നഗ്ന ശരീരത്തിൽ പ്രായപൂര്‍ത്തിയാകാത്ത മക്കളെ കൊണ്ട് ചിത്രം വരപ്പിച്ച സംഭവത്തിൽ രഹ്ന ഫാത്തിമ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഹൈകോടതിയിലാണ് രഹ്ന ഫാത്തിമ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. തനിക്കെതിരെയുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും വ്യക്തി സ്വാതന്ത്യത്തില്‍ ഉള്‍പ്പെടുന്ന പ്രവര്‍ത്തിയാണുണ്ടായതെന്നും ഹരജിയില്‍ വാദിക്കുന്നു. കേസെടുത്തതില്‍ ഭയപ്പെടുന്നില്ലെന്ന് രഹ്ന ഫാത്തിമ നേരത്തെ വ്യക്തമാക്കിയിരുന്നു. യഥാര്‍ത്ഥ ലൈംഗീക വിദ്യാഭ്യാസം വീട്ടില്‍ നിന്ന് തന്നെ തുടങ്ങണം എന്നതിന്‍റെ ഭാഗമായാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് രഹ്നയുടെ വാദം.
അതെ സമയം രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ഇന്നലെ നീക്കം നടത്തി. രഹ്നയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ സൗത്ത് സി.ഐ കെ.ജി അനീഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് ചിത്രം വരയ്ക്കാനുപയോഗിച്ച പെയിന്‍റ്, ബ്രഷ് അടക്കമുള്ളവ സീല്‍ ചെയ്തു. മൊബൈല്‍ ഫോണ്‍, ലാപ്ടോപ് എന്നിവയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഭര്‍ത്താവ് മനോജ് മാത്രമാണ് പൊലീസ് എത്തിയ സമയത്ത് വീട്ടിലുണ്ടായിരുന്നത്. രഹ്ന ഒളിവില്‍ പോയതെന്നാണ് പൊലീസ് നല്‍കുന്ന സൂചന. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയോടൊപ്പം സമൂഹ മാധ്യമത്തിലൂടെ അര്‍ധ നഗ്‌നത പ്രദര്‍ശിപ്പിച്ചതിന്‍റെ പേരില്‍ കേരള പൊലീസ് സൈബര്‍ വിഭാഗമാണ് കേസെടുത്തത്. പോസ്‌കോ നിയമപ്രകാരവും ഐ.ടിആക്ട് പ്രകാരവുമാണ് രഹനയ്ക്കെതിരെ കേസെടുത്തത്. ബാലവകാശ കമ്മീഷനും വിഷയത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.