കാസര്‍കോട്:
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്രക്ക് ഇന്ന് കാസര്‍കോട് കുമ്പളയിൽ തുടക്കം. ‘സംശുദ്ധം സദ്ഭരണം’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് യാത്ര. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്ര മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വൈകുന്നേരം മൂന്ന് മണിക്ക് ഉദ്ഘാടനം ചെയ്യും.
മതേതരത്വം ഉയര്‍ത്തിപിടിച്ചാണ് യു.ഡി.എഫിന്‍റെ ജാഥയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐശ്വര്യ കേരളയാത്രക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി പിണറായി വിജയനും എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘനും വര്‍ഗീയ ദ്രുവീകരണത്തിന് ശ്രമിക്കുന്നു, മുസ്ലിം -ക്രിസ്ത്യന്‍ വിഭാഗങ്ങളെ തമ്മിലടിപ്പിക്കാനാണ് ശ്രമമാണെന്നും ചെന്നിത്തല ആരോപിച്ചു.
യു.ഡി.എഫില്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ പകുതി പിന്നിട്ടു. സീറ്റ് വിഭജന ചര്‍ച്ചകളും നല്ല രീതിയില്‍ പുരോഗമിക്കുന്നു.
ഐശ്വര്യ കേരളയാത്രക്കിടയിലും ചര്‍ച്ചകള്‍ തുടരും. ഉമ്മന്‍ചാണ്ടി പുതുപ്പള്ളി നിയോജക മണ്ഡലം വിടുന്നതിനെ കുറിച്ച് അറിയില്ലെന്നും ചെന്നിത്തില ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.
ഇടതു സര്‍ക്കാറിന്റെ ദുര്‍ഭരണത്തിലൂടെ നഷ്ടപ്പെട്ട കേരളത്തിന്റെ ഐശ്വര്യം വീണ്ടെടുക്കാന്‍ ജനാധിപത്യ മതേതര പുരോഗമന ശക്തികളെ ഒരുമിപ്പിക്കുകയാണ് യാത്രയുടെ പ്രധാന ലക്ഷ്യം. അതോടൊപ്പം യു.ഡി.എഫിന്‍റെ ബദല്‍ വികസന, കരുതല്‍ മാതൃകകള്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കും. പൊതുജന പങ്കാളിത്തത്തോടെ പ്രകടനപത്രിക രൂപപ്പെടുത്താനുള്ള അഭിപ്രായ സ്വരൂപണവും ലക്ഷ്യമാണ്.
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് അധ്യക്ഷത വഹിക്കും. എ.ഐ.സി.സി സെക്രട്ടറി താരീഖ് അന്‍വര്‍ മുഖ്യാതിഥിയാകും. യാത്ര ഫെബ്രുവരി 22ന് തിരുവനന്തപുരത്തെത്തും. 23ന് സമാപന റാലി രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും.


