ഉപ്പള വ്യാപാരി എക്സിക്യൂട്ടീവ് യോഗത്തിൽ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനം; ജനറൽ ബോഡി യോഗം 30ന്, അജണ്ടകൾ നടപ്പിലാക്കാൻ കൂട്ടായ സഹകരണം ആവശ്യപെട്ട് നേതാക്കൾ
ഉപ്പള: നാലര കോടിയുടെ ബാധ്യത വരുത്തി നിക്ഷേപകരെ വഞ്ചിച്ച വ്യാപാരി വ്യവസായി ഏകോപന സമിതി ഉപ്പള യൂണിറ്റിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ സേവ് വ്യാപാരി ഫോറം പ്രവർത്തകരുമായി ഉപ്പള യുണിറ്റ് നേതാക്കൾ നടത്തിയ ചർച്ചയിൽ ആശ്വാസം. ഈ മാസം 30 ന് ജനറൽ ബോഡി വിളിച്ചു ചേർക്കാൻ സംയുക്ത യോഗത്തിൽ ധാരണയായി. നിലവിലെ വ്യാപാര ഭവൻ കെട്ടിടം ദീർഘ കാലത്തേക്ക് ലീസിനു നൽകിയും, കിട്ടാ കടം തിരിച്ചു പിടിച്ചും, സാമ്പത്തിക കൃമക്കേട് നടത്തിയ യൂണിറ്റ് ഭാരവാഹികളിൽ നിന്നും സ്ഥാവര ജംഗമ വസ്തുക്കൾ പിടിച്ചെടുക്കാനുമുള്ള അജണ്ടയാണ് പ്രധാനമായും ജനറൽ ബോഡിയിൽ ചർച്ച ചെയ്യുക. പ്രശ്നം രമ്യമായി പരിഹരിക്കാൻ വ്യാപാരി സംസ്ഥാന -ജില്ലാ നേതാക്കൾ ഒന്നടങ്കം ഉപ്പളയിൽ എത്തുമെന്നും സൂചനയുണ്ട്. കഴിഞ്ഞ ലോക്ഡൗൺ കാലത്താണ് ഉപ്പള വ്യാപാര ഭവനിലെ സാമ്പത്തിക തട്ടിപ്പ് പുറം ലോകമറിയുന്നത്. കഴിഞ്ഞ ഒന്നര വർഷമായി ഇടപാടുകാരെ നിരന്തരമായി കബളിപ്പിക്കുന്ന നേതാക്കളുടെ ചെയ്തികളെ ചോദ്യം ചെയ്യാൻ പോലും പിന്നോട്ട് പോയപ്പോഴാണ് സേവ് വ്യാപാരി ഫോറം പ്രവർത്തകർ ഉപ്പളയിലെ വ്യാപാര ഭവൻ ആസ്ഥാന മന്ദിരത്തിന് പോലീസ് വലയം ഭേദിച്ച് മറു താഴിട്ട് പൂട്ടിയത്. ഇതോടെ വ്യാപാരി ഭവനിന്റെ ദൈനം ദിന കാര്യങ്ങൾ തടസ്സപ്പെട്ടു. പിന്നീട് നടന്ന സംയുക്ത ചർച്ചയിൽ വ്യാപാരി ഭവൻ തുറന്ന് കൊടുത്തുവെങ്കിലും നിലപാടിൽ നിന്നും ഒരടി പിന്നോട്ടില്ലെന്ന് സേവ് വ്യാപാരി ഫോറം ചെയർമാൻ കെ. എഫ്. ഇഖ്ബാൽ അറിയിച്ചു. ഉപ്പളയിലെ പ്രതിഷേധം സംസ്ഥാനത്തെ മുഴുവൻ യൂണിറ്റ് കമ്മിറ്റികളുടെ വിശ്വാസ്യതയെ ബാധിച്ചുവെന്നും, തീവ്ര നിലപാടുകൾ സ്വീകരിക്കരുതെന്നും ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷെരീഫ് പ്രതിഷേധക്കാരോട് ആവശ്യപെട്ട ഓഡിയോ സന്ദേശം നവ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ജനറൽ ബോഡി യോഗ തീരുമാനം അനുകൂലമായില്ലെങ്കിൽ സംസ്ഥാന -ജില്ലാ കാര്യാലയത്തിലേക്ക് പ്രതിഷേധം മറ്റുമെന്നും, യുദ്ധ കാല അടിസ്ഥാനത്തിൽ പ്രശ്നം പരിഹരിക്കാൻ സംസ്ഥാന പ്രസിഡന്റ് ടി. നസ്രുദ്ദിൻ മുൻകൈ എടുക്കണമെന്നും സേവ് വ്യാപാരി ഫോറം ഭാരവാഹികൾ ആവശ്യപ്പെട്ടു.
ഉപ്പള വ്യാപാരി എക്സിക്യൂട്ടീവ് യോഗത്തിൽ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനം; ജനറൽ ബോഡി യോഗം 30ന്, അജണ്ടകൾ നടപ്പിലാക്കാൻ കൂട്ടായ സഹകരണം ആവശ്യപെട്ട് നേതാക്കൾ
Read Time:3 Minute, 34 Second