കോട്ടയം: യാത്രക്കാരെ കാത്ത് റെയില്‍വേ സ്റ്റേഷനുകള്‍ക്കുപുറത്ത് ഇനി വാടക ബൈക്കുകളും. സംസ്ഥാനത്തെ 15 സ്റ്റേഷനുകളില്‍ വാടകക്ക് ഇരുചക്രവാഹനങ്ങള്‍ ലഭ്യമാക്കാനുള്ള പദ്ധതിയുമായി റെയില്‍വേ. സ്വകാര്യസംരംഭകരുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ഇതിനായി തിരുവനന്തപുരം ഡിവിഷന് കമേഴ്സ്യല്‍ വിഭാഗം ടെന്‍ഡര്‍ ക്ഷണിച്ചു. അഞ്ചുവര്‍ഷത്തേക്കാണ് കരാര്‍. ഡിസംബര്‍ ഒന്നിന് ടെന്‍ഡര്‍ തുറക്കും. അനുയോജ്യമെന്ന് കണ്ടെത്തുന്ന കമ്ബനിക്ക് ഉടന്‍ കരാര്‍ നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.
സ്റ്റേഷനിലിറങ്ങുന്ന യാത്രക്കാരന് റെയില്‍വേ ഒരുക്കുന്ന കൗണ്ടറില്‍ ബന്ധപ്പെട്ട് ബൈക്ക് വാടകക്കെടുക്കാം. മണിക്കൂറടിസ്ഥാനത്തിലാകും വാടകയെങ്കിലും ആവശ്യക്കാര്‍ ഏറുേമ്ബാള് നിരക്ക് വര്‍ധിക്കും. 150 രൂപ മിനിമം ഈടാക്കാന്‍ ധാരണയായിട്ടുണ്ടെങ്കിലും മണിക്കൂറടിസ്ഥാനത്തിലുള്ള തുകയില്‍ തീരുമാനമായിട്ടില്ല. ഓട്ടോറിക്ഷയേക്കാള്‍ കുറഞ്ഞ നിരക്കാകുമെന്നാണ് റെയില്‍വേ നല്കുന്ന സൂചന. വാടകത്തുകയില്‍ നിശ്ചിത ശതമാനം റെയില്‍വേക്ക് ലഭിക്കും. ആറ് ബൈക്കുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം കരാര്‍ കമ്ബനിക്ക് റെയില്‍വേ ഒരുക്കിനല്കും.
കൂടുതല്‍ വണ്ടികള്‍ പാര്‍ക്ക് ചെയ്യാന്‍ കരാറുകാരന് പ്രത്യേകമായി പുറത്ത് സ്ഥലം കണ്ടെത്തണം. സ്ത്രീകളെക്കൂടി ലക്ഷ്യമിട്ട് ഗിയര്‍ലെസ് സ്കൂട്ടറുകളാകും ഒരുക്കുക.
സ്റ്റേഷനിലിറങ്ങി ചെറുയാത്രകള്ക്കുശേഷം മടങ്ങിപ്പോകുന്നവര്‍ സംവിധാനം ഉപയോഗിക്കുമെന്നാണ് റെയില്‍വേയുടെ പ്രതീക്ഷ. ഡ്രൈവിങ് ലൈസന്സിെന്റയും തിരിച്ചറിയല്‍ കാര്ഡിെന്റയും പകര്‍പ്പ് നല്കിയാല് വണ്ടി ലഭിക്കും. ഇന്ധനച്ചെലവ് വാടകക്കെടുക്കുന്നയാള് വഹിക്കണം. തിരിച്ചേല്പിക്കുന്നതുവരെ ഉത്തരവാദി വാടകക്കാരനായിരിക്കും.
കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമല യാത്രക്കാര്‍ക്ക് ചെങ്ങന്നൂര്‍ സ്റ്റേഷനില്‍ 10 ബുള്ളറ്റ് ബൈക്കുകള്‍ വാടകക്ക് ലഭ്യമാക്കിയിരുന്നു. ഇതിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. അടുത്തിടെ തിരുവനന്തപുരം ഡിവിഷനു കീഴിലെ നാല് സ്റ്റേഷനുകളില്‍ ‘റെന്റ് എ കാര്‍’ ആരംഭിച്ചിരുന്നെങ്കിലും കോവിഡിനെത്തുടര്‍ന്ന് നിലച്ചിരുന്നു.
ബൈക്കുകള്‍ ലഭിക്കുന്ന സ്റ്റേഷനുകള്‍
തിരുവനന്തപുരം സെന്‍ട്രല്‍
കൊച്ചുവേളി
കഴക്കൂട്ടം
വര്‍ക്കല
കൊല്ലം
ചെങ്ങന്നൂര്‍
കോട്ടയം
തൃപ്പൂണിത്തുറ
ആലപ്പുഴ
എറണാകുളം ജങ്ഷന്
എറണാകുളം ടൗണ്‍
ആലുവ
അങ്കമാലി
ചാലക്കുടി
തൃശൂര്‍