ഉപ്പള:
മലബാറിലെ തീവണ്ടി യാത്രാദുരിതത്തിന് പരിഹാരമായി മെമു(മെയിന്‍ ലൈന്‍ ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂനിറ്റ്) സര്‍വീസ് മംഗലാപുരത്തേക്ക് നീട്ടുകയും കുമ്പളയ്ക്കും മഞ്ചേശ്വരത്തിനും ഇടയിൽ സ്റ്റോപ്പ് അനുവദിക്കുകയും വേണമെന്നും സോഷ്യൽ വെൽഫെയർ ഉപ്പള ഗേറ്റ് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് റെയിൽവേ മന്ത്രി പീയൂഷ് ഗോയലിന് കത്തയച്ചു.
ജോലി ചെയ്യുന്നവരും വിദ്യാർത്ഥികളുമായി രാവിലേയും വൈകീട്ടും തീവണ്ടിയെ ആശ്രയിക്കുന്ന ആയിരക്കണക്കിന് യാത്രക്കാരാണ് മലബാര്‍ മേഖലയിലുളളത്. തിരക്ക് ഒഴിവാക്കാൻ മെമു സർവീസ് വേണമെന്നത് യാത്രക്കാരുടെ കാലങ്ങളായുളള ആവശ്യമാണ്.
കേരളത്തിൽ ഇപ്പോൾ മെമു ട്രെയിൻ സർവീസ് നടത്താൻ അനുമതി ലഭിച്ചിട്ടുമുണ്ട്. മെമു റാക്ക് ലഭ്യമാകുന്ന രീതിയിൽ സർവീസ് നടത്തണമെന്നാണ് റെയിൽവേ ഡിവിഷനുകൾക്ക് നിർദേശംനൽകിയത്. ദക്ഷിണ റെയിൽവേയ്ക്ക് എട്ട് റാക്കുകളുള്ള 13 ബോഗി ട്രെയിനുകൾ കിട്ടും. എന്നാൽ, കാസർകോട്-മംഗളൂരു ഭാഗം പൂർണമായും ഇതിൽനിന്ന് ഒഴിവാക്കിയിരിക്കുകയാണ്. നിലവിൽ അംഗീകരിച്ച റൂട്ടിൽ കാസർകോട്, മംഗളൂരു ഭാഗം കൂടി ഉൾപ്പെടുത്തണമെന്ന് സോഷ്യൽ വെൽഫെയർ കൾച്ചറൽ അസോസിയേഷൻ ഉപ്പള ഗേറ്റ് ആവശ്യപ്പെട്ടു.