Read Time:1 Minute, 9 Second
ബന്തിയോട്:
ഓമ്‌നി വാനില്‍ മുഖംമൂടി ധരിച്ചെത്തിയ സംഘം വിദ്യാര്‍ത്ഥികളില്‍ നിന്ന് പണവും മൊബൈല്‍ ഫോണും കവര്‍ന്നു. ശനിയാഴ്ച ഉച്ചയോടെ ബന്തിയോട് വെച്ചാണ് സംഭവം. ബന്തിയോട് ആയുസാഗര്‍ ആസ്പത്രിക്ക് സമീപത്ത് എം എസ് റോഡിലൂടെ നടന്നുവരികയായിരുന്ന വിദ്യാര്‍ത്ഥികളെ തടഞ്ഞുവെച്ച് കൈകള്‍ രണ്ടും പിറകിലോട്ട് കെട്ടിവെച്ച് പക്കലുണ്ടായിരുന്ന 1500 രൂപയും മൊബൈല്‍ ഫോണും കവര്‍ന്നുവെന്നാണ് പരാതി.
മുട്ടം ഷിറിയിലെ അമീന്‍ (16), ഉപ്പളയിലെ ഫ്‌ളാറ്റില്‍ താമസിക്കുന്ന ജുനൈദ് (16) എന്നിവരാണ് അക്രമത്തിന് ഇരയായത്. നമ്പര്‍ പ്ലാറ്റ് ഇല്ലാത്ത ഓമ്‌നി വാനിലാണ് സംഘം എത്തിയതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. കുമ്പള അഡിഷണല്‍ എസ്‌ഐ എ സോമയ്യ ആണ് കേസ് അന്വേഷിക്കുന്നത്.