കഴുത്തിന് താഴെ ചലനശേഷിയില്ല; നടത്തുന്നത് ലക്ഷങ്ങളുടെ ബിസിനസ്: തോൽക്കാതെ ഷാനവാസ്
കാസറഗോഡ്: കഴുത്തിന് താഴെ പൂര്‍ണമായി തളര്‍ന്നിട്ടും കിടക്കയില്‍ കിടന്ന് ലക്ഷങ്ങളുടെ തടി ബിസിനസ് ചെയ്യുകയാണ് കാസര്‍കോട് ഈസ്റ്റ് എളേരി സ്വദേശിയായ ഷാനവാസ്. ആഗ്രഹങ്ങളെയും പ്രതീക്ഷകളെയും 12 വര്‍ഷം മുന്‍പത്തെ വാഹനാപകടം തകര്‍ത്തെങ്കിലും തോറ്റുകൊടുക്കാന്‍ ഷാനവാസിന് മനസ്സുണ്ടായില്ല.കിടപ്പുമുറിയാണ് ഓഫിസ്. കസേരയ്ക്കും മേശയ്ക്കും പകരം ഹൈഡ്രോളിക് കട്ടിലുണ്ട്. ഭിത്തിയില്‍ 42 ഇഞ്ച് മോണിറ്ററും. ചെവിയില്‍ എയര്‍പോഡ്. സ്വന്തമായുള്ള രണ്ട് കടകളിലെ മുഴുവന്‍ കാര്യങ്ങളും വീട്ടിലെ കിടപ്പുമുറിയിലിരുന്ന് നിയന്ത്രിക്കുന്നു.
ഭാര്യയുടെയും രണ്ട് പെൺമക്കളുടെയും സാങ്കേതിക വിദ്യയുടെയും സഹായത്തോടെ പ്രതിബന്ധങ്ങളെ അതിജീവിച്ച് മുന്നേറുകയാണ് ഷാനവാസ്.
മുറിയിലുള്ള മോണിറ്റർ വഴി രണ്ട് തടി കടകളിൽനിന്നും ഡിപ്പോയില്‍നിന്നുമുള്ള കാര്യങ്ങള്‍ സിസിടിവി നോക്കി ഷാനവാസ് നിയന്ത്രിക്കുന്നു. ഇടത് ചെവിയിൽ ഘടിപ്പിച്ചിരിക്കുന്ന എയർപോഡ് ഉപയോഗിച്ച് ഉപഭോക്താക്കളുമായി നിരന്തരം ബന്ധപ്പെടുന്നു.
12 വർഷം മുന്‍പാണ് കാർ അപകടത്തിൽ നട്ടെല്ലിന് ക്ഷതമേറ്റ് ഷാനവാസ് തളർന്ന് കിടപ്പിലായത്. ഇദ്ദേഹം വിജയിക്കുക മാത്രമല്ല, എല്ലാ വലുപ്പത്തിലും എല്ലാ ആവശ്യങ്ങൾക്കുമുള്ള മര ഉരുപ്പടികൾ വിതരണം ചെയ്യുന്ന കാസര്‍കോട്ടെ ഒരു വിശ്വസ്ത തടി വ്യാപാരിയായി മാറുകയും ചെയ്തു.