ഇന്ന് മഴ മുന്നറിയിപ്പില്ല: നാളെ മുതൽ മഴ വീണ്ടും കനക്കും,ഡാമുകൾ ഇന്ന് കൂട്ടത്തോടെ തുറക്കുന്നു

തിരുവനന്തപുരം:കനത്തമഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതോടെ സംസ്ഥാനത്ത് കൂടുതൽ അണക്കെട്ടുകൾ തുറക്കുന്നു.ഇന്നലെ വൈകിട്ടോടെ രണ്ട് അണക്കെട്ടുകൾ തുറന്നിരുന്നു. കക്കി, ഷോളയാർ ഡാമുകളാണ് തിങ്കളാഴ്ച തുറന്നത്. ഇന്ന്
രാവിലെ അഞ്ചരയോടെ പമ്പ ഡാം തുറന്നപ്പോൾ ആറുമണിക്കാണ് ഇടമലയാർ തുറന്നത്.പമ്പ ഡാമിൻ്റെ രണ്ട് ഷട്ടറുകൾ 30 cm വീതമാണ് ഉയർത്തിയത്.പമ്പാ നദിയിൽ 10 cm ജലനിരപ്പ് വർദ്ധിക്കും.ഇടമലയാർ ഡാമിൻ്റെ രണ്ട് ഷട്ടറുകൾ 80 cm വീതമാണ് ഉയർത്തിയത്.
പെരിയാറിലെ ജലനിരപ്പ് ഒരു മീറ്റർ വരെ ഉയർന്നേക്കാം.
പതിനൊന്ന് മണിയോടെ ഇടുക്കി ഡാമും തുറക്കും. ഇടുക്കിയിൽ അൻപത് സെൻറിമീറ്റർ വീതം രണ്ട് ഷട്ടറുകളാണ് തുറക്കുന്നത്. സെക്കൻറിൽ ഒരു ലക്ഷം ലിറ്റർ വെള്ളമാണ് ഇടുക്കിയിൽ നിന്നും തുറന്ന് വിടുക. വെള്ളം ഒഴുകുന്ന പ്രദേശത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശമുണ്ട്.
അതേസമയം ഇന്നും സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്ലാത്തതാണ് ആശ്വാസം. പക്ഷെ നാളെ( ബുധൻ) മുതൽ മഴ വീണ്ടും ശക്തമാകുമെന്നത് കണക്കിലെടുത്താണ് ഡാമുകൾ തുറക്കുന്നത്.
ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളം തുറന്നു വിടാൻ തീരുമാനിച്ച ഡാമുകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലെ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. അണക്കെട്ടുകളിലെ ജലനിരപ്പ് നിരീക്ഷിക്കുന്നതിന് സർക്കാർ നിയോഗിച്ച കമ്മിറ്റി തീരുമാനപ്രകാരമാണ് മൂന്ന് ഡാമുകളിലെ വെള്ളം തുറന്നു വിടുന്നത്. എല്ലാ മുൻകരുതലുകളും സ്വീകരിച്ചാണ് ഷട്ടറുകൾ തുറക്കുക. ഡാമുകൾ തുറക്കുമ്പോൾ വേണ്ട ജാഗ്രത നിർദേശം എല്ലായിടത്തും നൽകിയിട്ടുണ്ട്.
ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള നടപടി പുരോഗമിക്കുകയാണ്. അധികൃതർ നൽകുന്ന നിർദേശങ്ങൾ അനുസരിക്കാനും അതീവ ജാഗ്രത പാലിക്കാനും എല്ലാവരും തയ്യാറാവണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. സംസ്ഥാനത്ത് ഇപ്പോൾ 240 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. അവയിൽ 2541 കുടുംബങ്ങളിലെ 9081 പേരാണുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.


