തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കാസര്‍ഗോഡ്, കോഴിക്കോട് സ്വദേശികളാണ് ഇന്ന് മരിച്ചത്. ഇന്നലെ മരിച്ച കൊല്ലം സ്വദേശിയുടെ മരണവും കോവിഡ് കാരണമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 48 ആയി.
കാസര്‍ഗോഡ് അണങ്കൂര്‍ സ്വദേശിനി ഹൈറനുസ (48) ആണ് കോവിഡ് ബാധിച്ച് ഇന്ന് മരിച്ച ഒരാള്‍. കടുത്ത ന്യൂമോണിയയെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ ആയിരുന്നു ഇവര്‍. പുലര്‍ച്ച 4.30 ഓടെയാണ് മരണം സംഭവിച്ചത്. ഇവരുടെ രോഗ ഉറവിടം വ്യക്തമല്ല. കാസര്‍ഗോഡ് ജില്ലയിലെ രണ്ടാമത്തെ കോവിഡ് മരണമാണ് ഹൈറനുസയുടേത്. രണ്ടു ദിവസം മുന്‍പാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന കോഴിക്കോട് കല്ലായി സ്വദേശി കോയ (57) ആണ് മരിച്ച രണ്ടാമത്തെയാള്‍. കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. ആന്റിജന്‍ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് പുലര്‍ച്ചെ 5.30നാണ് മരണം സംഭവിച്ചത്
കൊല്ല കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശിനി റഹിയാനത്ത് (55) ആണ് ഇന്നലെ മരിച്ചത്. ഇന്നലെ രാവിലെ വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. സ്രവ പരിശോധനയിലാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.ബന്ധുക്കളുടെ സ്രവ പരിശോധന നടത്തിയതില്‍ മകന്റെ പരിശോധനാ ഫലവും പോസിറ്റീവാണ്.