ഉപ്പളയിൽ ജില്ലാ കളക്ടറുടെ മിന്നൽ പരിശോധന:
കെട്ടിട ഉടമകൾക്ക് പിഴ ചുമത്തി. ഒരു മാസത്തിനുള്ളിൽ ഫ്ലാറ്റുകളിൽ മാലിന്യ പ്ലാന്റ് സ്ഥാപിച്ചില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കും. മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തുന്നവർക്ക് ആയിരം രൂപ പാരിതോഷികം
ഉപ്പള: മാലിന്യ കൂമ്പാരമായ മംഗൽപാടി ഗ്രാമ പഞ്ചായത്ത് പരിധിയിൽ ഫ്ലാറ്റുകളിലെ മാലിന്യ നിക്ഷേപവുമായി ബന്ധപ്പെട്ട് ഉയർന്ന് വന്ന പ്രശ്നങ്ങൾക്ക് അറുതി വരുത്താൻ ജില്ലാ കളക്ടർ ഭണ്ടാരി സ്വാഗത് രൺവീർ ചന്ദിന്റെ മിന്നൽ പരിശോധന. ഇന്ന് രാവിലെ മഞ്ചേശ്വരം താലൂക് ഓഫിസിൽ എത്തിയ കളക്ടർ പെട്ടെന്നാണ് ഉപ്പളയിലെ വ്യാപാര – വാണിജ്യ -താമസ കെട്ടിടങ്ങളിലേക്ക് സന്ദർശനം നടത്തിയത്.
ഒരൊറ്റ ഫ്ലാറ്റുകളിലും മാലിന്യം സംസ്കരിക്കാനുള്ള പ്രാഥമിക കാര്യങ്ങൾ ചെയ്തിട്ടില്ല. വാണിജ്യ സ്ഥാപനങ്ങളിലും സ്ഥിതി വളരെ മോശം. മത്സ്യ മാർക്കറ്റിന് സമീപമുള്ള കെട്ടിടങ്ങളിലും, ഓടകളിലും പുഴുവരിച്ച് ദുർഗന്ധം വമിക്കുന്നു. പഞ്ചായത്ത് പരിധിയിൽ നിയമം ലംഘിച്ചും, മനപ്പൂർവം പൊതു സ്ഥലം വൃത്തിഹീനമാക്കുന്നവർക്കുമെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും. ഇതിന്റെ മുന്നോടിയായി നിയമം ലംഘിച്ച നൂറോളം കെട്ടിടങ്ങൾക്ക് 25000 രൂപ പിഴ ചുമത്തി. കെട്ടിട ഉടമ പിഴ അടച്ച് മാലിന്യ സംസ്കരണ യുണിറ്റ് നിർമ്മിച്ച കാര്യം പഞ്ചായത്തിനെ രേഖാ മൂലം ഒരു മാസത്തിനുള്ളിൽ അറിയിക്കണം.അല്ലാത്ത പക്ഷം കെട്ടിടത്തിന്റെ ലൈസൻസ് കട്ട് ചെയ്യാനും, വൈദ്യുതി ബന്ധം വിച്ഛേദിക്കാനും ഇലക്ട്രിസിറ്റി ബോർഡിന് നിർദേശം നൽകും.മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തുന്നവർക്ക് ആയിരം രൂപ പാരിതോഷികവും കളക്ടർ പ്രഖ്യാപിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രിസാന സാബിർ, വൈസ് പ്രസിഡന്റ് യൂസഫ് ഹേരൂർ, ആരോഗ്യ വിഭാഗം ചെയർപേഴ്സൺ ഇർഫാന ഇഖ്ബാൽ, ക്ഷേമ കാര്യ വിഭാഗം ചെയർമാൻ ഹുസൈൻ ബൂൺ, ഉപ്പള ടൗൺ മെമ്പർ ശരീഫ് ടി എ,
പഞ്ചായത്ത് സെക്രട്ടറി സന്തോഷ് വർഗീസ്, ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ പ്രേമരാജൻ, മഞ്ചേശ്വരം സർക്കിൾ ഇൻസ്‌പെക്ടർ സന്തോഷ്, ഹെൽത്ത് ഇൻസ്‌പെക്ടർ ദിലീപ് തുടങ്ങിയവർ കളക്ടറെ അനുഗമിച്ചു.