പാല്‍ഘര്‍ : മുംബൈയിലെ പാല്‍ഘറിനടുത്തുള്ള നല്ലസോപ്പാറയില്‍ നിന്ന് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഒരു വാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്. കുഞ്ഞിന്റെ കളിപ്പാട്ടത്തിനു വിലപേശിയതില്‍ തുടങ്ങിയ തര്‍ക്കം ഒരു വീട്ടമ്മ കടയുടമയാല്‍ ബലാത്സംഗം ചെയ്യപ്പെടുന്നതിലേക്കും, കൊന്ന് തെരുവില്‍ തലപ്പെടുന്നതിലേക്കുമാണ് നയിച്ചത്.
വീട്ടിലേക്കുവേണ്ട പലചരക്കുകള്‍ വാങ്ങാന്‍ വേണ്ടി സൂപ്പര്‍മാര്‍ക്കറ്റിലേക്ക് പോയ 32 കാരിയായ വീട്ടമ്മ, തിരികെ വരും വഴി തെരുവിലെ ഒരു ഫാന്‍സി ഷോപ്പിലേക്കും കയറി. അവിടെ കണ്ട കളിപ്പാട്ടങ്ങളില്‍ ഏതെങ്കിലുമൊന്ന് തന്റെ കുഞ്ഞിനുവേണ്ടി വാങ്ങാം എന്നുകരുതിയാണ് ആ യുവതി കടയിലേക്ക് കയറിയത്.
അന്ന് ആ സ്ത്രീ വീട്ടിലേക്ക് തിരിച്ചെത്തിയില്ല. ആ കടയില്‍ നിന്ന് ആ ദിവസം അവര്‍ പുറത്തിറങ്ങുന്നതും ആരും കണ്ടില്ല.
സാധനം വാങ്ങാനെന്നും പറഞ്ഞു വീട്ടില്‍ നിന്ന് പുറത്തേക്കുപോയ ഭാര്യ തിരികെ വരാതിരുന്നപ്പോള്‍ അവരുടെ ഭര്‍ത്താവ് ട്യൂലിങ് പൊലീസില്‍ പരാതിപ്പെട്ടു. അവര്‍ അന്വേഷണം തുടങ്ങി എങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. ദിവസങ്ങള്‍ക്കു ശേഷം പൊലീസിന് മറ്റൊരു പരാതി കൂടി കിട്ടി. റോഡില്‍ കുറച്ചു ദിവസങ്ങളായി പാര്‍ക്ക് ചെയ്തുകിടക്കുന്ന ഒരു പിക്ക് അപ്പ് ട്രക്കില്‍ നിന്ന് കടുത്ത ദുര്‍ഗന്ധം വരുന്നുണ്ട്. സ്ഥലത്തെത്തി ട്രക്ക് തുറന്നു പരിശോധിച്ചപ്പോള്‍ അവര്‍ അതിനുള്ളില്‍ ദിവസങ്ങള്‍ പഴക്കമുള്ള ഒരു യുവതിയുടെ മൃതദേഹം കണ്ടെത്തി.
ഓട്ടോപ്സിയില്‍ യുവതിയെ കഴുത്തു ഞെരിച്ച്, മൂര്‍ച്ചയുള്ള എന്തോ വസ്തുകൊണ്ട് മുറിച്ച് കൊലപ്പെടുത്തിയതായും, കൊലപാതകത്തിന് ശേഷം കൊലയാളി മൃതദേഹവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായും വെളിപ്പെട്ടു. അതോടെ ക്രൈം ബ്രാഞ്ചിന്റെ വസായ് സെല്‍ കേസ് ഏറ്റെടുത്ത് അന്വേഷണം തുടങ്ങി. വാനിന്റെ ഉടമ, തന്റെ വണ്ടി ദിവസങ്ങളായി അവിടെ പാര്‍ക്ക് ചെയ്യപ്പെട്ടു കിടക്കുകയായിരുന്നു എന്നും, തനിക്ക് മൃതദേഹത്തെപ്പറ്റി ഒന്നും അറിയില്ല എന്നും മൊഴി നല്‍കി. പ്രദേശത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടന്ന വിശദമായ അന്വേഷണത്തിലാണ് കേസിനു തുമ്ബുണ്ടായത്.
