ടാന്‍സാനിയന്‍ പ്രസിഡന്റ് ജോണ്‍ പോംബെ മഗുഫുലി (61) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് മരണം എന്നാണ് ഔദ്യോഗിക വിശദീകരണം. നാളുകളായി അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. കോവിഡ് ബാധിതനായി ചികിത്സയിലാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യം സര്‍ക്കാര്‍ നിഷേധിച്ചിരുന്നു. എന്നാല്‍, ഫെബ്രുവരി 27നുശേഷം മഗുഫുലി പൊതുഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. അദ്ദേഹം എവിടെയാണെന്ന വിവരം സര്‍ക്കാരും പുറത്തുവിട്ടിരുന്നില്ല.
കോവിഡിനെക്കുറിച്ച് സംശയം പ്രകടിപ്പിച്ചിരുന്ന ആളായിരുന്നു മഗുഫുലി. കോവിഡിനെ മഹാമാരിയായി കണക്കാക്കിയിരുന്നില്ല. മാസ്‌ക് ധരിക്കുന്നതിനെതിരെ പരസ്യ നിലപാടും സ്വീകരിച്ചിരുന്നു.
എന്നാല്‍ പൊടുന്നനെ അദ്ദേഹം പൊതുചടങ്ങുകളില്‍ നിന്നെല്ലാം അപ്രത്യക്ഷനായി. ഇതോടെ, മഗുഫുലിക്ക് കോവിഡ് ബാധിച്ചെന്ന വാര്‍ത്തകള്‍ പരന്നു. രഹസ്യകേന്ദ്രത്തില്‍ ചികിത്സയിലാണെന്നും വാര്‍ത്തകള്‍ വന്നു. ചികിത്സാര്‍ത്ഥം ഇന്ത്യയിലാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. മഗുഫുലി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ നിസാരവത്കരിച്ചിരുന്നതിനാലാണ് അദ്ദേഹം കോവിഡ് ബാധിതനാണെന്ന വിവരം സര്‍ക്കാര്‍ പുറത്തുപറയാത്തതെന്നും പ്രചാരണമുണ്ടായി. എന്നാല്‍ ഇതെല്ലാം സര്‍ക്കാര്‍ നിഷേധിച്ചിരുന്നു.
രണ്ടാഴ്ചക്കൊടുവില്‍ സര്‍ക്കാര്‍ പുറത്തുവിട്ട മഗുഫുലിയുടെ മരണ വിവരം ആഗോളതലത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. കോവിഡ് ബാധിതനായി മരിച്ചെന്ന തരത്തിലാണ് വാര്‍ത്തകള്‍. എന്നാല്‍ ഹൃദയ സംബന്ധമായ അസുഖമാണ് മഗുഫുലിയുടെ മരണ കാരണമെന്നാണ് വൈസ് പ്രസിഡന്റ് സാമിയ സുലുഹു ഹസന്‍ അറിയിച്ചിരിക്കുന്നത്. അദ്ദേഹത്തിന് കോവിഡ് ബാധിച്ചിരുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. പത്ത് വര്‍ഷമായി ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് അദ്ദേഹം ചികിത്സയിലായിരുന്നു. വിദേശത്ത് താമസിക്കുന്ന മഗുഫുലി വിരോധികളായ ചില ടാന്‍സാനിയന്‍ പൗരന്മാരാണ് അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും സാമിയ സുലുഹു പ്രതികരിച്ചു.
അധികാരത്തിലിരിക്കെ മരിക്കുന്ന ആദ്യ ടാന്‍സാനിയന്‍ പ്രസിഡന്റ് കൂടിയാണ് മഗുഫുലി. മഗുഫുലിയുടെ മരണത്തോടെ വൈസ് പ്രസിഡന്റ് സാമിയ സുലുഹു പ്രസിഡന്റ് ആകും. ടാന്‍സാനിയിലെ മാത്രമല്ല, കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെ ആദ്യ വനിത പ്രസിഡന്റ് എന്ന ഖ്യാതിയും സാമിയ സുലുഹു ഹസന് സ്വന്തമാകും.