ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിക്ക് ഇന്ന് 33നാം പിറന്നാള്‍. ഈ കോവിഡ് കാലത്ത് കാല്‍പ്പന്തുകളിയിലെ മിശിഹക്ക് വിപുലമായ ജന്മദിന ആഘോഷങ്ങളില്ല. കൊറോണ കാരണം ലോക്ഡൌണിലായ ഫുട്‌ബോള്‍ പുനരാരംഭിച്ചപ്പോള്‍ മെസിയില്‍ യൗവ്വനമാണ് തുടിച്ചത്. ഗോളടിച്ചും ഗോളടിപ്പിച്ചും അര്‍ജന്‍റൈന്‍ ഇതിഹാസം ബാഴ്‌സലോണ ക്ലബ്ബിന്‍റെ നെടുംതൂണായി നില്‍ക്കുന്നു.
1987 ജൂണ്‍ 24ന് അര്‍ജന്‍റീനയിലെ റൊസാരിയോയില്‍ ജനിച്ച മെസി ഫുട്‌ബോളില്‍ ഉയരങ്ങള്‍ കീഴടക്കിയത് ബാഴ്‌സലോണ എഫ് സിക്കൊപ്പമാണ്. പന്തുമായി അത്ഭുതം കാണിക്കുന്ന പതിമൂന്ന് വയസുകാരന്‍ ബാഴ്‌സലോണ അധികൃതരുടെ ശ്രദ്ധയാകര്‍ഷിച്ചു. പക്ഷേ, എല്ലുകള്‍ ദുര്‍ബലമാകുന്ന രോഗം ആ ബാലനെ വേട്ടയാടിയിരുന്നു. ഫുട്‌ബോളറാവുക എന്നത് വിദൂരസാധ്യത മാത്രം. വിദഗ്ധ ചികിത്സ നല്‍കാന്‍ ബാഴ്‌സ തീരുമാനിച്ചു. നാല് വര്‍ഷം കൊണ്ട് എല്ലുറപ്പും ചങ്കുറപ്പമുള്ള ഒരു ഫുട്‌ബോളറെ ബാഴ്‌സലോണ വാര്‍ത്തെടുത്തു. 2004 ഒക്ടോബര്‍ 17ന് ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചു. പിന്നീട് സംഭവിച്ചതെല്ലാം ചരിത്രം. 2020 ല്‍ കായിക മേഖലയിലെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന ലോറെയ്‌സ് വേള്‍ഡ് സ്‌പോര്‍ട്‌സ്മാന്‍ ഓഫ് ദ ഇയറിലേക്കുള്ള മെസിയുടെ യാത്ര സമാനതകളില്ലാത്തതായിരുന്നു. ലോക ഫുട്‌ബോളര്‍ക്കുള്ള ബാലണ്‍ദ്യോര്‍ ആറ് തവണ നേടുന്ന ആദ്യ താരം.
ഒപ്പം കളിച്ച ഇതിഹാസ താരങ്ങള്‍ ദൈവം എന്ന് വിശേഷിപ്പിക്കുന്നതിലേക്ക് ഉയര്‍ന്നിരിക്കുന്നു മെസി എന്ന വിസ്മയം. ബാഴ്‌സലോണക്ക് ചാമ്പ്യന്‍സ് ലീഗും ക്ലബ്ബ് ലോകകപ്പും ലാ ലിഗയും ഉള്‍പ്പടെ നിരവധി കിരീടങ്ങള്‍ നേടിക്കൊടുത്ത മെസിക്ക് ഇന്നും കിട്ടാക്കനി ഫിഫ ലോകകപ്പാണ്. അര്‍ജന്‍റീനയുടെ ജഴ്‌സിയില്‍ വിശ്വം കീഴടക്കി നില്‍ക്കുന്ന മെസി ലോക ഫുട്‌ബോളിലെ പൂര്‍ണതയായിരിക്കും. മെസി ആരാധകരെല്ലാം കാത്തിരിക്കുന്നത് ആ നിമിഷത്തിന് വേണ്ടിയാണ്.