മരിച്ച യുവതിയെ അവസാനമായി കണ്ടത് പ്രദേശത്തെ ഫാന്‍സി ഷോപ്പിന്റെ പരിസരത്തുവെച്ചാണ് എന്ന് മനസ്സിലാക്കിയ പൊലീസ് ഷോപ്പ് റെയ്ഡ്‌ചെയ്ത് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. ആ കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ അപ്പോഴും കടയിലെ സിസിടിവി സിസ്റ്റത്തിന്റെ ഹാര്‍ഡ് ഡിസ്‌കില്‍ തന്നെ ഉണ്ടായിരുന്നു. യുവതി കടയിലെത്തി കളിപ്പാട്ടത്തിന്റെ വില ചോദിക്കുന്നതും, വിലയുടെ പേരില്‍ കടയുടമയുടെ തര്‍ക്കമുണ്ടാകുന്നതും, തര്‍ക്കത്തിന് ശേഷം പുറത്തേക്ക് പോകാന്‍ തുടങ്ങിയ യുവതിയെ മുപ്പതുകാരനായ കടയുടമ മുടിക്ക് കുത്തിപ്പിടിച്ച് വലിച്ചിഴക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. യുവതിയെ കടയുടെ പിന്‍ഭാഗത്തുള്ള മുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി കഴുത്തിന് കുത്തിപ്പിടിച്ചു ഞെരിച്ചശേഷം, കത്തികൊണ്ട് കഴുത്തുമുറിച്ചു കളയുകയായിരുന്നു. അതിനു ശേഷം അയാള്‍ മൃതദേഹവുമായി ലൈംഗിക ബന്ധത്തിലും ഏര്‍പ്പെട്ടു. എല്ലാം കഴിഞ്ഞപ്പോള്‍, രാത്രി ആരുമില്ലാത്ത നേരം നോക്കി അയാള്‍, മൃതദേഹത്തെ കടയിലുണ്ടായിരുന്ന ഒരു പ്ലാസ്റ്റിക് ചാക്കില്‍ കെട്ടിപ്പൊതിഞ്ഞ് കുറച്ചകലെയായി കണ്ട പിക് അപ്പ് ട്രക്കില്‍ കൊണ്ടിടുകയായിരുന്നു.
പത്തുമാസങ്ങള്‍ക്കു മുമ്ബ് ഭാര്യയും മക്കളും രാജസ്ഥാനിലെ വീട്ടിലേക്ക് മടങ്ങിപ്പോയതിനു ശേഷം കടയോട് ചേര്‍ന്നുള്ള മുറിയില്‍ ഒറ്റയ്ക്കായിരുന്നു അയാളുടെ താമസം. പെട്ടെന്നുണ്ടായ കോപത്തിന്റെ പുറത്താണ് താന്‍ യുവതിയെ കൊന്നുകളഞ്ഞത് എന്നും മൃതദേഹം പുറത്തുകൊണ്ടുപോയി കളഞ്ഞ ശേഷം ഒന്നും സംഭവിക്കാത്ത മട്ടില്‍ ദിവസവും തുറന്നു പ്രവര്‍ത്തിപ്പിച്ചിരുന്നു എന്നും ആയാല്‍ പോലീസിനോട് കുറ്റസമ്മതം നടത്തി. പിടിയിലായ പ്രതിക്കുമേല്‍ പാല്‍ഘര്‍ പൊലീസ് കൊലപാതകം, ബലാത്സംഗം എന്നീ കുറ്റങ്ങള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെതിട്ടുണ്ട്.