ഉപ്പള :
മഞ്ചേശ്വരം താലൂക്ക് ആശുപത്രിയുടെ വികസനം ആവശ്യപ്പെട്ടുകൊണ്ട് മംഗൽപാടി ജനകീയവേദി ആരോഗ്യമന്ത്രിക്ക് 10000 ഈ മെയിൽ അയക്കും.
കേരളത്തിന്റെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന മണ്ഡലമായ മഞ്ചേശ്വരത്തിന്റെ എല്ലാ രോഗികൾക്കും ആശ്രയമായിത്തീരേണ്ട മഞ്ചേശ്വരം താലൂക്കാശുപത്രിയുടെ ശോചനീയാവസ്ഥ ചൂണ്ടിക്കിട്ടിയും,പുതിയ കെട്ടിട സമുച്ചയങ്ങളും മറ്റും ആവശ്യപ്പെട്ട് കൊണ്ട് മംഗൽപ്പാടി ജനകീയ വേദി ആരംഭിച്ച ഓൺലൈൻ ക്യാമ്പയിനിൽ നിരവധി സംഘടനകളും,രാഷ്ട്രീയ പാർട്ടികളും അണി നിരന്നതും ഇതിനോടകം ശ്രദ്ധേയമായതാണ്. കഴിഞ്ഞ വർഷം ആരോഗ്യ മന്ത്രിയെ നേരിട്ട് കണ്ടു മംഗൽപ്പാടി ജനകീയ വേദി പ്രവർത്തകർ നിവേദനം കൈമാറിയിരുന്നു.
അധികാരികൾ കണ്ണ് തുറക്കുന്നത് വരെ വേറിട്ട സമര മറകളുമായി മുന്നോട്ട് പോകാനാണ് ജനങ്ങളും,എം ജെ വി പ്രവർത്തകരും തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ ശൈലജ യ്ക്ക് 10000 ഇ മെയിൽ എന്ന സമര പദ്ധതിയുമായി ഇവർ മുന്നോട്ട് പോകുന്നത്.
കൊറോണ കാലത്ത് ചികിത്സ കിട്ടാതെ 21ജീവനുകൾ പൊലിഞ്ഞപ്പോൾ കോവിഡ് പ്രൊട്ടോകോൾ നിയമം ഉള്ളത് കൊണ്ട് മാത്രമാണ് ഇവിടെ ആളിക്കത്തേണ്ടിയിരുന്ന സമരം ഓൺലൈനായി ഒതുക്കിയതും.വിവിധ താലൂക്കിൽ അനുവദിച്ച താലൂക്ക് ആശുപത്രികൾ സൂപ്പർ സ്പെശ്യാലിറ്റി ആശുപത്രിയെ പോലും വെല്ലുന്ന തരത്തിൽ വികസിപ്പിച്ചപ്പോൾ മഞ്ചേശ്വരം താലൂക്കാശുപത്രി ഇന്നും പി.എച്.സി(പ്രൈമറി ഹെൽത്ത് സെന്റർ) സംവിധാനങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുകയാണ്.