ഉപ്പള: ഉപ്പള റെയിൽവെ സ്റ്റേഷനിലെ നിലവിലെ കൊമേഴ്‌ഷ്യൽ ക്‌ളർക്കിനെ ഒഴിവാക്കി പകരം സ്വകാര്യ ഹാൾട്ട് ഏജന്റിനെ നിയമിക്കാൻ റെയിൽവേയുടെ ഭാഗത്ത് നിന്നും നീക്കമാരംഭിച്ചു. ഇതിനായി റെയിൽവെ ഹാൾട്ട് ഏജന്റിന് വേണ്ടിയുള്ള ടെൻഡർ പുറപ്പെടുവിച്ചു.
ഉപ്പള റെയിൽവെ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നതടക്കം മറ്റു പല ആവശ്യങ്ങളുമായി സേവ് ഉപ്പള റെയിൽവെ സ്റ്റേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാപാരികളുടെ പിന്തുണയോടെയുള്ള നിരന്തര പോരാട്ടവും, കാസറഗോഡ് എം. പി രാജ്‌മോഹൻ ഉണ്ണിത്താന്റെ ഇടപെടലുകൾ, മുൻ എം. പി പി. കരുണാകരൻ നടത്തിയ ഇടപെടലുകൾ, പി എ സി ചെയർമാൻ പി. കെ കൃഷ്ണദാസ് നടത്തിയ ഇടപെടലുകൾ, എച്ച് ആർ പി എമ്മിന്റെ നേതൃത്വത്തിൽ നടന്ന ഒരു മാസം നീണ്ടു നിന്ന സമരവും, മറ്റു രാഷ്ട്രീയ സാമൂഹിക സംഘടനകളുടെ നേതൃത്തിലുള്ള പ്രയത്നവും നടന്നിരുന്നു.
നേരത്തെ 2018 ൽ ഐ ബി യുടെ പ്രവൃത്തി തുടങ്ങുന്ന വേളയിലും ഉപ്പളയിലേക്ക് ഹാൾട്ട് ഏജന്റിനെ നിയമിക്കാനായി റെയിൽവെ ശ്രമം നടത്തിയിരുന്നു. അന്ന് ഹാൾട്ട് ഏജന്റിന് വേണ്ടിയുള്ള ടെൻഡർ പുറപ്പെടുവിച്ചിരുന്നു. തുടർന്ന് സേവ് ഉപ്പള റെയിൽവെ സ്റ്റേഷൻ കമ്മിറ്റി ഭാരവാഹികൾ ഡി ആർ എമ്മിനെ ഓഫീസിൽ ചെന്ന് നേരിട്ട് കണ്ട് ചർച്ച നടത്തിയതിനെ തുടർന്ന് ഈ ടെണ്ടർ പിൻവലിച്ചിരുന്നു.
ഉപ്പളയെ ഐ ബി യാക്കി മാറ്റുമ്പോൾ ഇവിടെയിരുന്ന സ്റ്റേഷൻ മാസ്റ്റർമാരെ ഒഴിവാക്കി ഹാൾട്ട് ഏജന്റിനെ നിയമിക്കാനായിരുന്നു പിന്നീടത്തെ പദ്ധതി. എന്നാൽ സേവ് ഉപ്പള റെയിൽവെ സ്റ്റേഷൻ കമ്മിറ്റി ഇടപെട്ട് ഹാൾട്ട് ഏജന്റിന് പകരം കൊമേഴ്‌ഷ്യൽ ക്‌ളർക്കിനെ നിയമിക്കണമെന്നും ഒപ്പം റിസർവേഷൻ ബുക്കിംഗ് സൗകര്യം ആരംഭിക്കണമെന്നും ശക്തമായി ആവശ്യപ്പെട്ടു. ഇത് റെയിൽവെ അംഗീകരിക്കുകയും കൊമേഴ്‌ഷ്യൽ ക്‌ളർക്കിനെ നിയമിക്കുകയും മാർച്ച് 8 മുതൽ റിസർവേഷൻ സൗകര്യം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ മാർച്ച് 22 ന് രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും അതിനു മുമ്പ് തന്നെ കൗണ്ടർ വഴിയുള്ള ടിക്കറ്റ് വിതരണവും നിലച്ചതോടെ ഉപ്പളയടക്കം എല്ലാ റെയിൽവെ സ്റ്റേഷനുകളിലെയും ടിക്കറ്റ് വിതരണം നിലച്ചിരുന്നു. ഇതിനിടയിലാണ് ഉപ്പളയിൽ നിന്ന് കൊമേർഷ്യൽ ക്‌ളർക്കിനെ ഒഴിവാക്കാനും പകരം ഹാൾട്ട് ഏജന്റിനെ നിയമിക്കാനും റെയിൽവെ ശ്രമിച്ചു വരുന്നത്. ഹാൾട്ട് ഏജന്റിന് റിസർവേഷൻ ടിക്കറ്റ് നൽകാൻ അധികാരമില്ല. ഇതോടെ ഉപ്പളയിലെ റിസർവേഷൻ ബുക്കിംഗ് സൗകര്യവും നിർത്തലാവും. സാധാരണ റെയിൽവെയിൽ പുതിയ സ്റ്റോപ്പുകളോ സൗകര്യങ്ങളോ മറ്റോ നൽകുമ്പോൾ ആദ്യ ആറു മാസം പരീക്ഷണാടിസ്ഥാനത്തിൽ ചെയ്ത് അതിന്റെ കണക്കുകൾ നോക്കി തുടർനടപടി എടുക്കാറുണ്ട്. ഉപ്പളയുടെ കാര്യത്തിൽ അതുണ്ടായില്ല. ഇത് നാട്ടുകാരുടെ ഇടയിൽ വലിയ രോഷത്തിനിടയാക്കി.
റെയിൽവേയുടെ കൊമേഴ്‌ഷ്യൽ വിഭാഗത്തിൽ മതിയായ ജീവനക്കാരെ നിയമിക്കാത്തതാണ് ഹാൾട്ട് ഏജന്റിനുള്ള ടെൻഡറുകൾ പുറപ്പെടുവിക്കാനുള്ള കാരണമെന്ന് പല കോണുകളിൽ നിന്നും ആക്ഷേപം ഉയരുന്നുണ്ട്. ജീവനക്കാരില്ലാത്തതിനാൽ ചില ഗുഡ്സ് ഷെഡ്ഡുകളും പ്രവർത്തിക്കുന്നില്ലെന്നും ആക്ഷേപം ഉയരുന്നു.
നേരത്തെ ഉപ്പളയെ ഐ ബിയാക്കി മാറ്റുമ്പോൾ ഉപ്പളയിലെ നിലവിലെ സൗകര്യങ്ങളൊന്നും ഒഴിവാക്കില്ലെന്നും ‘സ്റ്റാറ്റസ് കൊ’ തുടരുമെന്നും സതേൺ റെയിൽവെ ജനറൽ മാനേജറും റെയിൽവേയുടെ പി എ സി ചെയർമാനും ഉറപ്പ് തന്നിരുന്നു. അധികൃതർ ഇത് മറന്ന മട്ടാണിപ്പോൾ.
റെയിൽവേയുടെ ഈ നീക്കത്തെ സേവ് ഉപ്പള റെയിൽവെ സ്റ്റേഷൻ കമ്മിറ്റി ശക്തമായി അപലപിച്ചു. പാലക്കാട് ഡിവിഷൻ ഡി ആർ എമ്മിന് തങ്ങളുടെ പ്രതിഷേധക്കത്ത് അയച്ചു. റെയിൽവേ ഈ നീക്കത്തിൽ നിന്ന് പിന്തിരിയണമെന്ന് കമ്മിറ്റി ഭാരവാഹികളായ അഡ്വ. ബാലകൃഷ്ണ ഷെട്ടി, അസീം മണിമുണ്ട, മുഹമ്മദ് റഫീഖ് കെ. ഐ, എം.കെ അലി മാസ്റ്റർ, നാഫി ബപ്പായ്‌തൊട്ടി തുടങ്ങിയവർ ചേർന്ന് സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.