അബുദാബി: ഒരു ലക്ഷം ദിര്‍ഹം അപഹരിച്ചതിന് കോണ്‍ട്രാക്ടര്‍ക്കെതിരെ നല്‍കിയിരുന്ന പരാതി പിന്‍വലിച്ച് യുഎഇ സ്വദേശി. കോടതിയില്‍ വെച്ച് വിചാരണയ്‍ക്കിടെയായിരുന്നു നാടകീയമായി പരാതിക്കാരന്റെ പിന്മാറ്റമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു.
പരാതിക്കാരന് വീട് നിര്‍മിക്കാന്‍ അഡ്വാന്‍സ് തുക കരാറുകാരന്‍ കൈപ്പറ്റിയിരുന്നു. തുടര്‍ന്ന് വീടിന്റെ ഫൌണ്ടേഷന്‍ ജോലികള്‍ തുടങ്ങി. എന്നാല്‍ ആഴ്‍ചകള്‍ക്ക് ശേഷം കരാറുകാരന്റെ സാമ്ബത്തിക പ്രതിസന്ധി കാരണം നിര്‍മാണ പ്രവൃത്തികള്‍ നിലച്ചു. ഇത് മനസിലാക്കിയ വീട്ടുടമ പ്രതിസന്ധി മറികടന്ന് പണി തുടരാന്‍ ഒരു ലക്ഷം ദിര്‍ഹത്തിന്റെ ചെക്ക് നല്‍കുകയായിരുന്നു.
എന്നാല്‍ പറഞ്ഞ സമയത്ത് പണി പൂര്‍ത്തിയാക്കാതെ വന്നതോടെ വീട്ടുടമ പരാതിയുമായി അബുദാബി പൊലീസിനെ സമീപിച്ചു.
കരാറുകാരന്റെ ചെക്ക് പണമില്ലാതെ മടങ്ങിയതിനും പരാതി നല്‍കി. തന്റെ പണം തിരികെ നല്‍കണമെന്ന് വീട്ടുടമ ആവശ്യപ്പെട്ടു. ഒത്തുതീര്‍പ്പിന് ശ്രമിച്ച് പരാജയപ്പെട്ടതിനെ തുടര്‍ന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ കേസ് കോടതിയിലേക്ക് റഫര്‍ ചെയ്‍തു.
നാട്ടില്‍ ഗുരുതര രോഗം ബാധിച്ച തന്റെ അമ്മയുടെ ചികിത്സക്കായി ആ പണം തനിക്ക് ഉപയോഗിക്കേണ്ടിവന്നതായി വിചാരണയ്ക്കിടെ കരാറുകാരന്‍ കോടതിയെ അറിയിച്ചു. ‘അമ്മയുടെ നില ഗുരുതരമായിരുന്നു. ചികിത്സക്കായി തന്റെ കൈവശം പണമുണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ വീട് നിര്‍മാണത്തിന് ലഭിച്ച പണം ഉപയോഗിച്ച് ആശുപത്രി ബില്ല് അടയ്‍ക്കുകയായിരുന്നു. എന്നാല്‍ അദ്ദേഹത്തെ കബളിച്ച് പണവുമായി കടന്നുകളയാന്‍ താനിക്ക് ഉദ്ദേശമേയില്ലെന്നും’ കരാറുകാരന്‍ കോടതിയില്‍ പറഞ്ഞു. കരാറുകാരന്റെ ദുരിതം മനസിലാക്കിയ വീട്ടുടമ അയാള്‍ക്കെതിരായ പരാതി പിന്‍വലിക്കുകയായിരുന്നു. ഇയാള്‍ക്കെതിരായ ക്രിമിനല്‍ ചാര്‍ജുകള്‍ കോടതി ഒഴിവാക്കി നല്‍കുകയും ചെയ്‍തു.
ഒരു ലക്ഷം ദിര്‍ഹം അപഹരിച്ചതിന് കോണ്‍ട്രാക്ടര്‍ക്കെതിരെ നല്‍കിയ പരാതി പിന്‍വലിച്ച് യുഎഇ സ്വദേശി ; കോടതിയില്‍ വെച്ച് വിചാരണയ്‍ക്കിടെ നാടകീയ രംഗം
Read Time:2 Minute, 50 Second