റിയാദ്: പുതിയ തൊഴില്‍ പരിഷ്‌കരണ നടപടികളുമായി സൗദി മാനവവിഭവശേഷി മന്ത്രാലയം. സൗദിയിലെ തൊഴിലുടമകളും തൊഴിലാളികളും തമ്മിലുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമാണ് ഇത്. മാനവവിഭവ ശേഷിയുടെ കാര്യക്ഷ്മമായ നടപ്പാക്കലാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പരിഷ്‌കരണ നടപടികള്‍ 2021 മാര്‍ച്ച് 14 മുതലായിരിക്കും പ്രാബല്യത്തില്‍ വരികയെന്ന് മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു. പുതിയ നിയമമനുസരിച്ച് തൊഴിലാളിക്ക് തൊഴില്‍ കരാര്‍ അവസാനിച്ചാല്‍ തൊഴിലുടമയായ സ്‌പോണ്‍സറുടെ സമ്മതമില്ലാതെതന്നെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റി മറ്റൊരാളുടെ കീഴില്‍ ജോലി ചെയ്യാനാകും.
ഇത് നിരവധി പ്രവാസികള്‍ക്ക് ഗുണകരമാകും.
ഒരു തൊഴിലാളിക്ക് തന്റെ കോണ്‍ട്രാക്‌ട് അവസാനിച്ച ശേഷം നാട്ടിലേക്ക് തിരികെ പോകാനും ജോലിക്കിടയില്‍ അവധിക്കായി നാട്ടിലേക്ക് പോയി തിരിച്ചു വരാനും തൊഴിലുടമയായ സ്‌പോണ്‍സറുടെ അനുമതി വേണമെന്നില്ല എന്നതും പുതിയ പരിഷ്‌ക്കരണത്തില്‍ ഉണ്ട്. ഇതും മലയാളികള്‍ അടക്കമുള്ളവര്‍ക്ക് ആശ്വാസമാണ്. മെച്ചപ്പെട്ട തൊഴില്‍ തേടാനും കഴിയും.
നിലവില്‍ സ്‌പോണ്‍സറുടെ അനുമതി ഇല്ലാതെ തൊഴിലാളിക്ക് സൗദി അറേബ്യയില്‍നിന്നു തിരികെ പോകാനോ തിരിച്ചെത്താനോ സാധ്യമല്ല. ഇതാണ് ഇനി മുതല്‍ ഇല്ലാതാകുന്നത്. സൗദി ചരിത്രത്തിലെ 70 വര്‍ഷത്തോളം പഴക്കമുള്ള നിയമമാണ് പൊളിച്ചെഴുതുന്നത്. രാജ്യത്തിന്റെ സാമ്ബത്തിക പുരോഗതി ലക്ഷ്യമിട്ടാണ് നടപടികള്‍.
ഏഴു ദശകത്തോളമായി നിലനില്‍ക്കുന്ന സ്പോണ്‍സര്‍ഷിപ്പ് സമ്ബ്രദായം എടുത്തുകളയുന്നതോടെ സൗദിയില്‍ ജോലിചെയ്യുന്ന ഒരുകോടിയോളം വിദേശികള്‍ക്കിതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തല്‍.
വിദേശ തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികളുടെ ഭാഗമായാണ് സ്പോണ്‍സര്‍ഷിപ്പ് സമ്ബ്രദായവും നിര്‍ത്തലാക്കാനുള്ള നീക്കം. പദ്ധതി പ്രാബല്യത്തിലായാല്‍ വിദേശികളുടെ ഫൈനല്‍ എക്‌സിറ്റ്, റീ- എന്‍ട്രി വിസ നടപടികള്‍ എളുപ്പമാകും എന്നാണ് വിലയിരുത്തല്‍.
തൊഴില്‍ ലഭിക്കുന്നതിനും സ്പോണ്‍സറുടെ അനുമതിയില്ലാതെ സൗദിക്ക് പുറത്തേക്കു യാത്ര ചെയ്യുന്നതിനും സാധിക്കും. വിദേശ തൊഴിലാളികളുടെ താമസം, വിനോദം അടക്കമുള്ള പദ്ധതികളിലും സമൂല മാറ്റമുണ്ട്. തൊഴില്‍ വിപണി മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് പുതിയ നീക്കങ്ങള്‍.