ബഹ്‌റൈൻ മുഹമ്മദ്ച്ചയും യാത്രയായി ( ഹനീഫ് കൽമാട്ട, ജനറൽ സെക്രട്ടറി. അയ്യൂർ ജമാ-അത്ത് സ്‌കൂൾ പൂർവ്വ വിദ്യാർത്ഥി സംഘം)

ബഹ്‌റൈൻ മുഹമ്മദ്ച്ചയും യാത്രയായി ( ഹനീഫ് കൽമാട്ട, ജനറൽ സെക്രട്ടറി. അയ്യൂർ ജമാ-അത്ത് സ്‌കൂൾ പൂർവ്വ വിദ്യാർത്ഥി സംഘം)

0 0
Read Time:7 Minute, 32 Second

മംഗൽപാടി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടും, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും അയ്യൂർ ജമാ-അത്ത് സ്‌കൂൾ മാനേജരും ആയിരുന്ന മുസ്ലിം ലീഗ് നേതാവ് പെരിങ്കടിയിലെ ബഹ്‌റൈൻ മുഹമ്മദ് സാഹിബിന്റ മരണപ്പെട്ട വിവരം വെള്ളിയാഴ്ച വൈകുന്നേരം വാട്സാപ്പിലൂടെ അറിഞ്ഞപ്പോൾ വേദനയോടെ ‘ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഹൂൻ’ പറഞ്ഞപ്പോൾ മനസ്സിലൊരു കുറ്റബോധം തോന്നി ! കുറച്ചു മാസങ്ങൾക്കു മുമ്പ് ഫോണിലൂടെ അദ്ദേഹത്തോടു സംസാരിക്കവെ, ഒന്ന് കാണണം എന്ന് എന്നോട് പറഞ്ഞതും, തീർച്ചയായും വരാമെന്ന നിറവേറ്റാനാവാതെ പോയ വാഗ്ദാനവും ആണ് എന്നെ അലട്ടിയത്. തുടർന്ന് ഒന്ന് രണ്ടു പ്രാവശ്യം മകൻ ഷാനവാസുമായി ഫോണിൽ സംസാരിച്ചപ്പോഴും ഉപ്പയുടെ സുഖ വിവരങ്ങൾ അന്വേഷിച്ചപ്പോഴും ഉപ്പാനെ കാണാൻ വരുന്നുണ്ട് എന്ന് പറഞ്ഞിരുന്നു. കോവിഡും ലോക്‌ഡൗണും ഒക്കെ കാരണം പറഞ്ഞാലും, ശ്രമിച്ചില്ല എന്ന യാഥാർഥ്യം ബാക്കി നിൽക്കുന്നുണ്ട്! ഇനിയൊരു സന്ദർശനം ;പെരിങ്കടി ജുമാ മസ്ജിദ് അങ്കണത്തിലെ പൂമണൽ വിരിച്ച ഖബറിടത്തിൽ മാത്രം സാധ്യം !

എഴുപതുകളിൽ ബഹ്‌റൈനിൽ നീണ്ട കാലം ജോലി ചെയ്തിരുന്ന സുമുഖനും സംസാര പ്രിയനുമായ ആ ഗൾഫുകാരനെ ഞങ്ങൾ ഏറെ വിസ്മയത്തോടെയായിരുന്നു നോക്കിക്കണ്ടിരുന്നത്. അയ്യൂർ ജമാ- അത്ത് യുപി സ്കൂളിലും തുടർന്ന് മംഗൽപ്പാടി ഹൈ സ്‌കൂളിലും പഠിച്ചിരുന്ന സമയം, സ്‌കൂളിനടുത്ത് തന്നെ താമസിക്കുന്ന ‘ബഹ്റൈൻചാനെ എന്നും കാണാറുണ്ടായിരുന്നു. അദ്ദേഹത്തിൻറെ വേഷ വിധാനങ്ങളും നീട്ടി വളർത്തിയ മുടിയും വളരെ ഫാഷനബിൾ ആയ ഒത്ത ഉയരവുമുള്ള വ്യക്തിത്വത്തെ കണ്ട് കൊതിയും മതിപ്പും തോന്നിയിരുന്നു. ഒരു പക്ഷെ പോളറോയിഡ് ക്യാമറ ആദ്യം കണ്ടിരുന്നത് അദ്ദേഹത്തിന്റെ കയ്യിലായിരുന്നു. തൽക്ഷണം ക്യാമറയിൽ നിന്ന് തന്നെ ഫോട്ടോ പ്രിൻറ് ചെയ്തു ലഭിക്കുന്ന, ഓരോ ഷോട്ടിലും ഓരോ ഫ്‌ളാഷ് ഉപയോഗിച്ചിരുന്ന അന്നത്തെ അത്ഭുതം!

ഞാൻ പഠനവും കഴിഞ്ഞു ഗൾഫിലെത്തി, ഏതോ ഒരു വെക്കേഷൻ കാലത്താണ് ബഹറൈനിൽ നിന്നും തിരിച്ചു വന്നു നാട്ടിൽ സ്ഥിര താമസമാക്കിയ മുഹമ്മദ് സാഹിബിനെ കണ്ടത്. കുട്ടിക്കാലത്ത് ഞാനറിയുന്ന ഞങ്ങളെ അറിയാൻ സാധ്യത ഇല്ലാത്ത വിനീതനെ ചില പരിപാടികളിൽ വെച്ച് പരിചയപ്പെടുകയും സംസാരിക്കുകയും ചെയ്തിരുന്നു. ബഹ്റൈനിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്ന അദ്ദേഹത്തിനു നാടണഞ്ഞപ്പോൾ നാട്ടിലെ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ അനായാസം സാന്നിധ്യമറിയിക്കാനായി. തുടർന്ന് ഹരിത രാഷ്ട്രീയത്തിൽ പ്രവർത്തിച്ചു പഞ്ചായത്ത്, മണ്ഡലം തലങ്ങളിൽ വിവിധ ഭാരവാഹിത്വമലങ്കരിക്കുകയും ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ തുടങ്ങിയ ഔദ്യോഗിക പദവികളിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.

