ഉപ്പളയിലെ ജ്വല്ലറിയിൽ നിക്ഷേപം:ദമ്പതികൾ തട്ടിയത് മുക്കാൽ കോടിയോളം;പരാതിയുമായി നിരവധി പേർ രംഗത്ത്
ഉപ്പള: ഉപ്പളയിൽ പുതുതായി ആരംഭിക്കുന്ന ജ്വല്ലറിയിലേക്ക് നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയ ദമ്പതികൾക്ക് എതിരെ കേസ്. ഉപ്പള മൂസോടി അദീക സ്വദേശി മുഹമ്മദിന്റെ മകൻ മുനീർ, ഭാര്യ റസീന എന്നിവർക്കെതിരെയാണ് മലപ്പുറം ഓഴൂർ സ്വദേശിനി സുലൈഖ ബാനു, ഉപ്പള മൂസോടി സ്വദേശിനി റംസീന എന്നിവർ മഞ്ചേശ്വരം പോലീസിൽ പരാതി നൽകിയത്. ഒരു വർഷം മുൻപാണ് സുലൈഖയിൽ നിന്നും നിക്ഷേപമായി എട്ട് ലക്ഷവും, റംസീനയിൽ നിന്ന് 30 ലക്ഷവും തട്ടിപ്പ് സംഘമായ ഈ ദമ്പതികൾ മോഹനവാഗ്ദാനം നൽകി കൈക്കലാക്കിയത്. പണം നൽകുമ്പോൾ സമാനമായ തുകയ്ക്ക് റസീനയുടെ ചെക്കും നൽകിയിരുന്നു.
ഇങ്ങനെ നിരവധി പേരിൽ നിന്നായി മുക്കാൽ കോടിയോളം രൂപയാണ് വ്യാജ കഥകൾ മെനഞ്ഞ് ദമ്പതികൾ തട്ടിയെടുത്തത്. ഇതിനിടയിൽ നിക്ഷേപകർ പണം തിരികെ ആവശ്യപെട്ട് നിരവധി തവണ ദമ്പതികളുടെ വീട്ടിൽ എത്തിയെങ്കിലും കൈ ഞരമ്പ് മുറിച് ആത്മഹത്യയ്ക്ക് ശ്രമിച്ചും, പീഡന കേസിൽ കുടുക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണ് റസീനയുടെ പതിവ് രീതി. ഒരു തവണ പരസ്യമായി ആത്മഹത്യ ശ്രമവും നടത്തി നിക്ഷേപകരെ ഭീഷണിപ്പെടുത്തി. ഇതേ തുടർന്ന് നിക്ഷേപകർ റസീനയുടെ വീട്ടിൽ പോകുന്ന കാര്യത്തിൽ രണ്ടാമതൊന്ന് ആലോചിച്ചു. പിന്നീട്, മൂസോടിയിലെ ഒരു പൗര പ്രമുഖന്റെ വീട്ടിൽ മധ്യസ്ഥ ശ്രമം നടത്തിയെങ്കിലും പണം തിരികെ നൽകുന്ന കാര്യത്തിൽ റസീനയും ഭർത്താവും രണ്ട് തട്ടിലായി. രംഗം വഷളായതോടെ മധ്യസ്ഥ ശ്രമം നടത്തിയ വീട്ട് പരിസരത്ത് മഞ്ചേശ്വരം പോലീസ് എത്തി ചർച്ച അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. 38 ലക്ഷം രൂപയുടെ രണ്ട് പരാതികളാണ് നിലവിൽ മഞ്ചേശ്വരം പോലീസിൽ റസീനക്കും ഭർത്താവിനുമെതിരെ ഫയൽ ചെയ്തിരിക്കുന്നത്. നിരവധി പേർ വരും ദിവസങ്ങളിൽ പരാതിയുമായി മുന്നോട്ട് വരുമെന്നാണ് സൂചന.
നിക്ഷേപകരിൽ നിന്നും സ്വീകരിച്ച മുക്കാൽ കോടിയോളം രൂപ ദമ്പതികൾ ഉപ്പളയിൽ ജ്വല്ലറി ആരംഭിക്കുന്നു എന്ന് തെറ്റിദ്ധരിപ്പിച്ചും, അമിത ലാഭം നൽകാമെന്നും പറഞ്ഞാണ് ഇരകളെ കണ്ടെത്തിയത്. എന്നാൽ കോടികൾ തട്ടിയെടുത്ത മോറിസ് കോയിൻ ബിറ്റ്കോയിനിലാണ് ഇവർ നിക്ഷേപം ഇറക്കിയതെന്നാണ് ജന സംസാരം.
സ്ത്രീകളും, പുരുഷൻമാരും ഒരു പോലെ ഇവരുടെ വലയിൽ കുടുങ്ങി. മറ്റ് പലരിൽ നിന്നായി കടം വാങ്ങിയാണ് ഇവർ റസീനക്ക് പണം നൽകിയത്. ഇവരുടെ സാമ്പത്തിക ഇടപാടിനെ കുറിച്ചും, സമാന തട്ടിപ്പ് മറ്റ് പ്രദേശങ്ങളിൽ കൂടി നടത്തിയിട്ടുണ്ടോ എന്ന കാര്യത്തിലും അന്വേഷണം നടത്തി വരികയാണ് പോലീസും, ഇന്റലിജിൻസും. കൂടുതൽ പരാതി കിട്ടുന്ന മുറക്ക് അറസ്റ്റ് നടക്കുമെന്നാണ് പോലീസും പറയുന്നത്. മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഉപ്പളയിലെ ജ്വല്ലറിയിൽ നിക്ഷേപം:ദമ്പതികൾ തട്ടിയത് മുക്കാൽ കോടിയോളം;പരാതിയുമായി നിരവധി പേർ രംഗത്ത്
Read Time:4 Minute, 7 Second