ഹൈദരാബാദ്: പ്രമുഖ ഖുര്‍ആന്‍ പണ്ഡിതനും വഹ്ദത്തെ ഇസ്ലാമി തെലങ്കാന അമീറും മികച്ച പ്രഭാഷകനുമായിരുന്ന മൗലാന മുഹമ്മദ് നസീറുദ്ദീന്‍ അന്തരിച്ചു. 75 വയസ്സായിരുന്നു. കഴിഞ്ഞ കുറച്ചുകാലമായി അസുഖം കാരണം സൈദാബാദിലെ വസതിയില്‍ ചികില്‍സയിലായിരുന്നു. ഭരണകൂടത്തിന്റെ മുസ്ലിം വിരുദ്ധ നയങ്ങളെ ചോദ്യം ചെയ്തതിനു പ്രകോപന പ്രസംഗം നടത്തിയെന്ന് ആരോപിച്ച് ഗുജറാത്ത് പോലിസ് 2004ല്‍ ഹൈദരാബാദില്‍ നിന്ന് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. തുടര്‍ന്ന് ഹിരണ്‍ പാണ്ഡ്യ കൊലപാതകക്കേസില്‍പെടുത്തി ആറുവര്‍ഷത്തോളം ജയിലില്‍ അടച്ചു. 2002ലെ ഗുജറാത്ത് കലാപത്തിന് പ്രതികാരം ചെയ്യാന്‍ ഗൂഡാലോചന നടത്തിയെന്നും ഹിരണ്‍ പാണ്ഡ്യയെ കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ചെന്നുമാണ് ഗുജറാത്ത് പോലിസ് കുറ്റം ചുമത്തിയത്.
2003 മാര്‍ച്ച് 26ന് അഹമ്മദാബാദിലാണ് കാറില്‍ പാണ്ഡ്യയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് മൗലാന നസീറുദ്ദീന്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് 2010 ജനുവരി 12ന് കോടതി മൗലാന മുഹമ്മദ് നസീറുദ്ദീനെതിരായ കേസുകളെല്ലാം റദ്ദാക്കി വെറുതെവിട്ടു. ജയിലില്‍ കഴിയുന്നതിനിടെ വിശുദ്ധ ഖുര്‍ആന്‍ മനപാഠമാക്കുകയും ഇന്ത്യന്‍ സാമൂഹിക പ്രശ്നങ്ങള്‍ക്ക് ഖുര്‍ആന്റെ വെളിച്ചത്തിലുള്ള പ്രവര്‍ത്തന പദ്ധതിയെ കുറിച്ചുള്ള ഗവേഷണ പഠനം പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ നാല് ആണ്മക്കളില് മൂന്ന് പേരെയും ഗുജറാത്ത്, കര്‍ണാടക, മധ്യപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ വിവിധ കേസുകളില്‍പെടുത്തി അറസ്റ്റ് ചെയ്തിരുന്നെങ്കിലും എല്ലാവരെയും കോടതി കുറ്റവിമുക്തരാക്കിയിരുന്നു. 1992ല്‍ ബാബരി മസ്ജിദ് തകര്‍ക്കത്തതിനെ തുടര്‍ന്ന് നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ആബിദ്സ് റോഡില്‍ പ്രാര്‍ത്ഥന നടത്തിയതിനു ഇദ്ദേഹത്തിനും മറ്റു ചിലര്‍ക്കുമെതിരെ ടാഡ നിയമപ്രകാരം കേസെടുത്തിരുന്നു. മയ്യിത്ത് നമസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിനു ഹൈദരാബാദ് ഓള്‍ഡ്സിറ്റി ഈദ് ഗാഹ് ഉജാലെ ഷാ സാഹിബില്‍ നടക്കും.