ന്യൂഡല്‍ഹി: കര്‍ഷക സമരം പൊളിക്കാന്‍ കൂടുതല്‍ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. ഗാസിപുരിലെ സമര കേന്ദ്രത്തില്‍ നിന്ന് കര്‍ഷകര്‍ പിന്മാറുന്നതിനായി ജലവിതരണം റദ്ദാക്കി. സമര കേന്ദ്രത്തിലേക്കുള്ള വൈദ്യുതി ബന്ധം കഴിഞ്ഞ ദിവസം വിച്ഛേദിച്ചതിനു പിന്നാലെയാണ് അടുത്ത നടപടിയുണ്ടായിരിക്കുന്നത്.
റിപ്പബ്ലിക് ദിനത്തില്‍ രാജ്യതലസ്ഥാനത്തുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ നീക്കം. ഗാസിപുരിലെ സമരവേദി ഒഴിയാന്‍ കര്‍ഷക സംഘടനകള്‍ക്ക് പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഇവിടെ ജലപീരങ്കി ഉള്‍പ്പെടെയുള്ള വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്.
ഇതിനിടെ സിംഗുവിലെ സമരക്കാരെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം ആള്ക്കാര് പ്രതിഷേധവുമായി രംഗത്തെത്തി. സിംഗുവിലെ റോഡ് ഗതാഗതത്തിന് തുറന്നുകൊടുക്കണമെന്നാണ് ഇവരുടെ ആവശ്യം.
അതേസമയം, സംഘര്‍ഷത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്നും ഡല്‍ഹി പോലീസ് അറിയിച്ചിട്ടുണ്ട്. 37 കര്‍ഷക നേതാക്കള്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. പ്രകോപനപരമായ പ്രസംഗമാണ് അക്രമങ്ങള്‍ക്ക് കാരണമായതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.