ആയിരത്തിലധികം മെമ്പർഷിപ്പുള്ള അയ്യൂർ പെരിങ്കടി എന്ന വലിയ മഹല്ലിലെ പരിപാലന കമ്മിറ്റികളിൽ വിവിധ സ്ഥാനങ്ങൾ അദ്ദേഹത്തെ തേടിയെത്തി, നിലവിൽ അയ്യൂർ ജമാ-അത്ത് സ്ക്കൂൾ മേനേജർ ആയിരുന്നു.ഇതിനിടെ അദ്ദേഹത്തിൻറെ ആരോഗ്യ നില വഷളാവുകയും ചികിത്സ തുടരുകയും ചെയ്തിരുന്നു. ആയിടക്ക് അയ്യൂർ സ്‌കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന പുനഃ:സംഘടിപ്പിച്ചപ്പോൾ മള്ളങ്കൈ ഹസൈനാർ ഹാജി പ്രസിഡന്റായ കമ്മിറ്റിയിൽ വിനീതനെ വളരെ അപ്രതീക്ഷിതമായി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കുകയായിരുന്നു. കമ്മിറ്റിയുടെ ഒട്ടെല്ലാ യോഗങ്ങളിലും ആരോഗ്യ സ്ഥിതി വക വെക്കാതെ അദ്ദേഹം വരുമായിരുന്നു അടുത്തിടപഴകാൻ ലഭിച്ച അവസരങ്ങൾ അദ്ദേഹത്തെ കൂടുതൽ അറിയാനും മനസ്സിലാക്കാനും സാധിച്ചു. പലപ്പോഴും ചിലരെങ്കിലും
തെറ്റിദ്ധരിച്ച ആ വലിയ മനുഷ്യൻ തികഞ്ഞ ആത്മാർത്തതയും നിശ്ചയ ദാർഢ്യവുള്ള ലീഡർ ആയിരുന്നു .സ്‌കൂൾ ഫണ്ടിലേക്ക് ധനശേഖരണാർത്ഥം അധ്യാപകരും കമ്മിറ്റി ഭാരവാഹികളും ഇറങ്ങിയപ്പോൾ നടക്കാൻ പോലും ഏറെ വിഷമിച്ചിരുന്ന ആ സമയത്തും ഞങ്ങളോടൊപ്പം വീടുകൾ കയറി ഇറങ്ങാൻ കൂടെ വന്ന അദ്ദേഹത്തിന്റെ അർപ്പണ ബോധം മാതൃകാപരമാണ്. കഴിഞ്ഞ സ്‌കൂൾ വാർഷികത്തിലും അദ്ദേഹം വേദിയിലെത്തി രണ്ടുവാക്ക് സംസാരിച്ചിരുന്നു, തെറ്റ് കണ്ടാൽ അപ്പഴേ തിരുത്താൻ ശാസിക്കുന്ന ആ ശൈലി
വേറെ തന്നെ. സജീവ മാകണമെന്നും സ്‌കൂൾ വികസന പ്രക്രിയയിൽ ഭാഗഭാക്കാകണമെന്നും എന്നോട് ഉപദേശിച്ചിരുന്നു. ഹോസ്പിറ്റലിൽ കുറച്ചു ദിവസം ചികിത്സയിലായിരുന്നു എന്നും മൂന്നു ദിവസം മുമ്പ് വീട്ടിൽ തിരിച്ചെത്തിയെന്നും അറിഞ്ഞു. ഏതൊരു വിശ്വാസിയും ആഗ്രഹിക്കുന്നത് പോലെ, പുണ്യങ്ങൾ നിറഞ്ഞ വെള്ളിയാഴ്ചയാണ് താങ്കൾ ഈ ലോകത്തോട് വിട പറഞ്ഞതും പുതിയ വാസ സ്ഥലത്തേക്ക് യാത്രയായതും!
താങ്കൾ ചെയ്ത സൽപ്രവർത്തനങ്ങൾ അല്ലാഹുവിന്റെ മാർഗത്തിൽ സ്വീകാര്യമായിരിക്കട്ടെ ! വല്ല തെറ്റ് കുറ്റങ്ങളും വന്നിട്ടുണ്ടെങ്കിൽ കാരുണ്യവാനായ റബ്ബ് പൊറുത്തു തരട്ടെ ! നാം ഏവരെയും ജന്നാതു നഹീമിൽ നാഥൻ ഒരുമിച്ചു കൂടട്ടെ!ആമീൻ

ഹനീഫ് എം. കൽമാട്ട.
ജനറൽ സെക്രട്ടറി,
അയ്യൂർ ജമാ-അത്ത് സ്‌കൂൾ പൂർവ്വ വിദ്യാർത്ഥി സംഘം
9747975357
hanifkalmata@gmail.com

Happy
Happy
0 %
Sad
Sad
100 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!