തിരുവനന്തപുരം: ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ജയില്‍ സൂപ്രണ്ടുമാരെ സ്ഥലം മാറ്റാനുള്ള ഉത്തരവില്‍ വിട്ടുവീഴ്ച ചെയ്ത് സംസ്ഥാന ആഭ്യന്തര വകുപ്പ്. സ്ഥലംമാറ്റ പട്ടികയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ട് ജയില്‍ ഡി.ജി.പി മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. പട്ടികയിലെ ചിലരുടെ പേരുകള്‍ ഉള്‍പ്പെട്ടതിലായിരുന്നു ഋഷിരാജ് സിംഗിന് അസംതൃപ്തി ഉണ്ടായിരുന്നത്.
ഉത്തരവ് നടപ്പാക്കില്ല എന്ന് ഡി.ജി.പി നിലപാടെടുത്തതോടെയാണ് ആഭ്യന്തര വകുപ്പ് അദ്ദേഹത്തിന്റെ സമ്മര്‍ദത്തിന് വഴങ്ങാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് രണ്ടാഴ്ചയ്ക്കിടെ മൂന്നാം വട്ടവും ജയില്‍ ഡി.ജി.പിയുടെ സമ്മര്‍ദ്ദം മൂലം ട്രാൻസ്ഫര്‍ ലിസ്റ്റ് തിരുത്തപ്പെടുകയായിരുന്നു.
ഉദ്യോഗസ്ഥര്‍ മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ ഒരേ പദവിയില്‍ തുടരാന്‍ പാടില്ല എന്ന കീഴ്‌വഴക്കവും ഇതോടെ തിരുത്തപ്പെട്ടു.
പുതിയ വിവാദങ്ങള്‍ക്ക് തുടക്കം കുറിക്കേണ്ട എന്ന നയം പിന്തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിഷയത്തില്‍ ഇടപെട്ടതും ആഭ്യന്തര വകുപ്പ് ഋഷിരാജ് സിംഗിന് വഴങ്ങാനായി തീരുമാനിച്ചതുമെന്നാണ് വിവരം. താന്‍ ശുപാര്‍ശ ചെയ്ത പേരുകള്‍ക്ക് വിരുദ്ധമായി ചില പേരുകള്‍ ലിസ്റ്റില്‍ ഇടം പിടിച്ചതാണ് മൂന്ന് തവണയും ജയില്‍ ഡി.ജി.പി എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ കാരണം എന്നും സൂചനയുണ്ട്.
ഋഷിരാജ് സിംഗിന് മുന്നിൽ മുട്ട് മടക്കി സംസ്ഥാന അഭ്യന്തര വകുപ്പ്
Read Time:2 Minute, 3 Second