യു.പി ബാലാവകാശ വിഭാഗം നോട്ടീസ് അയച്ചതിന് തൊട്ടുപിന്നാലെ കടുത്ത മറുപടിയുമായി കോണ്‍ഗ്രസ് നേതാവും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കീഴിലെ കുട്ടികളുടെ ഷെല്‍ട്ടര്‍ ഹോമില്‍ രണ്ട് പെണ്‍കുട്ടികള്‍ ഗര്‍ഭം ധരിച്ച സംഭവം പരാമര്‍ശിച്ചതിനെതിരെയാണ് പ്രിയങ്ക ഗാന്ധിക്കെതിരെ യു.പി ബാലാവകാശ വിഭാഗം നോട്ടീസ് അയച്ചത്.
താന്‍ ഇന്ദിര ഗാന്ധിയുടെ കൊച്ചുമകളാണെന്നും സത്യം വിളിച്ചു പറയുന്നതില്‍നിന്നും ആര്‍ക്കും തന്നെ തടയാനാവില്ലെന്നും പ്രിയങ്ക പറഞ്ഞു. തന്നെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ച് സര്‍ക്കാര്‍ വെറുതെ സമയം പാഴാക്കുകയാണെന്നും അവര്‍ ചെയ്യുന്നതൊന്നും തന്നെ ബാധിക്കുന്നതേയില്ല എന്നും പ്രിയങ്ക ട്വിറ്ററില്‍ പ്രതികരിച്ചു.
ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് 45 വര്‍ഷമായ സന്ദര്‍ഭത്തിലാണ് പ്രിയങ്കാ ഗാന്ധിയുടെ പ്രതികരണം വന്നതെന്നതും ശ്രദ്ധേയമാണ്. അമിത് ഷാ അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ വിമര്‍ശനവുമായി രംഗത്തുവന്നതിന് തൊട്ടുപിന്നാലെയാണ് പ്രിയങ്ക ട്വിറ്ററിലൂടെ കടുത്ത പ്രതികരണം രേഖപ്പെടുത്തിയത്.
‘യു.പിയിലെ ജനങ്ങള്‍ക്കുവേണ്ടി പൊതുപ്രവര്‍ത്തനം ചെയ്യുക എന്നതാണ് എന്നില്‍ നിക്ഷിപ്തമായ കാര്യം. സത്യം വെളിച്ചെത്തുകൊണ്ടുവരിക എന്നതും അതില്‍ ഉള്‍പ്പെടും. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുക എന്നത് എന്‍റെ രീതിയല്ല. എന്നെ ഭീഷണിപ്പെടുത്തി യു.പി സര്‍ക്കാര്‍ വെറുതെ സമയം പാഴാക്കുകയാണ്’, പ്രിയങ്ക ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു. യു.പി കോണ്‍ഗ്രസിന്‍റെ പ്രത്യേക ചുമതലയുള്ള നേതാവുകൂടിയാണ് പ്രിയങ്ക.
അതെ സമയം മൂന്ന് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാവശ്യപ്പെട്ടാണ് യു.പി ബാലാവകാശ വിഭാഗം നോട്ടീസ് അയച്ചത്. ഉത്തര്‍പ്രദേശിലെ ഉയര്‍ന്ന കോവിഡ് നിരക്കില്‍ ബി.ജെ.പിക്ക് കീഴിലുള്ള യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ പ്രിയങ്ക ഉന്നയിച്ചിരുന്നു. കഴിഞ്ഞ ആഴ്ച്ച ‘കോവിഡില്‍ ഉയര്‍ന്ന മരണനിരക്കാണ്’ എന്ന പരാമര്‍ശം പിന്‍വലിക്കാന്‍ ആഗ്ര ഭരണകൂടം പ്രിയങ്കയോട് ആവശ്യപ്പെട്ടിരുന്നു.