തനിക്ക് വായ്പ നിഷേധിച്ച ബാങ്കിനെ തന്നെ വിലയ്ക്കുവാങ്ങി യുവ സംരംഭകൻ – “നിങ്ങളുടെ സ്വപ്നം ഒരിക്കലും ഉപേക്ഷിക്കരുത്,കഠിനമായി പരിശ്രമിച്ചാല്‍ ഒരുദിവസം അത് നടപ്പിലാവുക തന്നെ ചെയ്യും”

തനിക്ക് വായ്പ നിഷേധിച്ച ബാങ്കിനെ തന്നെ വിലയ്ക്കുവാങ്ങി യുവ സംരംഭകൻ – “നിങ്ങളുടെ സ്വപ്നം ഒരിക്കലും ഉപേക്ഷിക്കരുത്,കഠിനമായി പരിശ്രമിച്ചാല്‍ ഒരുദിവസം അത് നടപ്പിലാവുക തന്നെ ചെയ്യും”

0 1
Read Time:5 Minute, 31 Second

‘പ്രതികാരം മധുരമാണ്’. 39 -കാരനായ ആദം ഡീറിംഗ് പറഞ്ഞു. മുന്‍പ് 21 വയസ്സുള്ളപ്പോള്‍ അദ്ദേഹം ബിസിനസ് തുടങ്ങാന്‍ ലോണ്‍ അനുവദിക്കണമെന്ന ആവശ്യവുമായി ഒരു ബാങ്കിനെ സമീപിക്കുകയുണ്ടായി, എന്നാല്‍ അന്ന് ‘വളരെ ചെറുപ്പമാണെന്നും, അനുഭവപരിചയമില്ലെന്നും’ പറഞ്ഞ് അദ്ദേഹത്തിന്റെ അപേക്ഷ ആ ധനകാര്യ സ്ഥാപനം തള്ളിക്കളഞ്ഞു. ഇന്ന് 17 വര്‍ഷങ്ങള്‍ക്ക് ശേഷം, വായ്പ നല്‍കാന്‍ തയ്യാറാകാത്ത ആ ബാങ്കുതന്നെ വിലയ്ക്ക് വാങ്ങിയിരിക്കയാണ് ആദം.
ഏകദേശം രണ്ട് പതിറ്റാണ്ട് മുമ്ബാണ് ഇംഗ്ലണ്ടിലെ ഉര്‍സ്റ്റണ്‍ നിവാസിയായ ആദം ഒരു ബിസിനസ്സ് തുടങ്ങാന്‍ ആഗ്രഹിച്ചത്. എന്നാല്‍, കൈയില്‍ ആവശ്യത്തിന് പണമില്ലാതിരുന്ന അദ്ദേഹം അതിനായി ഒരു ബാങ്ക് വായ്പ എടുക്കാന്‍ തീരുമാനിച്ചു.
ഒരു അക്കൗണ്ട് തുറക്കാനും ബിസിനസ് വായ്പയെ കുറിച്ചറിയാനുമായി അദ്ദേഹം ബാങ്ക് മാനേജരെ കാണാന്‍ പോയി. “ഞാന്‍ അന്ന് വളരെ ടെന്‍ഷനിലായിരുന്നു. മനസ്സില്‍ ലോണ്‍ അനുവദിക്കണേ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ടാണ് ബാങ്കിലേയ്ക്ക് ഞാന്‍ കാലെടുത്തു വച്ചത്. എന്റെ കൈയില്‍ അന്ന് സ്വന്തമെന്ന് പറയാന്‍ കുറേ പ്രതീക്ഷകളും, സ്വപ്നങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ, പണമില്ലായിരുന്നു. ബാങ്ക് വായ്പയെ ആശ്രയിച്ചായിരുന്നു എല്ലാം ഇരുന്നിരുന്നത്” ആദം പറഞ്ഞു. എന്നിരുന്നാലും, അദ്ദേഹത്തിന്റെ ബിസിനസ് പദ്ധതികള്‍ കേട്ടപ്പോള്‍, അക്കാലത്ത് മാനേജറായിരുന്ന ഒരു സ്ത്രീ അദ്ദേഹത്തിന് വായ്പ നിഷേധിക്കുകയായിരുന്നു.
