെന്നൈ മെട്രോയുടെ രണ്ടാംഘട്ടത്തിന് 63,246 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
പശ്ചിമബംഗാളിലെ 675 കിലോമീറ്റര്‍ റോഡ് വികസനത്തിനായി വകയിരുത്തിയിരിക്കുന്നത് 25,000 കോടി രൂപയാണ്. ഇതില്‍ കൊല്‍ക്കത്ത – സിലിഗുരി ഹൈവേയുടെ വികസനവും ഉള്‍പ്പെടും.
അസമില്‍ മൂന്ന് വര്‍ഷം കൊണ്ട് 1300 കിമീ റോഡുകള്‍ നിര്‍മിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിക്കുന്നു. ഇതിനായി 34,000 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ വകയിരുത്തുന്നത്.
58.19 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബംഗളുരു മെട്രോയുടെ 2എ, 2ബി ഘട്ടങ്ങളുടെ വികസനത്തിനായി 14,788 കോടി രൂപയും കേന്ദ്രസര്‍ക്കാര്‍ ഈ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. നാഗ്പൂര്‍, നാഷിക് മെട്രോകള്‍ക്കും സര്‍ക്കാര്‍ തുക മാറ്റി വയ്ക്കുന്നു.

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വൻ വാഗ്ദാനം; കേരളത്തിന് 65000 കോടിയുടെ റോഡ്,കൊച്ചി മെട്രോയ്ക്ക് 1957കോടി
Read Time:3 Minute, 54 Second