മഞ്ചേശ്വരം (www.haqnews.in): കാസറഗോഡ് ജില്ലയിലെ മത്സ്യബന്ധനമേഖലയ്ക്ക് ഉത്തേജനം പകർന്ന് ഏറെകാലത്തെ കാത്തിരിപ്പിന് ശേഷം മഞ്ചേശ്വരം തുറമുഖം യാഥാർത്ഥ്യമാവുന്നു.
ഉദ്ഘാടനം ഒക്ടോബർ ഒന്നിന് രാവിലെ 10. 30ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും.
ഇതൊടൊപ്പം കൊയിലാണ്ടി ഹാർബറിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും. ചടങ്ങിൽ കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി ഗിരിരാജ് സിങ് വിശിഷ്ടാതിഥിയാവും. ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ അധ്യക്ഷത വഹിക്കും.
റവന്യുഭവന നിർമാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ, രാജ്മോഹൻ ഉണ്ണിത്താൻ എംപി, എം സി കമറുദ്ദീൻ എംഎൽഎ തുടങ്ങിയവർ സംബന്ധിക്കും.
കോയിപ്പാടി, ഷിറിയ, ബങ്കര മഞ്ചേശ്വരം എന്നീ മത്സ്യഗ്രാമങ്ങളിലെ ഏകദേശം പതിനായിരത്തോളം പേരാണ് തുറമുഖ പദ്ധതിയുടെ ഗുണഭോക്താക്കളാവുകയെന്ന് ഹാർബർ എഞ്ചിനീയറിങ് വകുപ്പ് കാസർകോട് ഡിവിഷണൽ എക്സിക്യുട്ടീവ് എഞ്ചിനീയർ എ മുഹമ്മദ് അഷ്റഫ് പറഞ്ഞു.
തുറമുഖം പ്രാവർത്തികമാവുന്നതോടെ പ്രദേശത്തെ 1200ലധികം മത്സ്യത്തൊഴിലാളികൾക്ക് പ്രത്യക്ഷമായും 4800ലധികം പേർക്ക് പരോക്ഷമായും പ്രയോജനം ലഭിക്കും.
മഞ്ചേശ്വരം തുറമുഖ പദ്ധതിയുടെ മൊത്തം ചെലവ് 48.80 കോടി രൂപയാണ്. ഇതിൽ 75 ശതമാനം കേന്ദ്ര വിഹിതവും 25 ശതമാനം സംസ്ഥാന വിഹിതവുമാണ്. പദ്ധതിക്കായി ഇതുവരെ 45.71 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്.
പൂനെയിലെ കേന്ദ്രസർക്കാർ സ്ഥാപനമായ സെൻട്രൽ വാട്ടർ ആന്റ് പവർ റിസേർച്ച് സ്റ്റേഷൻ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ഹാർബർ രൂപകല്പന ചെയ്തിരിക്കുന്നത്. മഞ്ചേശ്വരം, പുഴകൾ ഒന്നിച്ച് ചേരുന്ന അഴിമുഖത്താണ് പദ്ധതി നടപ്പിലാക്കിയത് മുസോടി ഭാഗത്ത് 8.92 ഏക്കറും ഹൊസബെട്ടു ഭാഗത്ത് 2.85 ഏക്കറുമടക്കം 11.77 ഏക്കർ സ്ഥലമാണ് നിർമാണപ്രവർത്തികൾക്കായി ഡ്രഡ്ജിങ് നടത്തിയത്.
മത്സ്യബന്ധനയാനങ്ങൾക്ക് കരയ്ക്കടുപ്പിക്കുന്നതിന് ശാന്തമായ നൗകാശയം ലഭ്യമാക്കുന്നതിനായി യഥാക്രമം 490 മീറ്റർ, 530 മീറ്റർ നീളത്തിൽ പൊഴിയുടെ തെക്കും വടക്കുമായി രണ്ട് പുലിമുട്ടുകൾ നിർമിച്ചിട്ടുണ്ട്. 275 ബോട്ടുകൾക്ക് ഉപയോഗിക്കാനുള്ള സൗകര്യമാണ് വിഭാവനം ചെയ്തിട്ടുള്ളത്.
പദ്ധതിയുടെ അനുബന്ധ നിർമാണ പ്രവർത്തനങ്ങൾ നടത്തിയത് മുസോഡി ഭാഗത്താണ്. യന്ത്രവൽകൃത ബോട്ടുകൾക്കായി 80 മീറ്ററും ചെറുവള്ളങ്ങൾ അടുപ്പിക്കുന്നതിന് 20 മീറ്ററുമുൾപ്പെടെ 100 മീറ്ററിലുള്ള വാർഫും ലേലപ്പുരയും നിർമിച്ചിട്ടുണ്ട്.
അപ്രോച്ച് റോഡ്, പാർക്കിങ് ഏരിയ, ഗിയർ ഷെഡ്, നെറ്റ് മെന്റിങ് ഷെഡ്, വർക്ക് ഷോപ്പ്, ഷോപ്പ് ബിൽഡിങ്, റെസ്റ്റ് ഷെഡ്, ടോയ്ലറ്റ് ബ്ലോക്ക്, ജലസംഭരണി, ഗെയ്റ്റ് ഹൗസ്, വൈദ്യുതീകരണം തുടങ്ങിയ എല്ലാ പശ്ചാത്തല സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
സംസ്ഥാന ഹാർബർ എഞ്ചിനീയറിങ് വകുപ്പ് കാസർകോട് ജില്ലയിൽ നിലവിൽ രണ്ട് മത്സ്യബന്ധന തുറമുഖ പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്.
ഇതിൽ മഞ്ചേശ്വരം തുറമുഖം പൂർത്തീകരിക്കുകയും കാസർകോട് മത്സ്യബന്ധന തുറമുഖം പ്രവർത്തനക്ഷമമാക്കുന്നതിനായി പുലിമുട്ടിന്റെ നീളം വർദ്ധിപ്പിക്കുന്ന പ്രവർത്തി പുരോഗമിക്കുകയുമാണെന്നും എക്സിക്യുട്ടീവ് എഞ്ചിനീയർ പറഞ്ഞു.