തിരുവനന്തപുരം: സിപിഎം നിലപാടില്‍ പ്രതിഷേധിച്ചു പൂന്തുറ സിറാജ് ഐഎന്‍എല്‍ വിട്ടു, പിഡിപിയിലേക്കു മടങ്ങി. പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനിയുടെ മുഖവും ശബ്ദവും ഇഷ്ടമില്ലാത്ത സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് ഐഎന്‍എല്‍ വിട്ടു സാധാരണ പ്രവര്‍ത്തകനായി പിഡിപിയിലേക്കു മടങ്ങുന്നതെന്നു മുന്‍ വര്‍ക്കിംഗ് ചെയര്മാന് കൂടിയായ പൂന്തുറ സിറാജ് അറിയിച്ചു.ചികിത്സയുമായി ബന്ധപ്പെട്ടു സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന പൂന്തുറ സിറാജ് മടങ്ങിയെത്തിയ ശേഷം കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം പൂന്തുറ സിറാജ് പിഡിപിയില്‍ നിന്നു രാജിവച്ച് ഐഎന്‍എല്ലില്‍ ചേര്‍ന്നിരുന്നു. തുടര്‍ന്നു തിരുവനന്തപുരം കോര്‍പറേഷനിലെ മാണിക്കവിളാകം വാര്‍ഡില്‍നിന്നു മത്സരിക്കാന്‍ ധാരണയായി.
എന്നാല്‍, സിപിഎം ജില്ലാ കമ്മിറ്റി എതിര്‍ത്തു. തുടര്‍ന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവനുമായി, ഐഎന്‍എല്‍ നേതാക്കള്‍ ചര്‍ച്ച നടത്തി. പൂന്തുറ സിറാജിനെ ഒരുകാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്നാണു വിജയരാഘവന് അറിയിച്ചത്. തുടര്‍ന്നു സീറ്റും ലഭിച്ചില്ല.