ജില്ലയിൽ പ്ലസ് വൺ സീറ്റ് ക്ഷാമം രൂക്ഷം:എംഎസ്എഫ് നിവേദനം നൽകി
കാസറഗോഡ് ജില്ലയിൽ പ്ലസ് വൺ സീറ്റ് ക്ഷാമം രൂക്ഷമായതിനാൽ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് എം എസ് എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി എകെഎം അഷ്റഫ് എംഎൽഎയ്ക്ക് നിവേദനം നൽകി. ജില്ലയിലെ ആകെയുള്ള 12894 മെറിറ്റ് സീറ്റിലേക്ക് 19653 വിദ്യാർത്ഥികളാണ് അപേക്ഷ നൽകിയിരിക്കുന്നത്. മുഖ്യഘട്ടത്തിലെ രണ്ട് അലോട്ട്മെന്റും പൂർത്തിയായപ്പോൾ 12836 വിദ്യാർത്ഥികൾക്കാണ് അലോട്മെന്റ് ലഭിച്ചത്, 6817 കുട്ടികൾ ഇപ്പോഴും സീറ്റ് ലഭിക്കാതെ തുടർപഠനം ആശങ്കയിലാണ്.
എം. എസ്.എഫ് ഈ വിഷയത്തിൽ എസ്.എസ്. എൽ.സി പരീക്ഷ ഫലം വന്നപ്പോൾ തന്നെ സമരത്തിലായിരുന്നു. അധിക ബാച്ചുകൾ അനുവദിക്കണം എന്നതാണ് എംഎസ്എഫ് ന്റെ പ്രധാന ആവശ്യം.
രണ്ടാമത്തെ അലോട്മെന്റ് പ്രസിദ്ധീകരിച്ചപ്പോൾ മുഴുവനും എ പ്ലസ് കിട്ടിയ നിരവധി കുട്ടികൾ സീറ്റ് കിട്ടാതെ പുറത്താണ്, സീറ്റ് കിട്ടിയവരിൽ പലർക്കും ഇഷ്ടപ്പെട്ട കോഴ്സുകളുമല്ല. സീറ്റുകൾ മുഴുവനായ സ്ഥിതിക്ക് സപ്പ്ളിമെന്ററി അലോട്മെന്റ് പോലും അപ്രസക്തമാണ്.
ജില്ല – താലൂക്ക് അടിസ്ഥാനത്തിൽ സീറ്റ് കണക്കാക്കിയത് കൊണ്ട് കാര്യമില്ല, പഞ്ചായത്ത് അടിസ്ഥാനത്തിൽ അപേക്ഷകൾ പരിഗണിച്ചുകൊണ്ട് അധിക ബാച്ചുകൾ അനുവദിക്കണം
എന്നാൽ മാത്രമാണ് വിദ്യാർത്ഥികൾക്ക് ഉപരിപഠനം നടത്താൻ സാധിക്കുക എന്നു എംഎസ്എഫ് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.