സർക്കാറിന് കനത്ത തിരിച്ചടി; നിയമസഭ കൈയ്യാങ്കളി കേസിൽ വിടുതൽ ഹരജി തള്ളി, പ്രതികൾ വിചാരണ നേരിടണം
നിയമസഭ കൈയ്യാങ്കളി കേസിൽ സർക്കാറിന് തിരിച്ചടി. സർക്കാർ സമർപ്പിച്ച വിടുതൽ ഹർജികൾ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളി.
വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി, ഇ.പി ജയരാജൻ, കെ.ടി ജലീൽ എം.എൽ.എ അടക്കമുള്ള ആറുപ്രതികളും നവംബർ 22ന് ഹാജരാകണമെന്ന് കോടതി പറഞ്ഞു. വിചാരണ നടപടികളുടെ ഭാഗമായി നവംബർ 22ന് പ്രതികൾക്ക് കുറ്റപത്രം വായിച്ച് കേൾപ്പിക്കും.
നിയമസഭാ കൈയാങ്കളിക്കേസ് പിൻവലിക്കാനുള്ള സർക്കാർ തീരുമാനം കേരള ഹൈകോടതി തള്ളിയതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയെങ്കിലും അവിടെയും തിരിച്ചടി നേരിട്ടിരുന്നു. 2015 മാർച്ച് 13ന് ബാർ കോഴ വിവാദം കത്തി നിൽക്കെ അന്നത്തെ ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ് അവതരം തടസ്സപ്പെടുത്താനാണ് നിയസമഭയിൽ അന്നത്തെ പ്രതിപക്ഷത്തെ ഇടതു എം.എൽ.എമാർ അഴിഞ്ഞാടിയത്. പ്രതിപക്ഷം സ്പീക്കറുടെ കസേരടയടക്കം മറിച്ചിട്ടു. മന്ത്രി ശിവൻകുട്ടിക്ക് പുറമെ ഇ.പി ജയരാജൻ, കെ.ടി ജലീൽ, കെ അജിത്ത് എന്നിവരടക്കമുളള എം.എൽ.എമാർക്കെതിരെ പൊതു മുതൽ നശിപ്പിച്ചതടക്കമുള്ള വകുപ്പുകൾ ചേർത്താണ് കന്‍റോൺമെന്‍റ് പൊലീസ് കേസ് എടുത്തത്. കേസിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും ഇടത് സർക്കാർ അധികാരത്തിൽ വന്നതോടെ കേസ് പിൻലിക്കാൻ ശ്രമം തുടങ്ങിയിരുന്നു.