ഞായറാഴ്ചയിലെ സമ്പൂർണ്ണ ലോക്ക്ഡൗണിന് പിന്നാലെ തിങ്കളാഴ്ച മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വിസ് നിര്‍ത്തിവെക്കുന്നു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുള്ള സര്‍വിസ് വന്‍ നഷ്ട മുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഉടമകളുടെ തീരുമാനം.
തിങ്കളാഴ്ചയോടെ മുഴുവന്‍ സര്‍വിസും നിര്‍ത്തിവെക്കുമെന്നാണ് സൂചന. ഡീസലിന്റെ നികുതിയില്‍ ഇളവ് വരുത്തിയും ഒരുവര്‍ഷത്തേക്ക് റോഡ് നികുതിയും ക്ഷേമനിധിയും ഒഴിവാക്കിയും ഇന്‍ഷുറന്‍സില്‍ ഇളവ് വരുത്തിയും ബസ് ചാര്‍ജ് വര്‍ധന പുനഃസ്ഥാപിച്ചും സര്‍വിസ് തുടങ്ങാനാവശ്യമായ നടപടി സര്‍ക്കാര്‍ ഭാഗത്ത് നിന്നുണ്ടാവണമെന്നാണ് ബസുടമകളുടെ ആവശ്യം.
സര്‍വിസ് നടത്താത്ത കാലത്ത് 400 രൂപ ഫീസ് അടച്ച് ജി ഫോം നല്കിയാല് റോഡ് നികുതിയിലും ഇന്‍ഷുറന്‍സിലും മോട്ടോര്‍ വാഹന നിയമപ്രകാരം ഇളവ് ലഭിക്കും.
12,000ലധികം ബസുടമകളില്‍നിന്ന് ജി ഫോം ഇനത്തില്‍ മാത്രം 50 ലക്ഷത്തോളം സര്‍ക്കാര്‍ ഈടാക്കിയിരുന്നു. സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് ജി ഫോം പിന്‍വലിച്ച് സര്‍വിസ് ആരംഭിച്ചെങ്കിലും ഉയര്‍ത്തിയ നിരക്ക് പിന്‍വലിച്ചത് ഇരുട്ടടിയായതായി ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന് സംസ്ഥാന ട്രഷറര്‍ ഹംസ എരിക്കുന്നേന്‍ പറഞ്ഞു.