വാഹനപരിശോധനയ്ക്കിടെ ട്രാഫിക്ക് പൊലീസ് തടഞ്ഞു നിര്‍ത്തി പിഴയൊടുക്കാനുള്ള ചലാന്‍ നീട്ടിയപ്പോള്‍ അരുണ്‍ കുമാര്‍ എന്ന സ്‍കൂട്ടര്‍ യാത്രികന്‍ അന്തംവിട്ടു. ചലാന്‍ കടലാസിന് രണ്ട് മീറ്ററോളം നീളം. അതില്‍ നിറയെ 77 ഓളം ഗതാഗത നിയമലംഘനങ്ങളുടെ കണക്കുകള്‍. പിഴയോ 42500 രൂപയും!
ബംഗളൂരുവിലാണ് സംഭവം. 20000 രൂപ പോലും വില ലഭിക്കാത്ത സെക്കന്‍ഡ് ഹാന്‍ഡ് സ്‍കൂട്ടറിന് ഇത്രയും തുക പിഴയായി യുവാവ് പുലിവാല് പിടിച്ച കഥ ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
മദിവാല സ്വദേശിയായ അരുണ്‍ കുമാര്‍ എന്ന് പച്ചക്കറി കച്ചവടക്കാരനാണ് സ്‍കൂട്ടറിന്‍റെ വിലയെക്കാള്‍ വലിയ തുക ഫൈനായി ലഭിച്ചത്. ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നത് കണ്ടാണ് മദിവാല ട്രാഫിക് എസ്‌ഐ ശിവരാജ് കുമാര്‍ അംഗദിയും സംഘവും വാഹനം തടഞ്ഞത്.
തുടര്‍ന്ന് രണ്ടുകൊല്ലത്തിനിടെ ഈ സ്‍കൂട്ടര്‍ നടത്തിയ 77-ഓളം ഗതാഗതനിയമ ലംഘനങ്ങള്‍ക്കാണ് പൊലീസ് പിഴയിട്ടത്. ട്രാഫിക് സിഗ്നല്‍ ലംഘനം, മൂന്നുപേര്‍ യാത്രചെയ്തത്, ഹെല്‍മെറ്റ് ഇല്ലാതെ യാത്ര എന്നിങ്ങനെ പോകുന്നു ഗതാഗതനിയമ ലംഘനങ്ങള്‍.
എന്നാല്‍ വിറ്റാല്‍ 20,000 രൂപപോലും കിട്ടാത്ത സ്‍കൂട്ടറിന്റെ വിലയെക്കാള്‍ ഇരട്ടിതുക പിഴയടയ്ക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ ഉടമ വാഹനം ഉപേക്ഷിച്ചു പോയി. ഇതോടെ പൊലീസ് വാഹനം സ്‍റ്റേഷനില്‍ എത്തിച്ചു. പിഴ അടച്ചില്ലെങ്കില്‍ വാഹനം ലേലം ചെയ്യുമെന്നും പൊലീസ് പറഞ്ഞു. ഇനി സ്‍കൂട്ടര്‍ വിട്ടുകിട്ടണമെങ്കില്‍ ഉടമ പിഴ കോടതിയില്‍ അടയ്ക്കണം എന്നാണ് റിപ്പോര്‍ട്ടുകള്‍.