അദ്ദേഹം വളരെ ചെറുപ്പമാണെന്നും, ബിസിനസ്സ് ചെയ്ത് പരിചയമില്ലെന്നുമെല്ലാം അവര്‍ ആദത്തോട് പറഞ്ഞു. ഈ ഘട്ടത്തില്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന് ആ വാര്‍ത്ത വല്ലാത്ത നിരാശയാണ് സമ്മാനിച്ചത്. “എനിക്ക് അപമാനവും, നിരാശയും, സങ്കടവും എല്ലാം അനുഭവപ്പെട്ടു” ആദം പറഞ്ഞു. ഏറ്റവും കഷ്ടം, ഈ സ്വപ്നത്തിനായി അദ്ദേഹം ഉണ്ടായിരുന്ന സെയില്‍സ്മാന്‍ ജോലി ഇതിനകം തന്നെ ഉപേക്ഷിച്ചിരുന്നു എന്നതാണ്. അതില്‍ നിന്ന് ലാഭം പിടിച്ച തുക ഉപയോഗിച്ച്‌ ഓഫീസിന്റെ ഒരു മാസത്തെ വാടക അദ്ദേഹം നല്‍കി. എന്തൊക്കെ തടസ്സം നേരിട്ടാലും താന്‍ പരാജയപ്പെടില്ലെന്ന് അദ്ദേഹം നിശ്ചയിച്ചു.
കടം വാങ്ങിയ ഒരു ഫോണ്‍ ഉപയോഗിച്ച്‌, ആദ്യത്തെ നാല് മാസം തന്റെ ഇടുങ്ങിയ ഓഫീസിലെ തണുത്ത തറയില്‍ ഇരുന്ന് അദ്ദേഹം ക്ലയിന്റുകളെ വിളിച്ചു. “ഒരു മേശയോ കസേരയോ വാങ്ങാന്‍ എന്റെ കൈയില്‍ പണമില്ലായിരുന്നു, ഞാന്‍ നാലുമാസം തറയില്‍ ഇരുന്നാണ് ജോലികള്‍ ചെയ്തത്” ആദം തന്റെ ഇന്‍സ്റ്റാഗ്രാമില്‍ എഴുതുന്നു. “ആദ്യ മാസങ്ങള്‍ വളരെ ബുദ്ധിമുട്ടായിരുന്നു, എനിക്ക് ഇത് തുടരാന്‍ കഴിയുമോ എന്ന് ഞാന്‍ പലവട്ടം സംശയിച്ചു. അടുത്തമാസം ബില്ലുകള്‍ എങ്ങനെ അടക്കും എന്നോര്‍ത്ത് ഒരുപാട് രാത്രികള്‍ ഞാന്‍ ഉറങ്ങാതെ കിടന്നു. എല്ലാം തീര്‍ന്നെന്ന് കരുതിയ ഒരുപാട് സന്ദര്‍ഭങ്ങളുണ്ടായിരുന്നു. പക്ഷേ, അത് ഉപേക്ഷിക്കാന്‍ മാത്രം ഞാന്‍ തയ്യാറായില്ല” അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ കഠിനാധ്വാനം എന്നാല്‍ പാഴായില്ല. ഒരു ഡെബ്റ്റ് മാനേജുമെന്റ് കമ്ബനി ഉണ്ടാക്കിക്കൊണ്ടുവരാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 2014 -ല്‍ അദ്ദേഹം അത് അഞ്ച് ദശലക്ഷം പൗണ്ടിന് (6.4 ദശലക്ഷം ഡോളര്‍) വില്‍ക്കുകയും ചെയ്‌തു. ഇന്ന് അദ്ദേഹത്തിന് സ്വന്തമായി അഞ്ച് മള്‍ട്ടി മില്യണ്‍ കമ്ബനിയുണ്ട്. അന്ന് 10000 ഡോളറിന്റെ വായ്‌പ നിഷേധിച്ച ബാങ്ക് ഇന്ന് അദ്ദേഹം 450,000 ഡോളര്‍ കൊടുത്താണ് വാങ്ങിയത്.
ഒരു മോട്ടിവേഷണല്‍ സ്പീക്കറായ അദ്ദേഹം ഇപ്പോള്‍ തന്റെ കഠിനാധ്വാനത്തിന്റെ കഥ ആയിരങ്ങളോട് പങ്കിടുന്നു. “നിങ്ങളുടെ സ്വപ്നം ഒരിക്കലും ഉപേക്ഷിക്കരുത്. ഒരുപാട് തടസ്സങ്ങളുണ്ടാകും, എന്നിരുന്നാലും കഠിനമായി പരിശ്രമിച്ചാല്‍ ഒരുദിവസം അത് നടപ്പിലാവുക തന്നെ ചെയ്യും” അദ്ദേഹം പറഞ്ഞു.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!