ദുബൈ: എമിറേറ്റിലെ ഗതാഗത സുരക്ഷ വകുപ്പിനായി പൊതുഗതാഗത സംവിധാനത്തില്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നു. ഇതിനായി ഹംദാന്‍ സ്മാര്‍ട്ട് സ്റ്റേഷന് ഫോര്‍ സിമുലേഷന്‍ ആന്‍ഡ് ട്രെയിനിങ് കേന്ദ്രത്തില്‍ അത്യാധുനിക പരിശീലന പദ്ധതികളാവിഷ്കരിക്കുന്നു. ഇതിെന്റ മുന്നോടിയായി ഹംദാന്‍ സ്മാര്‍ട്ട് സ്റ്റേഷന് ഫോര്‍ സിമുലേഷന്‍ ആന്‍ഡ് ട്രെയിനിങ് കേന്ദ്രം ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ആല് മക്തൂം ഔദ്യോഗികമായി തുറന്നു.
അത്യാഹിതങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും സുരക്ഷ ഉറപ്പു വരുത്തുന്നതിനും നിയമപാലകരുടെ സന്നദ്ധത വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. എല്ലാ മെട്രോ സ്റ്റേഷനുകളിലും ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതികവിദ്യ വരും മാസങ്ങളില്‍ ആരംഭിക്കുമെന്ന് ദുബൈ പൊലീസ് ഗതാഗത സുരക്ഷ വകുപ്പിലെ ജമാല്‍ റാഷെഡ് പറഞ്ഞു.
വലിയ ജനക്കൂട്ടത്തെ തിരിച്ചറിയാനും നിയന്ത്രിക്കാനും കൊറോണ വൈറസ് വ്യാപനം ചെറുക്കുന്നതിന് സാങ്കേതികവിദ്യകളായ തെര്‍മല്‍ കാമറകളും സ്മാര്‍ട്ട് ഗ്ലാസുകളും ഹെല്‍മെറ്റുകളും ഉപയോഗത്തിലുണ്ട്. മുമ്ബ് പ്രതിയെ തിരിച്ചറിയാന്‍ കുറഞ്ഞത് അഞ്ച് മണിക്കൂറെങ്കിലും എടുത്തിരുന്നു, ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു മിനിറ്റില്‍ താഴെ സമയത്തിനകം തിരിച്ചറിയാനാകുമെന്ന് ജമാല്‍ റാഷെഡ് ചൂണ്ടിക്കാട്ടി.
ഓപറേഷന് റൂമില്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട് സെക്യൂരിറ്റി സിസ്റ്റങ്ങള്‍, ദുബൈ മെട്രോ സ്റ്റേഷനുകളില്‍ സ്ഥാപിച്ച സി.സി.ടി.വി സംവിധാനങ്ങള്‍, എക്സ്പോ 2020 മെട്രോ സ്റ്റേഷനില്‍ സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) നിരീക്ഷണ കാമറകള്‍, സ്മാര്‍ട്ട് ബയോമെട്രിക് അറ്റന്‍ഡന്‍സ് സംവിധാനം എന്നിവയെക്കുറിച്ച് ട്രെയിനിങ് കേന്ദ്രം അധികൃതര്‍ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദിന് മുന്നില്‍ വിശദീകരിച്ചു. യു.എ.ഇ സുരക്ഷ മേഖല ആഗോളതലത്തില്‍ പുരോഗമിച്ചെന്ന് ശൈഖ് ഹംദാന്‍ പറഞ്ഞു. നേതൃത്വത്തിെന്റ മാര്‍ഗനിര്‍ദേശത്തിനും രാജ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിനും മുഴുവന്‍ സമൂഹത്തിനും സംരക്ഷണം ഉറപ്പുവരുത്തുന്നതിനുമുള്ള പ്രത്യേക താല്പര്യത്തിന് ഹംദാന്‍ നന്ദി പറഞ്ഞു.
സംശയാസ്പദമായതും ദുരൂഹമായി കണ്ടെത്തുന്നതുമായ ആളുകളെ തിരിച്ചറിയുന്നതിനുള്ള ഫലപ്രാപ്തി പുതിയ സാങ്കേതികവിദ്യ തെളിയിച്ചിട്ടുണ്ടെന്ന് ദുബൈയിലെ ഗതാഗത സുരക്ഷ വിഭാഗം ഡയറക്ടര്‍ ഒബയ്ദ് അല്‍ ഹത്ത്ബൂര്‍ പറഞ്ഞു. അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മുഖം തിരിച്ചറിയാനുള്ള ബയോമെട്രിക് സംവിധാനം പ്രയോജനപ്പെടുത്തുന്നുണ്ട്. മെട്രോ സ്റ്റേഷനുകളിലും മറ്റു ഗതാഗത മേഖലകളിലും ഉയര്‍ന്ന സുരക്ഷ ഉറപ്പുവരുത്തുന്നതിനായി നിലവിലെ സാങ്കേതികവിദ്യ വികസിപ്പിച്ച് ശേഷി ഉയര്‍ത്താനാണ് ശ്രമിക്കുന്നതെന്ന് അല്‍ ഹത്ത്ബൂര്‍ പറഞ്ഞു.
സാങ്കേതികവിദ്യ പരിപോഷിപ്പിക്കുന്ന പ്രത്യേക യൂനിറ്റിലെ അംഗങ്ങളെ എക്സ്പോ 2020യില്‍ പ്രധാന മെട്രോ സ്റ്റേഷനുകളിലേക്ക് അയക്കും. ഹംദാന്‍ സ്മാര്‍ട്ട് സ്റ്റേഷനില്‍ സംഘടിപ്പിച്ച ഗതാഗത സുരക്ഷ വിദഗ്ധര്‍ക്കായുള്ള വര്‍ക്ഷോപ്പ് ഗിന്നസ് റെക്കോഡ് നേടിയതില്‍ ശൈഖ് ഹംദാന്‍ അഭിനന്ദനം അറിയിച്ചു. 321 വിദഗ്ധര്‍ പങ്കെടുത്ത ശില്പശാലയില് സുരക്ഷ മേഖല നേരിടുന്ന പ്രധാന വെല്ലുവിളികളാണ് ചര്‍ച്ച ചെയ്തത്.
ഉദ്ഘാടനത്തില്‍ ദുബൈ ഡെപ്യൂട്ടി ചീഫ് ഓഫ് പൊലീസ്, ജനറല്‍ സെക്യൂരിറ്റി ലെഫ്റ്റനന്റ് ജനറല്‍ ധാഹി ഖല്ഫാന് തമീം; ദുബൈ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ലെഫ്റ്റനന്റ് ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മാരി, ദുബൈയിലെ സ്റ്റേറ്റ് സെക്യൂരിറ്റി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ തലാല്‍ ബെല്‍ഹോള്‍, ഡയറക്ടര്‍ ജനറല്‍ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി എക്സിക്യൂട്ടിവ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്മാന് മത്താര്‍ മുഹമ്മദ് അല്‍തായര്‍, ദുബൈ ട്രാന്‍സ്പോര്‍ട്ട് സെക്യൂരിറ്റി വിഭാഗം ഡയറക്ടര്‍ കേണല്‍ ഒബെയ്ദ് അല്‍ ഹത്ത്ബൂര്‍ എന്നിവര്‍ പങ്കെടുത്തു.