ദുബായ്:
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദുബൈ പുതിയ യാത്രാ പ്രോട്ടോകോള്‍ പ്രഖ്യാപിച്ചു. ഈ മാസം 31 മുതല്‍ ദുബൈയില്‍ നിന്ന് നാട്ടിലേക്ക് വരാന്‍ കൊവിഡ് പരിശോധന വേണം. നാട്ടില്‍ നിന്ന് ദുബൈയിലേക്ക് പോകുന്നവര്‍ക്കും പരിശോധന നിര്‍ബന്ധമാണ്. പിസിആര്‍ ഫലത്തിന്റെ കാലാവധി 72 മണിക്കൂറാക്കി ചുരുക്കാനും തീരുമാനിച്ചു.
ദുബൈയുടെ ദുരന്തനിവാരണ ഉന്നതാധികാര സമിതിയാണ് പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. ദുബൈയിലേക്ക് വരുന്നവര്‍ക്കും പോകുന്നവര്‍ക്കും ഈമാസം 31 മുതല്‍ കൊവിഡ് പരിശോധന നിര്‍ബന്ധമാവുകയാണ്.
നിലവില്‍ ദുബൈയില്‍ നിന്ന് നാട്ടിലേക്ക് പോകുന്നവര്‍ക്ക് കൊവിഡ് പരിശോധനയില്ല. എന്നാല്‍, 31 മുതല്‍ ഇത് മാറും.
ദുബൈയില്‍ നിന്ന് വിദേശത്തേക്ക് പോകുന്നവരെല്ലാം പിസിആര്‍ പരിശോധനക്കോ, റാപിഡ് ആന്റിജന്‍ പരിശോധനക്കോ വിധേയമാകണം. ഏത് രാജ്യത്തേക്കാണ് പോകുന്നത് എന്നത് അനുസരിച്ച് പരിശോധനാ രീതി തീരുമാനിക്കും. വിമാനമാര്‍ഗം മാത്രമല്ല, കര, കടല്‍ അതിര്‍ത്തികള്‍ കടന്നു വിദേശത്ത് പോകുന്നവര്‍ക്കും പരിശോധന നിര്‍ബന്ധമാണ്.
വിദേശത്ത് നിന്ന് ദുബൈയിലേക്ക് പുറപ്പെടുന്നവര്‍ യാത്ര തിരിക്കും മുമ്ബ് പിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയിരിക്കണം. യുഎഇ പൗരന്‍മാര്‍ക്ക് മാത്രമാണ് ഇക്കാര്യത്തില്‍ ഇളവുള്ളത്. പിസിആര്‍ ഫലത്തിന്റെ കാലാവധി നേരത്തേ 96 മണിക്കൂറായിരുന്നത് 72 മണിക്കൂറാക്കി ചുരുക്കാനും തീരുമാനിച്ചിട്ടുണ്ട്. ദുബൈ വഴി മറ്റു രാജ്യങ്ങളിലേക്ക് പോകാനായി യാത്രതിരിക്കുന്നവര്‍ക്കും ഈ നിബന്ധനകള്‍ ബാധകമാണ്. യുഎഇയില്‍ പ്രതിദിന കൊവിഡ് കേസ് ഇന്നലെ റെക്കോര്‍ഡിലെത്തി. 3,939 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന കണക്കാണിത്.
കോവിഡ്19 : യാത്രാ നിയന്ത്രണങ്ങൾ ശക്തമാക്കി യുഎഇ; രാജ്യത്തേക്ക് വരുന്നവർക്കും,പോകുന്നവർക്കും കോവിഡ് പരിശോധന നിർബന്ധം
Read Time:2 Minute, 42 Second