മുംബൈ: കേന്ദ്ര സര്‍ക്കാറിനും രാജ്യത്തെ അസഹിഷ്ണുതക്കും എതിരെ പ്രതികരിക്കുന്നവര്‍ക്കുനേരെ അര്‍ണബ് ഗോസ്വാമി പ്രയോഗിച്ചിരുന്ന ‘ഡയലോഗ്’ തിരിച്ചടിച്ച് സോഷ്യല്‍ മീഡിയ. ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമില്ലെങ്കില്‍ അര്‍ണബിന് പാകിസ്താനില്‍ പോകാമെന്ന് സമൂഹമാധ്യമങ്ങളില്‍ നിരവധിപേര്‍ കുറിച്ചു.
ആത്മഹത്യാ പ്രേരണകേസില്‍ അറസ്റ്റിലായ എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ കോടതി നിരസിച്ചിരുന്നു. ഇതില്‍ പ്രതിഷേധവുമായി സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമില്ലാത്തവരോട് പാകിസ്താനില്‍ പോകാന്‍ ട്വിറ്ററില്‍ നിരവധിപേര്‍ കുറിച്ചത്.
#അര്‍ണബ് ഗോ ടു പാകിസ്താന് ട്വിറ്റര്‍ ട്രെന്‍ഡിങ് ലിസ്റ്റിലും ഉള്‍പ്പെട്ടിട്ടുണ്ട്.
ബോംബെ ഹൈകോടതിയാണ് അര്‍ണബിന് ഇടക്കാല ജാമ്യം നിഷേധിച്ചത്. ജസ്റ്റിസുമാരായ എസ്.എസ്. ഷിന്‍ഡേയും എം.എസ്. കാര്‍ണിക്കുമടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി. കേസ് റദ്ദാക്കണമെന്നും ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു അര്‍ണബ് ഹൈക്കോടതിയെ സമീപിച്ചത്.
ഇന്ത്യയിലെ വര്‍ധിച്ചുവരുന്ന അസഹിഷ്ണുതക്കെതിരെ അഭിപ്രായം രേഖപ്പെടുത്തിയ ആമിര്‍ ഖാന്, എ.ആര് റഹ്മാന് ഉള്‍പ്പെടെയുള്ളവരോട് ബി.ജെ.പി നേതാക്കളടക്കമുള്ളവര്‍ പാകിസ്താനിലേക്ക് പോകാന്‍ പറഞ്ഞിരുന്നു. തെന്റ ജീവിതം അപകടത്തിലാണെന്ന് പറഞ്ഞ അര്‍ണബിനെ പലരും ഈ പ്രസ്താവനകള്‍ ഓര്‍മിപ്പിച്ചു.
ചര്‍ച്ചയില്‍ വരുന്നവരില്‍ തനിക്ക് ഇഷ്ടമില്ലാത്ത വാദങ്ങള്‍ പറയുന്നവരോട് പാകിസ്താനില്‍ പോകാന്‍ അര്‍ണബ് പലകുറി പറഞ്ഞിരുന്നു. ജെ.എന്‍.യു വിദ്യാര്‍ഥികളെയും രാഹുല്‍ ഗാന്ധിയെയും എന്നിവരെ അര്‍ണബ് പാകിസ്താന് വക്താക്കളാക്കിയിരുന്നു. ഉത്തരേന്ത്യയിലെ വെട്ടുകിളി ആക്രമണവും പാകിസ്താന് അജണ്ടയാണെന്ന് അര്‍ണബ് അഭിപ്രായപ്പെട്ടിരുന്നു.